ദേശീയപാതയില്‍ കാറുകളുടെ വേഗപരിധി നൂറ് കിലോമീറ്ററായി ഉയര്‍ത്തുന്നു

Posted on: August 2, 2014 1:04 pm | Last updated: August 2, 2014 at 1:04 pm

indian roadന്യൂഡല്‍ഹി: ദേശീയ പാതകളില്‍ പരമാവധി വേഗപരിധി മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ ആക്കി ഉയര്‍ത്താന്‍ കേന്ദ്രം ആലോചിക്കുന്നു. കാറുകളുടെ വേഗപരിധി 100 കിലോമീറ്ററായും ചരക്ക് വാഹനങ്ങളുടെതും മോട്ടോര്‍ സൈക്കിളുകളുടെതും 80 കിലോമീറ്ററായും ഉയര്‍ത്താനാണ് പദ്ധതി. 1989ലാണ് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം അവസാനമായി വേഗപരിധി പുനര്‍നിര്‍ണയിച്ചത്. കാല്‍ നൂറ്റാണ്ടിന് ശേഷം റോഡുകള്‍ പുരോഗതി കൈവരിച്ച സാഹചര്യത്തിലാണ് വീണ്ടും വേഗപരിധിയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

നേരത്തെ വാഹനങ്ങളുടെ അടിസ്ഥാനത്തിലാണ് വേഗപരിധി നിശ്ചയിച്ചിരുന്നതെങ്കില്‍ ഇത്തവണ വാഹനത്തിന്റെ സീറ്റിംഗ് കപ്പാസിറ്റിയുടെ അടിസ്ഥാനത്തിലാണ് പരിധി നിശ്ചയിക്കുന്നത്. ഒന്‍പത് പേര്‍ക്ക് സഞ്ചരിക്കാവുന്ന പാസഞ്ചര്‍ വാഹനത്തിന്റെ വേഗപരിധി 80 കിലോമീറ്ററായിരിക്കും. എട്ടില്‍ താഴെ പേര്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെത് നൂറായി ഉയര്‍ത്തും.

അതേസമയം, സംസ്ഥാന പാതകളിലും നഗര, ഗ്രാമ റോഡുകളിലും വാഹനങ്ങളുടെ വേഗപരിധി നിശ്ചയിക്കാനുള്ള അധികാരം അതത് സംസ്ഥാന സര്‍ക്കാറുകള്‍ക്കും പ്രാദേശിക ഭരണകൂടങ്ങള്‍ക്കുമാകും.