കാലവര്‍ഷം: ജില്ലയില്‍ സേനയെത്തി

Posted on: August 3, 2014 9:57 am | Last updated: August 3, 2014 at 9:57 am

rain.....കോഴിക്കോട്: തകര്‍ത്തു പെയ്ത മഴയും വീശിയടിച്ച കാറ്റും മൂലം കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലുണ്ടായ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ദുരന്തനിവാരണ സേനയെത്തി.
45 പേരുടെ സംഘമാണ് ജില്ലയിലെത്തിയത്. ചെന്നൈ ആരക്കോണത്തു നിന്നുള്ള നാഷനല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിലെ (എന്‍ ഡി ആര്‍ എഫ്) യൂനിറ്റ് അംഗങ്ങളുടെ സേവനം ജില്ലയില്‍ നാശനഷ്ടങ്ങള്‍ ഏറെ അനുഭവപ്പെട്ട പ്രദേശങ്ങളില്‍ ലഭ്യമാകും. താമരശ്ശേരി കോരങ്ങാട്ട് ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സേന തമ്പടിക്കുന്നത്.
ഉരുള്‍പൊട്ടലിനുള്‍പ്പെടെ സാധ്യതയുള്ള പ്രദേശങ്ങള്‍ ജില്ലയിലുള്ളതിനാല്‍ അടിയന്തര സാഹചര്യങ്ങല്‍ നേരിടാന്‍ സംവിധാനം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയില്‍ തകര്‍ത്തു പെയ്യുന്ന മഴ കനത്ത നാശനഷ്ടമാണുണ്ടാക്കിയത്. വീടുകളിലേക്കും മറ്റും വെള്ളം കയറുകയും നിരവധി ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിക്കുകയും ചെയ്തു. ചില പ്രദേശങ്ങളില്‍ ശക്തമായ കാറ്റില്‍ വാഴകൃഷി ഉള്‍പ്പെടെയുള്ളവ നശിച്ചു. വൈദ്യുതി മുടക്കവും ഗതാഗത തടസ്സവും പതിവായിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഉടനടി ഇടപ്പെടാന്‍ സംവിധാനങ്ങളിലാത്തത് ജനങ്ങളെ ഏറെ പ്രയാസപ്പെടുത്തിയിരുന്നു. കാറ്റില്‍ കടപുഴകി വീണ് വൈദ്യുതി തടസ്സവും ഗതാഗത തടസ്സവും ഉണ്ടാക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ പോലും നിലവില്‍ സംവിധാനമില്ല. ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ സംവിധാവം വേണമെന്ന് ജനപ്രതിനിധികളും കഴിഞ്ഞ ദിവസങ്ങളിലായി ആവശ്യപ്പെട്ടിരുന്നു. ഇന്നലെ നടന്ന അവലോകന യോഗത്തിലും സമാനമായ ആവശ്യം ജില്ലയില്‍ നിന്നുള്ള എം എല്‍ എമാര്‍ ഉയര്‍ത്തിയിരുന്നു.