Connect with us

Gulf

സൂര്യസ്‌നാനം: ചര്‍മാര്‍ബുദത്തിന് സാധ്യതയെന്ന് വിദഗ്ധര്‍

Published

|

Last Updated

ദുബൈ: ദിവസവും മാസവും പരിഗണിക്കാതെ സൂര്യസ്‌നാനത്തിനായി ഇറങ്ങുന്നവര്‍ക്ക് ചര്‍മാര്‍ബുദത്തിനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍. വേനല്‍ മാസങ്ങളിലെ കടുത്ത ചൂടില്‍ അള്‍ട്രവയലറ്റ് രശ്മികളുടെ സാന്നിധ്യം കൂടുന്നതും സൂര്യസ്‌നാനത്തിനായി ഉപയോഗിക്കുന്ന ടാന്നിംഗ് എണ്ണകളിലെ രാസവസ്തുക്കളുമാണ് ചര്‍മാര്‍ബുദ സാധ്യത വര്‍ധിക്കുന്നതെന്നും വിദഗ്ധര്‍ വ്യക്തമാക്കി. ബാസല്‍ സെല്‍ കാര്‍സിനോമ, സ്‌കോമോസ് സെല്‍ കാര്‍സിനോമ, മെലനോമ തുടങ്ങിയ ചര്‍മാര്‍ബുദങ്ങളാണ് സൂര്യസ്‌നാനത്തിലൂടെ പിടിപെടാന്‍ സാധ്യതയുള്ളത്. ഇത്തരം അര്‍ബുദള്‍ ബാധിക്കാനുള്ള സാധ്യത കൂടുതലാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് യു എ ഇയില്‍ വിശദമായ പഠനം നടന്നിട്ടില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘനേരം സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ചര്‍മാര്‍ബുദത്തിനൊപ്പം കണ്ണിനെ ബാധിക്കുന്ന അര്‍ബുദത്തിനും ഇടയാക്കിയേക്കുമെന്ന് ഇന്റേണല്‍ മെഡിസിന്‍ സ്്‌പെഷലിസ്റ്റും നെഫ്രോളജിസ്റ്റുമായ ഡോ. ബാബു ഷെര്‍സാദ് വ്യക്തമാക്കി.

സൂര്യസ്‌നാനത്തിന്റെ ഭാഗമായി കിടക്കാന്‍ ഉപയോഗിക്കുന്ന ടാനിംഗ് ബെഡുകള്‍ സൗന്ദര്യവര്‍ധക ഉല്‍പ്പന്നമാണെന്നും ഇവയും അള്‍ട്രാവയലറ്റ് രശ്മികളെ പുറന്തള്ളുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. വെയിലേല്‍ക്കുന്നത് അധികമാവുമ്പോള്‍ തൊലിയിലെ മെലനോസൈറ്റ് സെല്ലുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മെലാനില്‍ തൊലിക്ക് ഇരുണ്ട നിറം വരുത്തുകയും ഇത് അള്‍ട്ര വയലറ്റ് രശ്മികളില്‍ നിന്നുമുള്ള അപകടം ഇല്ലാതാക്കാന്‍ സഹായിക്കുമെങ്കിലും ദീര്‍ഘനേരം നേരിട്ട് വെയിലേല്‍ക്കുന്നതിലൂടെ ഇത്തരത്തില്‍ തൊലിയെ സംരക്ഷിക്കാന്‍ ശരീരത്തിന്റെ സ്വമേധയാലുള്ള പ്രവര്‍ത്തനങ്ങളാല്‍ സാധ്യമാകാതെ വരും. സിഗരറ്റ് വലിയിലൂടെ അന്നനാളത്തില്‍ അര്‍ബുദം ബാധിക്കുന്നതിലും കൂടിയ തോതിലാണ് വെയിലില്‍ ടാന്നിംഗ് എണ്ണ ഉപയോഗിച്ച് സൂര്യതാപമേല്‍പ്പിക്കാതെ തൊലി കറുപ്പിക്കാന്‍ ശ്രമിക്കുന്നതിലൂടെയുള്ള അര്‍ബുദ സാധ്യത. യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും ലോകാരോഗ്യ സംഘടനയും അമേരിക്കന്‍ അക്കാഡമി ഓഫ് ഡെര്‍മറ്റോളജിയും ടാന്നിംഗ് കിടക്കകളും ഇതിനായി ഉപയോഗിക്കുന്ന എണ്ണയും ആരോഗ്യത്തിന് സുരക്ഷിതമല്ലെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. വൈറ്റമിന്‍ ഡിയുടെ കുറവ് പരിഹരിക്കാന്‍ സൂര്യസ്‌നാനത്തിന് ശ്രമിക്കുന്നവരും സൂര്യസ്‌നാനത്തിനോ, ഇന്‍ഡോര്‍ ടാന്നിംഗ് ബെഡ് ചികിത്സക്കോ പോകുമ്പോള്‍ ത്വക്ക് രോഗ വിദഗ്ധന്റെ അഭിപ്രായം ആരായേണ്ടതാണ്.
സൂര്യപ്രകാശത്തിന് നേര്‍ക്ക് ദേഹം പ്രദര്‍ശിപ്പിക്കുമ്പോള്‍ പരമാവധി അവ ലഘൂകരിക്കാന്‍ ശ്രമിക്കണമെന്ന് റാസല്‍ ഖൈമയിലെ ആര്‍ എ കെ ഹോസ്പിറ്റലിലെ ത്വക്ക് രോഗ വിഭാഗം ഹെഡായ ഡോ. സോണിയ വില്‍സണ്‍ അഭിപ്രായപ്പെട്ടു. രാവിലെ 10 മണിക്ക് അഞ്ചു മുതല്‍ 10 മിനുട്ട് വരെ മാത്രം ശരീരത്തിലേക്ക് സൂര്യപ്രകാശം ആഗിരണം ചെയ്താല്‍ മതി വൈറ്റമിന്‍ ഡിയുടെ കുറവ് പരിഹരിക്കാന്‍. രാവിലെ 10നും വൈകുന്നേരം നാലിനുമിടയിലുള്ള സമയത്ത് ദേഹത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാനാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കുക. സൂര്യപ്രകാശം ഏല്‍ക്കുന്നത് ചര്‍മാര്‍ബുധത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. ദുബൈയിലെ ബീച്ചുകളില്‍ രാവിലെ മുതല്‍ സൂര്യാസ്തമയം വരെ ആളുകള്‍ സൂര്യസ്‌നാനത്തില്‍ ഏര്‍പ്പെടുന്നതായി കാണാറുണ്ട്. തൊലി തവിട്ടു നിറമാവാന്‍ സഹായിക്കുന്ന ടാന്നിംഗ് എണ്ണകള്‍ ഉപയോഗിച്ചാണ് മിക്കവരും സൂര്യസ്‌നാനം ചെയ്യുന്നത്. ഇത്തരം എണ്ണകളില്‍ ആരോഗ്യത്തിന് ഹാനികരമായ ധാരാളം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. സുഗന്ധത്തിനായും ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കാനുമായാണ് രാസവസ്തുക്കള്‍ ചേര്‍ക്കുന്നതെന്നും ഡോ. സോണിയ പറഞ്ഞു.

 

Latest