രാജ്യത്തെ അരക്ഷിതാവസ്ഥ: ലിബിയന്‍ പാര്‍ലിമെന്റ് അടിയന്തര യോഗം ചേര്‍ന്നു

Posted on: August 3, 2014 12:35 am | Last updated: August 3, 2014 at 12:35 am

ബന്‍ഗാസി: ലിബിയയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ലിമെന്റ് അടിയന്തര യോഗം ചേര്‍ന്നു. രാജ്യത്ത് നിരന്തരം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളാണ് യോഗത്തിലെ പ്രധാന ചര്‍ച്ച. മെയിലാണ് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടന്നത്. ആഗസ്റ്റ് നാലിനാണ് നേരത്തെ യോഗം തീരുമാനിച്ചത്. എന്നാല്‍ യോഗം അടിയന്തരമായി ഇന്നലെ ചേരുകയായിരുന്നു. രാജ്യത്തെ നാശോന്മുഖമാക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് രാഷ്ട്രീയ രൂപരേഖ യോഗത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. രാജ്യം വിവിധ ഭാഗങ്ങളായി വിഘടിച്ചുപോകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്നുള്ള പരിഹാരത്തിനാണ് തങ്ങള്‍ ശ്രമിക്കുകയെന്ന് പാര്‍ലിമെന്റ് അംഗം ജലാല്‍ അല്‍ ശവഹ്ദി പറഞ്ഞു. രാജ്യത്തെ ഗോത്രവര്‍ഗസൈന്യത്തെ ഏത് രീതിയില്‍ നേരിടണമെന്ന് യോഗം ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലിബിയയിലെ സൈന്യത്തിന് നിയമസാധുതയുണ്ടാക്കണമെന്നും ഗോത്രവര്‍ഗ പോരാളികളെ നിരോധിക്കുകയും ചെയ്യണമെന്ന് ശവഹ്ദി പറഞ്ഞു. 200 അംഗ പാര്‍ലിമെന്റാണ് നിലവിലുള്ളത്.
ആക്രമണം കാരണം ലിബിയയിലെ ദേര്‍ന നഗരം ഉള്‍പ്പെടെ കഴിക്കന്‍ പ്രദേശങ്ങളില്‍ തീവ്രവാദികള്‍ തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തിയതിനാല്‍ 188 അംഗങ്ങളെ തിരഞ്ഞെടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ. പുതിയ പാര്‍ലിമെന്റിന് രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകാന്‍ കഴിയുമെന്ന് പ്രതീക്ഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലിബിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ബാന്‍ഗാസി പിടിച്ചെടുത്തതായി വിമതര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2011ല്‍ അമേരുക്കന്‍ മുന്‍കൈയില്‍ നടന്ന ആക്രമണത്തിനൊടുവില്‍ മുഅമ്മര്‍ ഗദ്ദാഫിയെ പുറത്താക്കി വധിച്ച ശേഷം ലിബിയ ഇതുവരെ ശാന്തമായിട്ടില്ല.