ജനിതക വിളകളുടെ പരീക്ഷണം

Posted on: August 2, 2014 6:00 am | Last updated: August 2, 2014 at 8:07 am

SIRAJ.......ജനിതക വിളകള്‍ക്ക് നല്‍കിയ അനുമതി മരവിപ്പിച്ച കേന്ദ്ര നടപടി സ്വാഗതാര്‍ഹമാണ്. അമേരിക്കയിലുള്‍പ്പെടെ ലോകമെമ്പാടും ജനിതക വിളകള്‍ക്കെതിരെ പ്രതിഷേധം ആളിപ്പടരുന്നതിനിടെയാണ് നെല്ല്, വഴുതന, കടുക് തുടങ്ങി 15 ഇനം വിളകളുടെ ജനിതക പരീക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം 18ന് അനുമതി നല്‍കിയത്. ജി എം വിളകള്‍ക്കെതിരായ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ വന്‍കിട വിത്ത്, കീടനാശിനി കമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സര്‍ക്കാറിന്റെ ഈ നടപടിയെന്ന് ആരോപണമുയര്‍ന്നിരുന്നു.
ജനിതക വിത്തുകളുടെ വ്യാപനമാണ് വര്‍ധിച്ചുവരുന്ന ഭക്ഷ്യ പ്രതിസന്ധിക്ക് പരിഹാരമെന്നും പരമ്പരാഗത കാര്‍ഷിക രീതി തുടര്‍ന്നാല്‍ ഭക്ഷ്യ ഇറക്കുമതിക്ക് രാജ്യം നിര്‍ബന്ധിതമാകുമെന്നുമാണ് സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ ജി എം വിളകള്‍ കാര്‍ഷിക മേഖലയിലും ആരോഗ്യ രംഗത്തും ഗുതുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് പരിസ്ഥിതി സംഘടനകളുടെയും വിദഗ്ധരുടെയും പക്ഷം. ഗവേഷണ ഫലങ്ങള്‍ ഈ വാദത്തെ സാധൂകരിക്കുന്നുമുണ്ട്. വന്‍കിട അമേരിക്കന്‍ കമ്പനിയായ ‘മൊന്‍സാന്റൊ’ ആണ് ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ ആദ്യമായി വിപണിയിലിറക്കിയത്. കാര്‍ഗില്‍, പെപ്‌സി, ബെയര്‍ പോലുള്ള ബഹുരാഷ്ട്ര കുത്തകകളും പിന്നീട് രംഗത്ത് വന്നു. കളകളുടെ ഉപദ്രവമേല്‍ക്കാത്തതും കൂടുതല്‍ ഉത്പാദനക്ഷമവുമെന്ന് കമ്പനികള്‍ അവകാശപ്പെടുന്ന ഈ വിത്തിനങ്ങളെ സംബന്ധിച്ചു വിവിധ രാജ്യങ്ങള്‍ നടത്തിയ പരീക്ഷണ ഫലങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഫ്രാന്‍സിലെ ശാസ്ത്രജ്ഞര്‍ എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ജി എം ധ്യാന്യങ്ങള്‍ ട്യൂമറും കിഡ്‌നിക്കും ലിവറിനും മാരകമായ ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നതായി കണ്ടെത്തുകയുണ്ടായി.
കുത്തക കമ്പനികളുടെ സമ്മര്‍ദ ഫലമായി ജനിതക മാറ്റം വരുത്തിയ പരുത്തി, വഴുതിന തുടങ്ങിയ കൃഷികള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു. എന്നാല്‍ ആന്ധ്ര പ്രദേശിലും മഹരാഷ്ട്രയിലെ വിദര്‍ഭയിലും വ്യാപകമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇവ ഉണ്ടാക്കിയത്. പരുത്തി കൃഷിപ്പണികളിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകത്തൊഴിലാളികളെ വിവിധ തരം അലര്‍ജി രോഗങ്ങള്‍ ബാധിച്ചു. ആന്ധ്രയിലെ അഡിലാബാദ്, വാറംഗല്‍ ജില്ലകളില്‍ വിളവെടുത്ത പരുത്തി വയലുകളിലെ അവശിഷ്ടങ്ങളില്‍ മേഞ്ഞ നൂറുകണക്കിന് ആടുകള്‍ ചത്തൊടുങ്ങി. വിളവെടുത്ത് ദിവസങ്ങള്‍ക്കു ശേഷവും പരുത്തിച്ചെടിയുടെ അവശിഷ്ടങ്ങളില്‍ വിഷാംശം നിലനില്‍ക്കുന്നതായും കണ്ടെത്തി. പരിസ്ഥിതി, ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ബീഹാര്‍ സര്‍ക്കാര്‍ ജനിതകമാറ്റം വരുത്തിയ വഴുതനയുടെ ഉത്പാദനം തടയുകയുണ്ടായി.
ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ മാത്രമല്ല, ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യ കയറ്റുമതിയെയും ബാധിക്കും ജി എം വിളകളുടെ വ്യാപനം. യൂറോപ്യന്‍ യൂനിയനിലെയും മധ്യപൂര്‍വേഷ്യയിലെയും രാജ്യങ്ങളിലേക്ക് വന്‍തോതില്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഭക്ഷ്യാവശ്യാര്‍ഥമുള്ള അരിയില്‍ ജനിതക വ്യതിയാനം വരുത്തിയ അരിയുടെ കലര്‍പ്പ് അശേഷമുണ്ടാകരുതെന്ന നിര്‍ബന്ധക്കാരാണ് ഈ രാജ്യങ്ങളല്ലാം. ജനിതക പരിവര്‍ത്തിതമെന്നു സംശയിക്കുന്ന ആറ് മണികള്‍ കണ്ടെത്തിയതിനാണ് അമേരിക്കയില്‍ നിന്നുള്ള അരി യൂറോപ്യന്‍ യൂനിയനും ജപ്പാനും നിറുത്തിവെച്ചത്. നെല്ലിലുള്ള എല്ലാ തരം ജനിതക വ്യതിയാന പരീക്ഷണങ്ങളും ഉടനടി നിറുത്തിവെക്കണമെന്ന് രാജ്യത്തെ അരി കയറ്റുമതി വ്യവസായികളുടെ സംഘടന ആവശ്യപ്പെട്ടത് ഇതുകൊണ്ടാണ്.
ജനിതക മാറ്റം വരുത്തിയ ഭക്ഷ്യവിളകളുടെ കൃഷിയിടങ്ങളിലെ പരീക്ഷണം പത്ത് വര്‍ഷത്തോടെ നിരോധിക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് നല്‍കിയതും ശ്രദ്ധേയമാണ്. ജനിതക വിത്തുകളുടെ പരീക്ഷണം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയില്‍ ഇതെക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ചതാണ് ഈ സമിതി. നെല്ലുള്‍പ്പെടെ രാജ്യത്തെ അടിസ്ഥാന വിളകളില്‍ ജനിതക പരീക്ഷണം വേണ്ടെന്നും പൂര്‍ണമായും സുരക്ഷിതമാണെങ്കില്‍ മാത്രമേ മറ്റു ജനിതക വിത്തുകളെ പരിഗണിക്കാവൂ എന്നും സമിതി നിര്‍ദേശിക്കുന്നുണ്ട്. കീടരോഗങ്ങളുള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ളതാണ് ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ നാടന്‍ നെല്ലിനങ്ങളെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചതുമാണ്. ഇവയെ ഉപേക്ഷിച്ചു സര്‍ക്കാര്‍ എന്തിന് കുത്തക കമ്പനികളുടെ ജനിതക വിത്തുകളുടെ പിന്നാലെ പോകണം?

ALSO READ  കശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കിയതു കൊണ്ടായില്ല