ജോണ്‍ കെറിയുടെ ഫോണ്‍ ഇസ്‌റാഈല്‍ ചോര്‍ത്തി

Posted on: August 4, 2014 11:16 am | Last updated: August 4, 2014 at 11:16 am

ap_john_kerry_jef_121221_wgവാഷിംഗ്ടണ്‍: ഗാസയിലെ വെടിനിര്‍ത്തല്‍ പദ്ധതികള്‍ക്കുള്ള ഇടപെടലുകള്‍ക്കിടെ യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ ഫോണ്‍ ഇസ്‌റാഈലി സുരക്ഷാ ഏജന്‍സികള്‍ ചോര്‍ത്തി. കഴിഞ്ഞ വര്‍ഷത്തെ സമാധാന ചര്‍ച്ചകള്‍ക്കിടെയാണ് സംഭവം. ഉന്നത നേതാക്കളുമായി കെറി നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് ഇസ്‌റാഈലി ചാരന്‍മാര്‍ ചോര്‍ത്തിയതെന്ന് ദെര്‍ സ്പീഗല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇസ്‌റാഈല്‍, ഫലസ്തീന്‍, മറ്റ് അറബ് രാജ്യങ്ങള്‍ എന്നിവയുടെ നേതാക്കളുമായി സംഭാഷണം നടത്താന്‍ ജോണ്‍ കെറി ഉപയോഗിച്ച ഫോണുകളും മറ്റ് സന്ദേശങ്ങളും ചോര്‍ത്തിയിട്ടുണ്ട്. മറ്റ് സാധാരണ വിളികളും ചോര്‍ത്തിയിട്ടുണ്ടത്രെ. അന്താരാഷ്ട്ര ചര്‍ച്ചകള്‍ക്കിടെ ചോര്‍ത്തിക്കിട്ടിയ വിവരങ്ങള്‍ ഇസ്‌റാഈല്‍ ഉപയോഗിച്ചു.
ഇപ്പോഴത്തെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും കെറി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍, ഒരു വിട്ടുവീഴ്ചക്കും ഇസ്‌റാഈല്‍ തയ്യാറായില്ല എന്നതാണ്, കഴിഞ്ഞ ദിവസത്തെ 72 മണിക്കൂര്‍ വെടിനിര്‍ത്തലും പൊളിഞ്ഞതിലൂടെ തെളിയുന്നത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മൂന്നാം മണിക്കൂറില്‍ ഇസ്‌റാഈല്‍ ഏകപക്ഷീയ ആക്രമണം നടത്തുകയായിരുന്നു.
പശ്ചിമേഷ്യയിലെ സ്ഥിതി സാധാരണഗതിയിലാക്കാന്‍ കഴിഞ്ഞ വര്‍ഷം ജോണ്‍ കെറി നീണ്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതേസമയം, റിപ്പോര്‍ട്ടിനോട് പ്രതികരിക്കാനുള്ള ദെര്‍ സ്പീഗലിന്റെ ആവശ്യം അമേരിക്കന്‍ വിദേശ കാര്യ വകുപ്പും ഇസ്‌റാഈല്‍ സര്‍ക്കാറും നിരാകരിച്ചിരിക്കുകയാണ്.