ജില്ലയിലെ ജലാശയങ്ങളിലും അണക്കെട്ടുകളിലും വെള്ളം നിറഞ്ഞു

Posted on: August 4, 2014 12:35 pm | Last updated: August 4, 2014 at 12:35 pm

rainകല്‍പ്പറ്റ: കാലവര്‍ഷം കനത്തതോടെ ജില്ലയിലെ ജലാശയങ്ങളിലും അണക്കെട്ടുകളിലും വെള്ളം നിറഞ്ഞു. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ബാണാസുരസാഗര്‍, കാരാപ്പുഴ അണക്കെട്ടുകളിലും സൂചിപ്പാറ, മീന്‍മുട്ടി തുടങ്ങിയ വെള്ളച്ചാട്ടങ്ങളിലും ജലസമൃദ്ധിയുടെ സൗന്ദര്യകാഴ്ചകളാണ്.
കനത്ത മഴയില്‍ തന്നെ സൂചിപ്പാറ വെള്ളച്ചാട്ടം വീണ്ടും തുറന്നത് സന്ദര്‍ശകര്‍ക്ക് ആഹ്ലാദം പകര്‍ന്നു. ബാണാസുരസാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയോടടുത്ത് എത്തി. മഴ തുടര്‍ന്നാല്‍ ശനിയാഴ്ച ഷട്ടര്‍തുറന്നുവിടും.ബാണാസുരസാഗര്‍ അണക്കെട്ടില്‍ വെള്ളിയാഴ്ച വൈകീട്ടോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്.
സംഭരണശേഷി 775.60ആണ് . 774.70മീറ്റര്‍ ജലം വൈകീട്ട് രേഖപ്പെടുത്തി. സംഭരണശേഷിയായ എഫ്ആര്‍എല്ലിലെത്താന്‍ ഒരു ദിവസത്തെ ജലമൊഴുക്ക് മതിയെന്നാണ് കെഎസ്ഇബി അധികൃതര്‍ കണക്കുകൂട്ടുന്നത്. കഴിഞ്ഞ ദിവസം വൈകീട്ടോടെ ഷട്ടര്‍ തുറന്നു.
20 ദിവസത്തിന് ശേഷമാണ് സൂചിപ്പാറ വെള്ളച്ചാട്ടം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നത്. മഴയും മണ്ണിടിച്ചിലും ശക്തമായതിനെതുടര്‍ന്നാണ് താല്‍ക്കാലികമായി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചത്. വെള്ളിയാഴ്ച തുറന്ന ദിവസം തന്നെ ഇരുന്നൂറോളം പേര്‍ ഇവിടെയെത്തി.
കനത്ത മഴയില്‍ വെള്ളച്ചാട്ടത്തിലേക്കുള്ള ജലമൊഴുക്ക് വര്‍ധിച്ചതോടെ നയന മനോഹരമായ കാഴ്ചയാണ് സന്ദര്‍ശകര്‍ക്ക് സൂചിപ്പാറ നല്‍കുന്നത്. അതുകൊണ്ടുതന്നെ അടുത്ത ദിവസങ്ങളിലും സന്ദര്‍ശകരുടെ എണ്ണം കൂടാനാണ് സാധ്യത. വേനല്‍സീസണില്‍ വെള്ളത്തിന്റെ അളവ് നേരിയ തോതിലായിരിക്കും. ആര്‍ത്തിരമ്പിയെത്തി താഴേക്ക് പതിക്കുന്ന കാഴ്ചകള്‍ ഏറെ ഹരംകൊള്ളിക്കുന്നതാണ്. ഒഴുക്ക് ശക്തമായതോടെ അപകട സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആവശ്യമായ സുരക്ഷാക്രമീകരണങ്ങളും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്.ബാണാസുരസാഗര്‍ അണക്കെട്ടില്‍ കനത്ത മഴയിലും സന്ദര്‍ശകര്‍ എത്തുന്നുണ്ട്.
ശരാശരി ആയിരത്തോളം പേര്‍ എത്തുന്നതായാണ് കെഎസ്ഇബിയുടെ കണക്ക്. നിലവില്‍ അഞ്ച് ബോട്ടുകളാണ് കെഎസ്ഇബിക്ക് ഇവിടെയുള്ളത്. ഇതിന് പുറമെ അഞ്ച് ബോട്ടുകള്‍ കൂടി ഉടന്‍ അണക്കെട്ടിലെത്തും. ടൂറിസം വികസനത്തിന്റെ ഭാഗമായി ഡിടിപിസിയാണ് ബോട്ടുകള്‍ നല്‍കുന്നത്. 45 ലക്ഷം രൂപയാണ് ബോട്ട് വാങ്ങുന്നതിനായി കലക്ടര്‍ അനുമതി നല്‍കിയത്. എറണാകുളം ആസ്ഥാനമായ സ്വകാര്യ കമ്പനിക്കാണ് ബോട്ട് കൈമാറാനുള്ള ടെണ്ടര്‍ ലഭിച്ചത്.
സെപ്തംബര്‍ 30ഓടെ ബോട്ടുകള്‍ അണക്കെട്ടിലെത്തുമെന്നാണ് കരുതുന്നത്. അതോടെ ബാണാസുരസാഗറിലെത്തുന്ന സഞ്ചാരികള്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ ബോട്ട് യാത്ര നടത്താം.