കണ്ണൂരിലും ആലപ്പുഴയിലും സൗരതാപ വികിരണ പഠനകേന്ദ്രം സജ്ജമായി

Posted on: August 4, 2014 11:03 am | Last updated: August 4, 2014 at 11:03 am

solar4കണ്ണൂര്‍: സൗരോര്‍ജത്തെക്കുറിച്ച് പഠിക്കാനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ രണ്ടിടത്ത് സൗരതാപ വികിരണ പഠന കേന്ദ്രങ്ങള്‍ സജ്ജമാക്കി. സോളാര്‍ റേഡിയേഷന്‍ റിസോഴ്‌സ് അസസ്‌മെന്റ് സ്റ്റേഷന്‍ എന്ന പേരില്‍ രാജ്യത്ത് 113 കേന്ദ്രങ്ങളിലായി ആരംഭിച്ച പഠന കേന്ദ്രങ്ങള്‍ക്കൊപ്പം ആലപ്പുഴയിലും കണ്ണൂരിലുമാണ് പുതുതായി ഗവേഷണ സംവിധാനങ്ങള്‍ നിലവില്‍ വന്നത്. രാജ്യത്തെ ഓരോ പ്രദേശത്തുമുള്ള സൂര്യതാപത്തിന്റെ അളവ് ഓരോ പത്ത് മിനിറ്റിലും ചെന്നൈ ആസ്ഥാനമാക്കിയുള്ള പാരമ്പര്യേതര ഊര്‍ജ ഗവേഷണ കേന്ദ്രത്തിലെത്തിച്ചുനല്‍കത്തക്കവിധമുള്ള സംവിധാനമാണിത്. കണ്ണൂരിലും ആലപ്പുഴയിലുമുള്ള എന്‍ജിനീയറിംഗ് കോളജുകളിലാണ് ഇവ ഒരുക്കിയിട്ടുള്ളത്.

സൗരോര്‍ജം പൂര്‍ണമായി ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 2010ല്‍ ആവിഷ്‌കരിച്ച് നടപ്പാക്കിത്തുടങ്ങിയ പരിപാടിയുടെ ഭാഗമായാണ് സൗരതാപ വികിരണ പഠനകേന്ദ്രം തുടങ്ങുന്നത്. 35 ലക്ഷം വീതം ചെലവിട്ട് കണ്ണൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജില്‍ കേന്ദ്രത്തിന് വേണ്ട ഉപകരണങ്ങള്‍ സ്ഥാപിച്ച് ഇതിനകം പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. ആറ് മീറ്ററും ഒന്നര മീറ്ററും ഉയരമുള്ള രണ്ട് ടവറുകള്‍ സ്ഥാപിച്ചാണ് സൗരോര്‍ജം ആഗിരണം ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. ഒന്നര മീറ്റര്‍ ഉയരമുള്ള ടവറില്‍ ഒരു സോളാര്‍ ട്രാക്കര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതുവഴിയാണ് സൂര്യതാപം ആഗിരണം ചെയ്യുക. അടുത്ത ടവറില്‍ മഴ, താപനില, അന്തരീക്ഷ മര്‍ദം, കാറ്റിന്റെ വേഗം എന്നിവ അടയാളപ്പെടുത്തും.
ഉപകരണങ്ങള്‍ വഴി ശേഖരിക്കുന്ന വിവരങ്ങള്‍ ഓരോ പത്ത് മിനിട്ടിലും ജി പി ആര്‍ സംവിധാനം വഴി ചെന്നൈയിലെ സെന്റര്‍ ഫോര്‍ വിന്‍ഡ് എനര്‍ജി ടെക്‌നോളജിയില്‍ എത്തും. ഇവിടെ ദക്ഷിണേന്ത്യയിലെ ഓരോ പ്രദേശത്തുമുള്ള സൂര്യതാപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരുമിച്ച് ശേഖരിച്ച് വെക്കുകയും ചെയ്യും. ആലപ്പുഴയില്‍ ഐ എച്ച് ആര്‍ ഡി എന്‍ജിനീയറിംഗ് കോളജിലാണ് പഠനകേന്ദ്രം സജ്ജമാക്കുന്നത്. രാജ്യത്തെ 115 കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് ഇന്ത്യക്ക് ഉപയോഗിക്കാനാകുന്ന സൂര്യതാപത്തിന്റെ അളവ് കണക്കാക്കുകയാണ് പ്രധാനമായും ചെയ്യുക. 2022 ഓടെ ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ ശക്തിയുള്ള രാജ്യമായി ഇന്ത്യയെ മാറ്റുകയെന്നതാണ് ഇതിനു പിന്നിലുള്ള ഉദ്ദേശ്യം. ജവഹര്‍ ലാല്‍ നെഹ്‌റു നാഷണല്‍ സോളാര്‍ മിഷന്‍ എന്ന പേരിലാരംഭിച്ച പദ്ധതി പ്രകാരം വലിയ ഊര്‍ജോത്പാദനത്തിനാണ് കേന്ദ്രം ഒരുങ്ങുന്നത്.
ഭൂമിയുടെ ഉപരിതലത്തില്‍ എത്തിച്ചേരുന്ന സൗരോര്‍ജത്തിന്റെ അളവ് വളരെ ഭീമമാണ്. ഒരു വര്‍ഷത്തില്‍ എത്തിച്ചേരുന്ന ഊര്‍ജം ഭൂമിയിലുള്ള, ഇതുവരെ ഉപയോഗിച്ചതും ഉപയോഗിക്കപ്പെടാനിരിക്കുന്നതുമായ പുനരുപയോഗ്യമല്ലാത്ത ഊര്‍ജസ്രോതസ്സുകളായ കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം, ഖനനം ചെയ്യപ്പെടുന്ന യൂറേനിയം എന്നിവയില്‍ നിന്നും ലഭിക്കുന്നവയുടെ ഇരട്ടി വരും. ഇപ്പോള്‍ ശേഖരിക്കുന്ന സൂര്യതാപത്തിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിവിധ മേഖലകളില്‍ നിന്ന് ശേഖരിക്കുന്ന ഊര്‍ജം ഉപയോഗിച്ച് ആവശ്യമായ മുഴുവന്‍ വൈദ്യുതിക്ക് ഉള്‍പ്പെടെ ഉപയോഗിക്കാനാകുമെന്നാണ് കരുതുന്നത്.