മയക്കുമരുന്ന് ലോബികളുടെ വേരറുക്കുംവരെ മുന്നോട്ട് പോകും: ചെന്നിത്തല

Posted on: August 2, 2014 1:38 am | Last updated: August 2, 2014 at 1:38 am

കൊച്ചി: മയക്കു മരുന്ന് ലോബികളുടെ വേരറുക്കുന്നതു വരെ കേരളാപോലീസ് റെയ്ഡ് അടക്കമുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൊച്ചിയില്‍ നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതിയുടെ നടത്തിപ്പുല്‍ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുകയില ഉദ്പന്നങ്ങളുടെ ഉപയോഗം കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാറിനാവില്ല. സ്‌കൂളുകളിലും കോളജുകളിലും ഇതിനെതിരെ ശക്തമായ ബോധത്കരണം നടത്തും. ഇതിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ മമ്മൂട്ടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതേ കുറിച്ച് എക്‌സൈസ് മന്ത്രി കെ ബാബുവും മറ്റു ഉന്നത ഉദ്യോഗസതരുമായി ഈ മാസം 12ന് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം സ്ത്രീ സൗഹൃദ സംസ്ഥാനമാക്കി മാറ്റാണ് നിര്‍ഭയ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിയമങ്ങള്‍ പരിപാലിക്കാത്തവരെ നിയമത്തിനു മുന്നിലേക്ക് കൊണ്ടു വരികയാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ കോര്‍പറേഷനിലെ 74 വാര്‍ഡുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് വിജയകരമാകുന്നതോടെ മറ്റു കോര്‍പറേഷനുകളിലേക്കും പദ്ധതി വ്യാപിക്കും. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കേരളം മുഴുവന്‍ പദ്ധതി നടപ്പാക്കാനാണുദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി കോര്‍പറേഷനില്‍ നിര്‍ഭയക്ക് 120 വളണ്ടിയര്‍മാരാണുള്ളത്. ജോലി സ്ഥലങ്ങളടക്കമുള്ള സ്ഥലങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വളണ്ടിയര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടണം. സ്ത്രീകള്‍ക്ക് പൊതു സ്ഥലങ്ങളില്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സ്വതന്ത്രമായി നടക്കാന്‍ കഴിയണമെന്നാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. സ്ത്രീ സുരക്ഷിതമായ ഒരു സമൂഹം വാര്‍ത്തെടുക്കാന്‍ കഴിഞ്ഞാല്‍ പദ്ധതിയടെ വിജയം സംസ്ഥാനത്തിന്റെ മൊത്തം വിജയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍ഭയ പദ്ധതിയുടെ സന്നദ്ധസേവകര്‍ക്കുള്ള കൈപ്പുസ്തകത്തിന്റെ പ്രകാശനം എക്‌സൈസ് മന്ത്രി കെ ബാബു നിര്‍വ്വഹിച്ചു. മുബൈ പോലുള്ള മഹാനഗരങ്ങളിലുള്ള സുരക്ഷ കേരളത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലയെന്നും ഈ മനോഭാവത്തിന് ഒരു മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നിര്‍ഭയ പദ്ധതിയുടെ പ്രതിജ്ഞാ വാചകം സിനിമാ താരം രമ്യാനമ്പീശന്‍ ചൊല്ലിക്കൊടുത്തു. ഹൈബി ഈഡന്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കളക്ടര്‍ രാജമാണിക്യം, ഡൊമനിക് പ്രസന്റെഷന്‍ എം എല്‍ എ, ലൂഡി ലൂയിസ്, ഡപ്യൂട്ടി മേയര്‍ പി ഭദ്ര, ഡി സി പി നിശാന്തിനി ഐ പി എസ് പങ്കെടുത്തു.