Connect with us

Kozhikode

ബസ് ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം കര്‍ശനമാക്കുന്നു

Published

|

Last Updated

കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാരുടെ പെരുമാറ്റം മാതൃകാപരമാക്കുന്നതിന് ജില്ലാ കലക്ടര്‍ സി എ ലത നിബന്ധനകള്‍ നിര്‍ദേശിച്ചു. എല്ലാ ബസ് ജീവനക്കാരും ജോലി സമയത്ത് യൂനിഫോം ധരിക്കണം, ജീവനക്കാരന്റെ പേര് രേഖപ്പെടുത്തിയ ബാഡ്ജ് യൂനിഫോമിന്റെ ഭാഗമാക്കണം, യാത്രക്കാരോടുള്ള പെരുമാറ്റം മര്യാദയോടെയാകണം, മദ്യപിച്ച് വാഹനമോടിക്കല്‍, മത്സരയോട്ടം തുടങ്ങിയവ പാടില്ല. ഇതില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കര്‍ശന നടപടി സ്വീകരിക്കും.
സ്വകാര്യ ബസ് ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചുയര്‍ന്ന പരാതികള്‍ ചര്‍ച്ച ചെയ്യുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. റോഡുകളുടെ ശോച്യാവസ്ഥ, ഗതാഗതക്കുരുക്ക് തുടങ്ങി ബസ് ഉടമകള്‍ ഉന്നയിക്കുന്ന പൊതുപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും നടപടിയുണ്ടാകും.
ക്ലീനര്‍മാരുടെ പെരുമാറ്റം സംബന്ധിച്ച പരാതികള്‍ വ്യാപകമായി ലഭിച്ചിട്ടുണ്ട്. ഇത് നിയന്ത്രിക്കുന്നതിന് ബസുടമകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ക്ലീനറുടെ പെരുമാറ്റദൂഷ്യത്തിന് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കൂട്ടുത്തരവാദിത്വമുണ്ടാകും. മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിടിയിലാകുന്നവരുടെ വിവരം പോലീസ് മോട്ടോര്‍ വാഹനവകുപ്പിനും കലക്ടര്‍ക്കും കൈമാറും. കുറ്റത്തിന്റെ ഗൗരവം പരിശോധിച്ച് ആവശ്യമെങ്കില്‍ ആര്‍ ടി എ യോഗം വിളിച്ചുചേര്‍ത്ത് ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കും. എയര്‍ഹോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും നടപടിയുണ്ടാകും.
ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ച പരാതികള്‍ ഒറ്റപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും പെരുമാറ്റരീതി മാതൃകാപരമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ബസ് ഉടമകള്‍ അറിയിച്ചു. ഈ വര്‍ഷം ജൂലൈ വരെ മദ്യപിച്ച് ബസ് ഓടിച്ചതിന് 11 കേസുകളും അമിത വേഗത്തിന് 90 കേസുകളും ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തു. ബസുകളുടെ മത്സരയോട്ടത്തിന് കാരണമാകുന്ന കലക്ഷന്‍ ബത്ത സംവിധാനത്തിന് പകരം ഫെയര്‍വേജ് നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ബസ് ഉടമകള്‍ അറിയിച്ചു. ഇതിന്റെയടിസ്ഥാനത്തില്‍ യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ കെ ഐ ബോണി വര്‍ഗീസ് അറിയിച്ചു.
ജില്ലാ പോലീസ് സൂപ്രണ്ട് പി എച്ച് അശ്‌റഫ്, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത്, ഡി സി പി വേണുഗോപാല്‍, കോഴിക്കോട് ആര്‍ ടി ഒ. കെ പ്രേമാനന്ദന്‍, വടകര ആര്‍ ടി ഒ. എസ് എന്‍ നാരായണന്‍ പോറ്റി, ട്രാഫിക് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ രാജു, ബസുടമകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.