ഹയര്‍ സെക്കന്‍ഡറി: സമയക്രമം അനിശ്ചിതത്വത്തില്‍ തുടരുന്നു

Posted on: August 4, 2014 12:31 pm | Last updated: August 4, 2014 at 12:31 pm

dirhsc_top2കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ പ്രവൃത്തിദിനം ചുരുക്കി സമയക്രമത്തില്‍ മാറ്റം വരുത്തുക എന്ന വിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനം അനിശ്ചിതത്വത്തില്‍ തുടരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബാണ് ഹയര്‍ സെക്കന്‍ഡറി ക്ലാസുകളുടെ പ്രവൃത്തിദിനം ചുരുക്കി സമയത്തില്‍ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചത്. പ്ലസ്ടു ക്ലാസ് ആരംഭിച്ച് രണ്ടാഴ്ചയോളമായിട്ടും തീരുമാനത്തിലെ അനിശ്ചിതത്വം തീര്‍ന്നില്ല. പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.
ഹയര്‍ സെക്കന്‍ഡറി മേഖലയിലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ക്കായി നിശ്ചയിച്ച പ്രൊഫ. ലബ്ബ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. ക്ലാസുകള്‍ക്ക് ശനിയാഴ്ച അവധി നിശ്ചയിച്ച് രാവിലെയും വൈകീട്ടും അര മണിക്കൂര്‍ അധികസമയം കൂടി ക്ലാസെടുത്ത് ഈ കുറവ് നികത്തുക എന്നതായിരുന്നു തീരുമാനം. എന്നാല്‍ ചില സംഘടനകളുടെ സമ്മര്‍ദം കാരണം വിദ്യാഭ്യാസ മന്ത്രി ഇക്കാര്യത്തില്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടില്ല.
മദ്‌റസകളുടെ പ്രവൃത്തി സമയം താളം തെറ്റും എന്നതാണ് ചില സംഘടനകളുടെ എതിര്‍പ്പിന് കാരണം. എന്നാല്‍ പ്ലസ് വണ്‍ ക്ലാസ് ആരംഭിക്കുന്നതോടെ അനിശ്ചിതത്വത്തിനു വിരമമാകുമെന്നാണ് സൂചന.
കരിക്കുലം കമ്മിറ്റി ശിപാര്‍ശ ചെയ്തത് പ്രകാരം ഹയര്‍ സെക്കന്‍ഡറി കോഴ്‌സിന് നാല് സബ്ജക്ടും രണ്ട് ഭാഷയും അടക്കം ആറ് വിഷയങ്ങളാണുള്ളത്. സബ്ജക്ട് വിഷയങ്ങള്‍ക്ക് ആഴ്ചയില്‍ 32 പിരീഡും ഭാഷാ വിഷയത്തിന് ആറും ഇംഗ്ലീഷിന് ഏഴ് പിരീഡുമടക്കം 45 പിരീഡാണ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചഭക്ഷണത്തിന്റെ ഇടവേള 40 മിനിറ്റായി കുറച്ച് 12.35 മുതല്‍ 1.05 വരെയാക്കി ചുരുക്കിയിരുന്നു. മലബാര്‍ മേഖലയില്‍ പ്ലസ്ടു മദ്‌റസയുള്ള സ്ഥലങ്ങളില്‍ രാവിലെ ഒമ്പതിന് സ്‌കൂളില്‍ ക്ലാസ് തുടങ്ങുന്നത് സംബന്ധിച്ച് സമസ്തയടക്കമുള്ള സംഘടനകള്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ഇത് സംബന്ധിച്ച് അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്താനുള്ള തീരുമാനം വൈകുന്നതാണ് ഉത്തരവ് നീളുന്നതിന്റെ കാരണം.