വെള്ളത്തില്‍ മുങ്ങി ഗ്രാമങ്ങള്‍: ആധിയോടെ ഗ്രാമ വാസികള്‍

Posted on: August 4, 2014 12:33 pm | Last updated: August 4, 2014 at 12:33 pm

rainകോട്ടക്കല്‍: മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തില്‍ മുങ്ങിയത് ചിലര്‍ക്ക് ആധിയായപ്പോള്‍ മറ്റുചിലര്‍ക്ക് ആഹ്ലാദം. ഞായറാഴ്ച്ചയിലെ ഒഴിവ് ദിനമാണ് ചിലര്‍ ആഘോഷമാക്കി മാറ്റിയത്.
കിടപ്പാടവും കൃഷിയിടവും വെളളത്തില്‍ മുങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ പലരും ബന്ധുവീടുകളിലേക്കും മറ്റും താമസം മാറിയപ്പോള്‍ ദൂര ദിക്കുകളില്‍ നിന്ന്‌വരെ വെള്ളംകയറി ഭാഗങ്ങളിലേക്ക് പലരും എത്തുകയായിരുന്നു. വെള്ളത്തില്‍ നീന്തി തിമിര്‍ക്കാനാണ് പലരും ഉത്സാഹം കാണിച്ചത്. വലയുമായി മീന്‍പിടിക്കാനെത്തിയവരും വിരളമായിരുന്നില്ല. ടയര്‍, വാഴതടികൊണ്ട് കെട്ടി ഉണ്ടാക്കിയ ചങ്ങാടങ്ങള്‍ തുടങ്ങി പല ഉപകരണങ്ങളുമായാണ് പലരും എത്തിയിരുന്നത്. കുളങ്ങളും, വയലുകളും പലയിടത്തും നിറഞ്ഞൊഴുകുന്നതാണ് ഇവര്‍ ആഘോഷമാക്കിയത്. കാഴ്ച്ച കാണാനെത്തിയവരും ധാരളമായിരുന്നു. ജില്ലയിലെ താഴ്ന്ന ഭാഗങ്ങളിലെ വെള്ളം നിറഞ്ഞ് നില്‍ക്കുന്ന പലയിടത്തും ഇത്തരം കാഴ്ച്ചകളായിരുന്നു. കുടുംബസമേതം എത്തിയവരും അല്ലാത്തവരും കൂട്ടത്തിലുണ്ട്.
അതെ സമയം ഇത്തരം ഭാഗങ്ങളിലെ താമസക്കാര്‍ക്ക് ആധിയുടെതായിരുന്നു ദിനങ്ങള്‍. പുരക്കകത്ത് വരെ വെളളം എത്തിയിട്ടുണ്ട് പലയിടത്തും. വളര്‍ത്തു മൃഗങ്ങളെയും മറ്റും എന്തുചെയ്യണമെന്നറിയാതെ പലരും പകച്ചു നിന്നു. കൃഷിയാവട്ടെ ഏറെ നശിച്ചു. കപ്പ, വാഴ തുടങ്ങിയവയാണ് പലയിടത്തും നശിച്ചത്. പുഴയോരങ്ങളില്‍ കരയിടിച്ചിലുകളുണ്ടായത് ഏറെ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. മീറ്ററുകളോളം സ്ഥലങ്ങളാണ് പലര്‍ക്കും നഷ്ടമായത്.
മുന്‍കാലങ്ങളിലും ഇത്തരം കരയിടിച്ചിലുകള്‍ ഉണ്ടായിട്ടും കരുതല്‍ നടപടികള്‍ അധികൃതര്‍ സ്വീകരിക്കാതിരുന്നതാണ് പലര്‍ക്കും നഷ്ടത്തിനിടയാക്കിയത്. കൂട്ടു കൃഷികളാണ് പലയിടത്തും നശിച്ചിട്ടുള്ളത്. കഴിഞ്ഞ പ്രാവശ്യവും ഇത്തരത്തില്‍ കൃഷിനാശം നേരിട്ടിരുന്നു. എന്നാല്‍ മതിയായ നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇത്തരം വേദനകള്‍ക്കൊപ്പമാണ് കരഭാഗത്തെ താമസക്കാരുടെ മനസ്സ്. ഇതിനിടയിലാണ് ചിലര്‍ക്ക് ആഹ്ലാദമായി വെള്ളം നിറയുന്ന മഴ കാഴ്ച്ച. ഇത്തരക്കാര്‍ നീന്തി തിമര്‍ത്ത് ആഘോഷിക്കുമ്പോഴും താഴ്ന്ന പ്രദേശത്തുകാരുടെ മനസ്സില്‍ തീപടരുകയാണ്.