Connect with us

Palakkad

കലോത്സവങ്ങള്‍ മത്സരത്തിന് വേണ്ടി നടത്തേണ്ടവയല്ലെന്ന്: വീനിത നെടുങ്ങാടി

Published

|

Last Updated

പാലക്കാട്: കലയുടെ ഉത്സവങ്ങളായ കലോത്സവങ്ങള്‍ മത്സരത്തിനുവേണ്ടി നടത്തേണ്ടവയല്ലെന്നും വിദ്യാര്‍ഥികളെ മാനസികമായും ശാരീരികമായും ഉയര്‍ന്ന നിലവാരത്തിലേക്കെത്തിക്കുന്ന മാത്സര്യമില്ലാത്ത കലയുടെ വേദികളാകണമെന്നും പ്രശസ്ത നര്‍ത്തകി വിനീത നെടുങ്ങാടി പറഞ്ഞു.
യഥാര്‍ത്ഥ കലാകാരന്മാര്‍ യുവജനോത്സവ വേദികളില്‍ സ്ഥാനങ്ങള്‍ക്കായി മത്സരിക്കാറില്ല. സ്വയം മത്സരിക്കുകയും സ്വയം മെച്ചപ്പെടുത്തുകയുമാണ് അവര്‍ ചെയ്യുന്നത്. യുവജനോത്സവങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ മറ്റുളളവരുടെ പ്രകടനങ്ങള്‍ വിലയിരുത്തുകയും അവയിലെ നല്ല വശങ്ങളെ മനസിലാക്കി, സ്വായത്തമാക്കുകയും ചെയ്താല്‍ ഉയര്‍ന്ന നിലവാരത്തിലേക്കുയരാന്‍ കഴിയും. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി കലാമുന്നേറ്റം പരിപാടിയുടെ ആലോചനാ യോഗത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാക്ക് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി സി അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. യുവജനോത്സവത്തിന് സ്‌കൂളുകളില്‍ നടത്തേണ്ട തയ്യാറെടുപ്പുകളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. കലോത്സവത്തില്‍ എല്ലാ അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും പങ്കാളിത്തം ഉറപ്പുവരുത്തണം. പി ടി എ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചു ചേര്‍ത്ത് രക്ഷിതാക്കളുമായും ജനപ്രതിനിധികളുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം.
വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ച് സെപ്റ്റംബര്‍ 30 ന് സ്‌കൂള്‍ കലോത്സവം സമാപിക്കും. ഇതിനായി അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധികാരികളും കൂട്ടായി ശ്രമിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി എസ് മജീദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സലീഖ ടീച്ചര്‍, ഹയര്‍ സെക്കന്‍ഡറി അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സലീം മാസ്റ്റര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Latest