നിര്‍ധന പെണ്‍കുട്ടികളെ ചതിക്കുന്ന സേലം കല്യാണം ജില്ലയില്‍ സജീവം

Posted on: August 4, 2014 12:44 pm | Last updated: August 4, 2014 at 12:44 pm

വടക്കഞ്ചേരി:നിര്‍ധന പെണ്‍കുട്ടികളെ ചതിക്കുഴിയില്‍പെടുത്തുന്ന സേലം തിരുമണങ്ങള്‍ ഒരിടവേള ക്കുശേഷമാണ് ഇത്തരം വിവാഹങ്ങള്‍ വീണ്ടും വ്യാപകമായി. വിവാഹശേഷം ആഭരണങ്ങളും മറ്റും കവര്‍ന്ന് മുങ്ങുന്ന സംഭവങ്ങളും തട്ടിപ്പുകളും ഈ വിവാഹങ്ങളില്‍ പതിവാണ്.

ഇല്ലാത്ത ബന്ധുക്കളും താമസസ്ഥലവുമെല്ലാം ഒരുക്കിയാണ് ഇവര്‍ ഇരകളെ വലവീശി പിടിക്കുന്നത്.
ഭര്‍ത്താവുമൊന്നിച്ച് പോയശേഷം കാണാതാവുന്ന പെണ്‍കുട്ടികളുടെ എണ്ണവും കൂടി വരുകയാണ്. —
നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ ഇത്തരം കല്യാണങ്ങളില്‍ കുടുങ്ങുന്നത് തടയാന്‍ യാതൊരു നടപടിയും ഇല്ലെന്നുള്ളതാണ് മുഖ്യപ്രശ്‌നം.
മക്കളുണ്ടാകാത്ത ദമ്പതികള്‍ ഭാര്യയുടെ സമ്മതത്തോടെ ഭര്‍ത്താവ് നടത്തുന്ന വിവാഹങ്ങളും ഈ പട്ടികയിലുണ്ട്. വിഭാര്യന്മാരും പടുകിഴവന്‍മാരും വന്നു നടത്തുന്ന കല്യാണങ്ങളും സജീവമാണ്. ഇത്തരക്കാര്‍ക്കെല്ലാം വധൂഗൃഹമൊരുങ്ങുന്നത് ജില്ലയില്‍ നിന്നാണ്.—
കുട്ടികളുണ്ടായ രണ്ടാം ഭാര്യയെ ഒഴിവാക്കുന്നതും പതിവാണ്.
ജില്ലയുടെ കിഴക്കന്‍മേഖലയിലാണ് ഇത്തരം കല്യാണം വ്യാപകമായിരുന്നതെങ്കില്‍ ഇത് പടിഞ്ഞാറന്‍ മേഖലകളിലേക്കും ഇപ്പോള്‍ വ്യാപിച്ചിരിക്കുകയാണ്. വരന്റെ വീട്ടുകാരാണ് ഇത്തരം കല്യാണങ്ങളില്‍ മുന്‍കൈയെടുക്കുക.
നിര്‍ധന കുടുംബങ്ങളില്‍ വിവാഹം അന്വേഷിച്ച് ഒരു സംഘം തമിഴ്‌നാട്ടുകാര്‍ എത്തുന്നതോടെ തട്ടിപ്പിന് തുടക്കമാകും. ചെലവെല്ലാം വരന്റെ വീട്ടുകാര്‍ വഹിക്കും. വരന്റെ വീട്ടുകാരുടെ ഗാരണ്ടി ഇടനിലക്കാരനാകും. വിവാഹം കഴിയുന്നതോടെ ഇവരുടെ ജോലി തീര്‍ന്നു.
വിവാഹം കഴിച്ച് അയയ്ക്കപ്പെട്ട യുവതികളില്‍ അധികവും മരിക്കുകയോ കാണാതാകുകയോ ഉപേക്ഷിക്കപ്പെടുകയോ ആണ് പതിവ്.