കരിപ്പൂരിലെ കരാര്‍ തൊഴിലാളി സമരം ഒത്തുതീര്‍ന്നു

Posted on: August 2, 2014 3:41 pm | Last updated: August 3, 2014 at 12:07 am

karippurകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ കരാര്‍ തൊഴിലാളികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഇന്ന് നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ന്നത്. പിരിച്ചുവിട്ട 220 തൊഴിലാളികളെയും തിരിച്ചെടുക്കാന്‍ കരാര്‍ ഏജന്‍സി സമ്മതിച്ചതോടെ തൊഴിലാളികള്‍ സമരം പിന്‍വലിക്കുകയായിരുന്നു. തൊഴിലാളികള്‍ക്ക് രണ്ട് ശതമാനം വേതന വര്‍ധനവും പി എഫ് ഉള്‍പ്പെടെ അലവന്‍സുകളും പാസുകളും നല്‍കുന്നതിനും തീരുമാനമായി.

വിമാനത്താവള ഗ്രൗണ്ട് ഹാന്റ്‌ലിംഗ് കരാര്‍ നേരത്തെ എയര്‍ ഇന്ത്യക്കായിരുന്നു. കാലാവധി പൂര്‍ത്തിയായതോടെ എയര്‍ ഇന്ത്യ കരാര്‍ അവസാനിപ്പിച്ച് തൊഴിലാളികളെ പിരിച്ചുവിട്ടു. തുടര്‍ന്ന് കരാര്‍ ഏറ്റെടുത്ത കമ്പനി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാന്‍ സന്നദ്ധരായില്ല. ഈ സാഹചര്യത്തില്‍ സമരസമിതി രൂപീകരിച്ച് തൊഴിലാളികള്‍ സമരത്തിനിറങ്ങുകയായിരുന്നു. സമരം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ വരെ ബാധിക്കുകയും ചെയ്തു. കേസില്‍ നേരത്തേ മുഖ്യമന്ത്രി വരെ ഇടപെട്ടിരുന്നു.

ഡല്‍ഹി ആസ്ഥാനമായ കുള്ളാര്‍ ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനമാണ് കരിപ്പൂരിലെ പുതിയ കരാര്‍ ഏജന്‍സി.