Connect with us

Eranakulam

ചിലവന്നൂര്‍ കായല്‍ കൈയേറ്റം:പൊളിച്ചു നീക്കണം: വി എസ്

Published

|

Last Updated

കൊച്ചി: ചിലവന്നൂരില്‍ കായല്‍ കൈയേറി അനധികൃതമായി നിര്‍മിച്ച ഡി എല്‍ എഫിന്റെ ഫഌറ്റ് സമുച്ചയം പൊളിച്ച് നീക്കണമെന്നും കൈയേറിയ ഭൂമി സര്‍ക്കാര്‍ അധീനതയിലാക്കണമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടു. കായലുകളും പുഴയും കൈയേറുകയും അനധികൃത നിര്‍മാണം നടത്തുകയും ചെയ്യുന്നത് തടയാന്‍ സംസ്ഥാനത്ത് സന്നദ്ധ സംഘടന രൂപീകരിക്കുമെന്നും അച്ചുതാനന്ദന്‍ പറഞ്ഞു. ചിലവന്നൂരില്‍ കായല്‍ കൈയേറി ഡി എല്‍ എഫ് നിര്‍മിച്ച കെട്ടിട സമുച്ചയം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീരദേശ നിയമം ലംഘിച്ച് കെട്ടിടം പണിതവര്‍ക്കും അതിന് സഹായകരമായി ഒത്താശ ചെയ്ത വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാകണം. എന്നാല്‍ നടപടിയെടുക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ മുട്ട് വിറയ്ക്കും. ഡി എല്‍ എഫിന്റെ പിന്നില്‍ ഒരു വലിയ കൈയുണ്ടെന്നും അത് സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയുടെയാണെന്നും വി എസ് പറഞ്ഞു. ഇത്തരത്തില്‍പ്പെട്ടവര്‍ക്ക് ഒരു നിയമവും ബാധകമല്ലെന്നതിന്റെ തെളിവാണ് ചിലവന്നൂര്‍ കായലിലെ കോടികള്‍ വിലമതിക്കുന്ന പുറമ്പോക്ക് ഭൂമി ഡിഎല്‍എഫ് കൈയ്യടക്കിയത്.
കൈയേറ്റക്കാര്‍ക്ക് അനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ നിയമ വിരുദ്ധ നടപടികള്‍ തുടരുകയാണെങ്കില്‍ കേന്ദ്രം ഇടപെടണം. ചിലവന്നൂരില്‍ കായല്‍ കൈയേറി 19 കെട്ടിടങ്ങള്‍ നിര്‍മിച്ചതായി സി എ ജി കണ്ടെത്തിയിട്ടുണ്ട്. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഈ കൂറ്റന്‍ ഫഌറ്റ് നിര്‍മിച്ചിരിക്കുന്നതെന്ന് തീരദേശ പരിപാലന അതോറിറ്റിയുടെ പരിശോധന റിപോര്‍ട്ടും നല്‍കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി തന്നെ നിയോഗിച്ച സമിതിയാണ് റിപോര്‍ട്ട് നല്‍കിയത്. നിയമം ലംഘിച്ചവര്‍ക്ക് ശിക്ഷ നല്‍കണം.
തിരുവനന്തപുരം നഗരമധ്യത്തിലെ പാറ്റൂരില്‍ 17 സെന്റ് ഭൂമി മുംബൈയിലെ “ആവൃതിമാള്‍” റിയല്‍ എസ്‌റ്റേറ്റ് കമ്പനിക്ക് കൈയേറാന്‍ ചീഫ് സെക്രട്ടറി തന്നെ ഒത്താശ ചെയ്തു. ഫഌറ്റ് നിര്‍മാണത്തിനായി വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ വരെ അനുമതി നല്‍കി. സര്‍ക്കാര്‍ സ്ഥലത്താണ് കെട്ടിട സമുച്ചയം പണിയുന്നതെന്ന് രേഖകള്‍ സഹിതം സഭയുടെ മേശപ്പുറത്ത് വച്ചിട്ടും കൈയേറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ല. നേരത്തെ റവന്യൂ വകുപ്പ് കൈകാര്യം ചെയ്ത തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണും ഈ അനധികൃത കൈയേറ്റത്തിന് കൂട്ടുനിന്നതായി വി എസ് പറഞ്ഞു. ശതകോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി തരപ്പെടുത്തി കൊടുത്തതിന് മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും കീശകളില്‍ എത്ര കോടികള്‍ വീണിട്ടുണ്ടാകുമെന്നും വി എസ് ചോദിച്ചു.
തീരദേശ പരിപാലന നിയമത്തിന്റെ കുരുക്കുകാട്ടി പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കൂരകെട്ടാന്‍ പോലും അനുവദിക്കാത്ത സര്‍ക്കാരാണ് കടലിലെ തിരകള്‍ വന്നടിക്കുന്ന നെയ്യാറ്റിന്‍കരയിലെ അടിമല അടിമലത്തുറയില്‍ ഫഌറ്റ് സമുച്ചയം നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. ആലപ്പുഴയിലെ പാണാവള്ളിയിലേത് അനധികൃത നിര്‍മാണമായതിനാല്‍ പൊളിച്ച് നീക്കണമെന്ന് സുപ്രീംകോടതി വിധിച്ചിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും വി എസ് പറഞ്ഞു.

Latest