Connect with us

Wayanad

മഴ വീണ്ടും കനത്തു; 51 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയില്‍ മഴ വീണ്ടും ശക്തമായി.താഴ്ന്ന് പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലായിട്ടുണ്ട്. ഇതോടെ ദുരിതത്തിലായ 55 കുടുംബങ്ങളിലെ 171 പേരെ മാറ്റിപാര്‍പ്പിച്ചതായി ജില്ലാ കലക്ടര്‍ വി കേശവേന്ദ്രകുമാര്‍ അറിയിച്ചു. ഇവരില്‍ 50 പേര്‍ പുരുഷന്മാരും 69 പേര്‍ സ്ത്രീകളും 52 പേര്‍ കുട്ടികളുമാണ്.
ചീരാല്‍ വില്ലേജിലെ വെള്ളച്ചാല്‍ കോളനിയിലെ 10 കുടുംബങ്ങളില്‍പ്പെട്ട 34 പേരെ തൊട്ടടുത്ത കെട്ടിടത്തിലേക്കും നൂല്‍പ്പുഴ കാക്കത്തോട് കോളനിയിലെ 20 കുടുംബങ്ങളില്‍പ്പെട്ട 83 പേരെ കല്ലുമുക്ക് ഗവ. എല്‍ പി സ്‌കൂളിലേക്കും മാറ്റി. പുല്‍പ്പള്ളി പാളക്കൊല്ലി കോളനിയിലെ 11 കുടുംബങ്ങളിലുള്ള 37 പേരെ വിജയ എല്‍.പി.സ്‌കൂളിലും നൂല്‍പ്പുഴ കാര്യമ്പാടി കോളനിയിലെ എട്ട് കുടുംബങ്ങളേയും പൂതാടി ചിരട്ടയമ്പം കോളനിയിലെ 2 കുടുംബങ്ങളിലെ 8 പേരെയും കേളമംഗലം ഇടക്കാട്ട് പണപ്പാടി കോളനിയിലെ 4 കുടുംബങ്ങളിലെ 9 പേരെയും തൊട്ടടുത്ത വീടുകളിലും മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടര്‍ച്ചയായി ലഭിച്ചതിനെത്തുടര്‍ന്ന് കക്കയം ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ വയനാട് പടിഞ്ഞാറെത്തറ ബാണാസുരസാഗര്‍ അണ നിറയുന്നു. 773.8 മീറ്ററാണ് അണയില്‍ വ്യാഴാഴ്ച രേഖപ്പെടുത്തിയ ജലനിരപ്പ്. 775.6 മീറ്ററാണ് ഫുള്‍ റിസര്‍വോയര്‍ ലെവല്‍. ബാണാ സുര സാഗര്‍ അണക്കെട്ടു നിറ ഞ്ഞതിനാല്‍ ഏതു സമ യവും ഷട്ടര്‍ തുറക്കാന്‍ സാ ധ്യതയുള്ളതിനാല്‍ കരമാന്‍ തോടിന്റെ ഇരുവശവും ഡാമിന് താഴെയുള്ള പുഴയോരങ്ങളിലെ പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. മുമ്പ്് മഴക്കാലക്ക് 16 എം ക്യൂബ് വെള്ളം വരെ അണയില്‍നിന്നു ഒഴുക്കിയിട്ടുണ്ട്.
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മണ്ണണയാണ് പടിഞ്ഞാറത്തറയിലേത്. ബാണാസുരന്‍മലയടിവാരത്ത് കബനിയുടെ കൈവഴിയായ കരമാന്‍തോടിനു കുറുകെയാണ് ഈ അണ. 850 മീറ്ററാണ് നീളം. ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനുമായി 1979ല്‍ വിഭാവനം ചെയ്തതാണ് ബാണാസുരസാഗര്‍ പദ്ധതി.
2005ലാണിത് കമ്മീഷന്‍ ചെയ്തത്. 7.2 ടി.എം.സിയാണ് അണയുടെ ശേഷി. ഇതില്‍ 1.7 ടി.എം.സി. ജലസേചനത്തിനും ബാക്കി വൈദ്യുതി ഉത്പാദനത്തിനും വിനിയോഗിക്കുന്ന വിധത്തിലായിരുന്നു പദ്ധതിയുടെ ആസൂത്രണം. അണയുടെ കരമാന്‍തോട് തടത്തില്‍ 3200 ഹെക്ടറിലും കുറ്റിയാടി തടത്തില്‍ 5200 ഹെക്ടറിലും ജലസേചനമെന്ന പദ്ധതി ലക്ഷ്യം ഇന്നോളം പ്രാവര്‍ത്തികമായില്ല. അണയിലെ വെള്ളം പേരിനുപോലും ജലസേചനത്തിനു ഉപയോഗപ്പെടുത്തുന്നില്ല. മെയിന്‍ കനാലിന്റെ പ്രവൃത്തിപോലും പൂര്‍ത്തിയായിട്ടില്ല. വൈദ്യുതി ഉല്‍പാദനത്തിനു മാത്രമാണ് അണയിലെ ജലം ഉപയോഗപ്പെടുത്തുന്നത്.വര്‍ഷം 223 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് ബോര്‍ഡിന്റെ ലക്ഷ്യം. കക്കയം പദ്ധതിയിലെ വൈദ്യുതി ഉത്പാദനത്തിലൂടെ 2005നും 2012നും ഇടയില്‍ ഏകദേശം 700 കോടി രൂപയാണ് കെ.എസ്.ഇ.ബിയുടെ വരുമാനം.
സമുദ്രനിരപ്പില്‍നിന്നു ഏകദേശം 2000 അടി ഉയരത്തിലാണ് ബാണാസുരസാഗര്‍ അണ. 61.44 ചതുരശ്ര കിലോ മീറ്ററാണ് വൃഷ്ടിപ്രദേശം. 1604 ഹെക്ടര്‍ ഭൂമി ഈ പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതില്‍ 224 ഹെക്ടര്‍ വനവും 1380 ഹെക്ടര്‍ സ്വകാര്യ ഭൂമിയുമാണ്. 43 ഏക്കര്‍ റവന്യൂ ഭൂമിയും പദ്ധതിക്കായി ഉപയോഗപ്പെടുത്തി.
അണയില്‍ ഫുള്‍ റിസര്‍വോയര്‍ ലെവലില്‍ വെള്ളമെത്തുമ്പോള്‍ പ്രദേശത്ത് 1277 ഹെക്ടര്‍ ഭൂമിയാണ് മുങ്ങുക. ചെറുകുന്നുകളടക്കം വെള്ളത്തിനടിയിലാകും.
പടിഞ്ഞാറെത്തറ കൂവലത്തോടുകുന്ന് ആദിവാസി കോളനിക്ക് അഭിമുഖമായാണ് ബാണാസുര സാഗര്‍ അണയുടെ ഷട്ടറുകള്‍. ഇവ തുറന്ന് ഒഴുക്കുന്ന ജലം പുതുശേരി വഴി പനമരം പുഴയിലാണ് എത്തുന്നത്.

 

Latest