‘ഇത്തരം ചിത്രങ്ങളെ നിങ്ങളെങ്ങനെ ന്യായീകരിക്കും?’

Posted on: August 3, 2014 6:00 am | Last updated: August 3, 2014 at 12:33 am

98f74263മകന്റെ ഛിന്നഭിന്നമായ ശരീരഭാഗങ്ങള്‍ അടങ്ങിയ ബാഗ് പിടിച്ച് നില്‍ക്കുന്ന ഫലസ്തീന്‍ പിതാവിന്റെ ചിത്രം കണ്ടപ്പോള്‍ ബ്രിട്ടീഷ് സംഗീതജ്ഞന്‍ ബ്രയാന്‍ ഇനോ തന്റെ അമേരിക്കന്‍ സുഹൃത്തുക്കള്‍ക്ക് എഴുതിയ കത്ത്. ഇസ്‌റാഈലിന് അമേരിക്ക നല്‍കുന്ന ഉദാരമായ പിന്തുണ എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെടുകയാണ് അദ്ദേഹം.
പ്രിയപ്പെട്ടവരേ,
ഈ എഴുത്തോടെ, മൗനം പാലിക്കുകയെന്ന നിയമമാണ് ലംഘിക്കുന്നതെന്ന് എനിക്ക് തോന്നുന്നു. പക്ഷെ, എനിക്കിനിയും മിണ്ടാതിരിക്കാന്‍ സാധിക്കില്ല.
ഒരു ഫലസ്തീനി പ്ലാസ്റ്റിക് ബാഗ് നിറയെ മാംസവും പിടിച്ച് കരയുന്ന ചിത്രം ഇന്ന് കാണാനിടയായി. സ്വന്തം മകന്റെ മാംസക്കഷ്ണങ്ങളായിരുന്നു അത്. ഇസ്‌റാഈലി മിസൈലേറ്റ് അവന്‍ ഛിന്നഭിന്നമായി. അമ്പ് ബോംബ് (ഫ്‌ളെച്ചെറ്റെ ബോംബ്) ഉപയോഗിച്ചുള്ള ആക്രമണമായിരുന്നു അത്. സ്‌ഫോടക വസ്തുക്കള്‍ കൊണ്ട് ആവരണം ചെയ്ത നൂറുകണക്കിന് ചെറിയ അമ്പുകള്‍ ഘടിപ്പിച്ച ഫ്‌ളെച്ചെറ്റെ ബോംബിന് മനുഷ്യ മാംസം ഛിന്നഭിന്നമാക്കാന്‍ കഴിയുമെന്നത് ഒരു പക്ഷേ നിങ്ങള്‍ക്കറിയാമായിരിക്കാം. മുഹമ്മദ് ഖലഫ് അല്‍ നവാസ്‌റ എന്നാണ് അവന്റെ പേര്. നാല് വയസ്സ് പ്രായം.
ആ ബാഗിലിരിക്കുന്നത് എന്റെ കുട്ടികളിലൊരാളാണെന്ന് ഒരു വേള എനിക്ക് തോന്നിപ്പോയി. ആ തോന്നല്‍ ഏറെ നേരം എന്നെ ഭയത്തിലാഴ്ത്തി.
ഇതിന് ശേഷമാണ് ഗാസയില്‍ ആക്രമണം ഇസ്‌റാഈലിനെതിരെ യുദ്ധക്കുറ്റം ചുമത്താന്‍ പര്യാപ്തമാണെന്നും അതിനായി കമ്മീഷന്‍ നിയോഗിക്കുകയാണെന്നുമുള്ള യു എന്നിന്റെ പ്രസ്താവന വായിച്ചത്. പക്ഷേ വോട്ടെടുപ്പില്‍ അമേരിക്ക പ്രമേയത്തെ എതിര്‍ത്തു. അമേരിക്കയില്‍ എന്താണ് സംഭവിക്കുന്നത്? നിങ്ങളുടെ വാര്‍ത്തകള്‍ എത്രമാത്രം വക്രീകരിക്കപ്പെട്ടതാണെന്ന് അനുഭവത്തില്‍ നിന്ന് എനിക്ക് മനസ്സിലായി. നിങ്ങള്‍ക്ക് ലഭിക്കുന്ന വാര്‍ത്തയുടെ മറുവശങ്ങള്‍ എത്ര തുച്ഛമാണ്. പക്ഷേ, ദൈവം സത്യം, അത് കണ്ടെത്താന്‍ അത്ര ബുദ്ധിമുട്ടില്ല. ഈ ഏകപക്ഷീയ വംശ ശുദ്ധീകരണ പ്രക്രിയക്ക് അന്ധമായ പിന്തുണ അമേരിക്ക തുടരുന്നത് എന്തുകൊണ്ട്? എന്തുകൊണ്ട്? എനിക്കറിയില്ല. ഐപകി (ദി അമേരിക്കന്‍ ഇസ്‌റാഈല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി)ന്റെ മാത്രം സ്വാധീനവും അധികാരവും മൂലമാണ് ഇതെന്ന ചിന്തയെ വെറുക്കുന്നു. അതാണ് സത്യമെങ്കില്‍, നിങ്ങളുടെ സര്‍ക്കാര്‍ മൗലികമായി മലിനമാക്കപ്പെട്ടിരിക്കുന്നു. ഇല്ല, അതാണ് കാരണമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ എന്തായിരിക്കുമെന്നതിനെ സംബന്ധിച്ച് എനിക്ക് പിടിയില്ലതാനും. അമേരിക്കക്കാര്‍ അനുകമ്പയുള്ളവരും വിശാലമനസ്‌കരും സക്രിയരും ഉത്തമാംശങ്ങളെ സ്വാംശീകരിക്കുന്നവരും സഹിഷ്ണുക്കളും ഉദാരമതികളുമാണെന്ന് എനിക്കറിയാം. എന്റെ അമേരിക്കന്‍ സുഹൃത്തുക്കളേ, നിങ്ങള്‍ അക്കാര്യങ്ങള്‍ എന്നില്‍ പ്രതീകവത്കരിക്കൂ. പിന്നെ ഏത് അമേരിക്കയാണ് അതിഭീകരമായ ഈ ഏകപക്ഷീയ കൊളോണിയല്‍ യുദ്ധത്തെ പിന്തുണക്കുന്നത്? എനിക്ക് കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല. എനിക്കറിയാം നിങ്ങള്‍ മാത്രമല്ലെന്ന് നിങ്ങളെപ്പോലെ, എന്നിട്ടും ആ ശബ്ദങ്ങള്‍ എന്തുകൊണ്ട് കേള്‍ക്കപ്പെടുന്നില്ല അല്ലെങ്കില്‍ രേഖപ്പെടുത്തുന്നില്ല? ആത്മാവില്ലെങ്കില്‍ എങ്ങനെ നിങ്ങളുടെ ശബ്ദം വരും? പക്ഷെ അമേരിക്കയെന്ന വാക്ക് കേള്‍ക്കുമ്പോള്‍ നമ്മെ കുറിച്ച് മുഴുവന്‍ ലോകവും ചിന്തിക്കുന്നുണ്ട്. മറ്റേതൊരു പശ്ചാത്തലത്തേക്കാളും സ്വാതന്ത്ര്യവും ജനാധിപത്യവും സ്വത്വപ്രകൃതത്തിലുള്ള ഒരു രാഷ്ട്രം, അതിന്റെ പണം വായില്‍ നിറച്ച് അത്യന്തം പ്രതിഷേധാര്‍ഹമായ വംശീയ പൗരോഹിത്യ ഭരണത്തെ പിന്തുണക്കുന്നത് എത്രമാത്രം മോശമാണ്?
മേരി (ഒരു സുഹൃത്ത്)യോടൊപ്പം കഴിഞ്ഞ വര്‍ഷം ഞാന്‍ ഇസ്‌റാഈലിലുണ്ടായിരുന്നു. മേരിയുടെ സഹോദരി ജറുസലമില്‍ യു എന്‍ ആര്‍ ഡബ്ല്യു എക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. മേരിയുടെ സഹോദരിയുടെ ഭര്‍ത്താവ് ഫലസ്തീനിയായ ശാദിയും ഗൈഡും ഐ ഡി എഫി (ഇസ്‌റാഈല്‍ പ്രതിരോധ സേന)ലെ മുന്‍ മേജറുമായ ഓറന്‍ ജേക്കബോവിച്ചും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. ഫലസ്തീനികളെ ക്രൂരമായി മര്‍ദിക്കാനുള്ള ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നാണ് ജേക്കബോവിച്ച് സൈന്യത്തില്‍ നിന്ന് ഒഴിവായത്. അവര്‍ രണ്ട് പേര്‍ക്കുമിടയില്‍ നിന്ന് ചില ക്രൂരസംഭവങ്ങള്‍ മനസ്സിലാക്കാനായി. ജൂത കുടിയേറ്റക്കാര്‍ മലവും മൂത്രവും സാനിറ്ററി ടവ്വലുകളും എറിയുന്നതില്‍ നിന്ന് രക്ഷപ്പെടാനായി ഫലസ്തീനികളുടെ വീടുകള്‍ കമ്പിവലകളും ബോര്‍ഡുകളും വെച്ച് മറച്ചിരിക്കുന്നു. മാതാപിതാക്കളുടെ കൈയടിയും പ്രശംസയും ലഭിക്കാന്‍ ജൂതക്കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്ന ഫലസ്തീനി കുട്ടികളെ ബേസ്‌ബോള്‍ ബാറ്റ് കൊണ്ട് അടിക്കുന്നു. ഒഴിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗുഹകളില്‍ താമസിക്കുന്ന ഒരു ഗ്രാമത്തിലെ മുഴുവന്‍ ജനത. കുന്നിന്‍ മുകളില്‍ താമസിക്കുന്ന ജൂത കുടിയേറ്റക്കാര്‍ മലിന ജലം ഒഴുക്കുന്നത് അടിവാരത്തെ ഫലസ്തീനികളുടെ കൃഷിയിടത്തേക്ക്…. ആ മതില്‍, ആ ചെക്ക്‌പോയിന്റുകള്‍….. പിന്നെ അവസാനിക്കാത്ത ദിവസേനയുള്ള അപമാനിക്കലും. ഞാന്‍ ചിന്തിച്ചു. ‘യഥാര്‍ഥത്തില്‍ അമേരിക്കക്കാര്‍ കണ്ണടക്കുകയാണോ? ഇതെല്ലാം ശരിയാണെന്നാണോ അവര്‍ യഥാര്‍ഥത്തില്‍ ചിന്തിക്കുന്നത്? അല്ലെങ്കില്‍ ഇതൊന്നും അവര്‍ അറിയുന്നില്ലേ? ‘
സമാധാന പ്രക്രിയക്ക് വേണ്ടി: പ്രക്രിയയാണ് ഇസ്‌റാഈലിന് വേണ്ടത്; സമാധാനമല്ല. ‘നടപടി’ തുടരുമ്പോള്‍ തന്നെ, കുടിയേറ്റക്കാര്‍ ഭൂമി പിടിച്ചെടുത്ത് വീടുകള്‍ നിര്‍മിക്കുന്നത് തുടരുന്നു. അവസാനം ശുഷ്‌കമായ വെടിവെപ്പ് നടത്തുന്ന ഫലസ്തീനികള്‍ക്ക് ഏല്‍ക്കേണ്ടി വരുന്നത് മിസൈലുകളും യുറേനിയം ഷെല്ലുകളുമാണ്. കാരണം ഇസ്‌റാഈലിന് ‘സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ട്’ (അതേസമയം, ഫലസ്തീനികള്‍ക്ക് അതില്ല). കുടിയേറ്റക്കാര്‍ക്കിടയിലെ സ്വകാര്യ സൈന്യത്തിന് ആരുടെയെങ്കിലും ഒലീവ് മരം ഒടിച്ചു കളയാന്‍ അതീവ താത്പര്യമാണ്. സൈന്യം പീഡനത്തിന്റെ മറ്റ് വഴികള്‍ ആരായുന്നുണ്ടാകും അപ്പോഴും. റഷ്യയില്‍ നിന്നും ഉക്രൈനില്‍ നിന്നും മൊറേവ്യയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും മടങ്ങാന്‍ അവകാശമുള്ള ഇസ്‌റാഈലി വംശജരല്ല അവരില്‍ അധികവും. എന്നാല്‍ ദൈവം നല്‍കിയ അവകാശം ആ ഭൂമിക്ക് മേലുണ്ടെന്ന ചിന്തയോടെയാണ് അവരെത്തുന്നത്. അറബികളെ കീടത്തോട് ഉപമിച്ച് പഴയ സ്‌കൂള്‍കാല വംശീയതയെ താലോലിക്കുന്നവര്‍. നമ്മുടെ നികുതികള്‍ പ്രതിരോധിക്കുന്ന സംസ്‌കാരം അതാണ്. ക്ലാനിലേക്ക് പണം അയക്കുന്നത് പോലെയാണിത്.
പക്ഷെ ഇതിനപ്പുറം, എന്നെ വേട്ടയാടുന്നത് ആ വലിയ ചിത്രമാണ്. ഇഷ്ടപ്പെടുകയോ അല്ലാതിരിക്കുകയോ ചെയ്യാം, ലോകത്തിന്റെ മുഴുവന്‍ കണ്ണുകളിലും അമേരിക്കയാണ് ‘പടിഞ്ഞാറിനെ’ പ്രതിനിധാനം ചെയ്യുന്നത്. ധാര്‍മികതയെയും ജനാധിപത്യത്തെയും കുറിച്ച് നാം വലിയ വായില്‍ സംസാരിക്കുന്നുണ്ടെങ്കിലും ഈ യുദ്ധത്തെ പിന്തുണക്കുന്നത് ആ ‘പടിഞ്ഞാറാണ്’. ലോകം നിന്ദിക്കുന്ന ഈ കാപട്യം മൂലം നാഗരികതയുടെ എല്ലാ മൂല്യങ്ങളും ചോര്‍ന്നൊലിച്ചു പോകുന്നതിനെ ഞാന്‍ ഭയപ്പെടുന്നു. ഈ യുദ്ധത്തിന് യാതൊരു ധാര്‍മിക ന്യായീകരണമോ പ്രായോഗിക മൂല്യമോ ഇല്ല.
നിങ്ങളെ ബുദ്ധിമുട്ടിച്ചതില്‍ മാപ്പ്. രാഷ്ട്രീയത്തെ വെറുക്കുന്ന തിരക്കിലാണ് നിങ്ങളെന്ന് അറിയാം, പക്ഷെ രാഷ്ട്രീയത്തിന് അപ്പുറമാണ് ഇത്. തലമുറകളായി നാം നിര്‍മിച്ച നാഗരിക തലസ്ഥാനമെന്ന സങ്കല്‍പ്പത്തെ ദുര്‍വ്യയം ചെയ്യലാണ് ഇത്. ഈ എഴുത്തിലെ ഒരു ചോദ്യവും മനോഹരമല്ലെന്ന് എനിക്ക് ബോധ്യമുണ്ട്.