ചെറുത്തുനില്‍പ്പിന്റെ കരുത്തുറ്റ മുഖമായി ‘ലിറ്റില്‍ ജേണലിസ്റ്റ്’

Posted on: August 2, 2014 12:39 am | Last updated: August 2, 2014 at 12:39 am
1406855535824_Image_galleryImage_JoMa_Sommarstrom_jpg_larg
മര്‍സ്റ്റം പോസ്റ്റ് ചെയ്ത ബാലന്റെ ചിത്രം

ഗാസ സിറ്റി: ഇസ്‌റാഈല്‍ സൈന്യത്തിന്റെ തീയുണ്ടകള്‍ കുഞ്ഞുമേനികള്‍ കരിച്ച് നാമാവശേഷമാക്കുമ്പോള്‍, ചെറുത്തുനില്‍പ്പിന്റെ കരുത്തുറ്റ മുഖമായിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകരുടെ വേഷമിട്ട ഗാസയിലെ ഈ പയ്യന്‍. മാധ്യമപ്രവര്‍ത്തകര്‍ ധരിക്കുന്ന പോലെയുള്ള വീട്ടില്‍ നിര്‍മിച്ച ജാക്കറ്റും ‘പ്രസ്’ എന്നെഴുതിയ ഹെല്‍മെറ്റും ധരിച്ച് അഭിമാനത്തോടെ ക്യാമറക്ക് മുന്നില്‍ പോസ് ചെയ്യുന്ന ആറ് വയസ്സുകാരന്റെ വാക്കുകളില്‍ അതിജീവനത്തിന്റെ മന്ത്രധ്വനികളാണുള്ളത്. ‘ഞാനൊരു മാധ്യമപ്രവര്‍ത്തകനാണ്. ഇവിടെ സംഭവിക്കുന്നതൊക്കെ ഞാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതാണ് എന്റെ ജാക്കറ്റ്.’ ജോഹന്‍ മത്യാസ് സോമര്‍സ്റ്റം എന്ന റിപ്പോര്‍ട്ടര്‍ ട്വിറ്ററല്‍ പോസ്റ്റ് ചെയ്ത പയ്യന്റെ ചിത്രം 5500 തവണയാണ് ഷെയര്‍ ചെയ്യപ്പെട്ടത്. ഫലസ്തീന്‍ കുട്ടിയുടെ അതിജീവിക്കുകയെന്ന കരുത്തുറ്റ ഇച്ഛാശക്തിയുടെ പ്രതീകമാണ് ഇതെന്ന് അദ്ദേഹം പറയുന്നു.
ഗാസ സിറ്റിയിലെ സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം ഉച്ചയോടെ ഹോട്ടലിലേക്ക് മടങ്ങാനൊരുങ്ങവെയാണ് ഈ കുട്ടി ജോഹന്‍ മത്യാസിനെ സമീപിച്ചത്. ഞാനൊരു മാധ്യമപ്രവര്‍ത്തകനാണെന്ന് ഈ കുട്ടി പറഞ്ഞയുടനെ ടി വി എന്ന എംബ്ലമുള്ള തലയില്‍ ധരിച്ച ഹെല്‍മെറ്റെടുത്ത് അവന് നല്‍കി. ഒരു നിമിഷം അവന്റെ മുഖം അഭിമാനം നിറഞ്ഞ് പൂത്തുലഞ്ഞു. അവന്റെ കൂട്ടുകാര്‍ സന്തോഷത്തെടെ കരഘോഷം മുഴക്കി അവന് ചുറ്റും നൃത്തം ചവുട്ടാന്‍ തുടങ്ങി. ആക്രമണത്തിന്റെയും ഭീതിയുടെയും ദിവസങ്ങള്‍ക്കിടെ അപൂര്‍വ അതിഥിയായി സന്തോഷം വിരുന്നെത്തിയ ആ നിമിഷം താന്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നെന്ന് മത്യാസ് പറയുന്നു. ‘വീട്ടില്‍ നിര്‍മിച്ച ചണ ജാക്കറ്റുമായി ജേണലിസ്റ്റായി പെരുമാറുന്ന കൊച്ചുകുട്ടിക്ക് എന്റെ ഹെല്‍മെറ്റ് കടമായി നല്‍കേണ്ടി വന്നു’ എന്നാണ് അദ്ദേഹം ചിത്രത്തിന്റെ അടിയില്‍ കുറിച്ചത്. ഗാസ ആക്രമണം തുടങ്ങിയതിന് ശേഷം സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ പങ്ക് വെച്ച ചിത്രമായി ഇത് മാറിയിരിക്കുകയാണ്.
‘യുദ്ധരംഗത്ത് കാണാന്‍ ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങളുണ്ടാകും. മരിച്ച കുട്ടികള്‍, മാതാപിതാക്കള്‍, അവസാനിക്കാത്ത വേദന, തകര്‍ന്ന കൂരകള്‍… കുട്ടികളുടെ അതിജീവന തൃഷ്ണയുടെ വലിയ ഉദാഹരണമാണ് എനിക്ക് ആ ചിത്രം. മാധ്യമപ്രവര്‍ത്തകര്‍ ഹോട്ടലിന് പുറത്തും സഞ്ചരിക്കണമെന്ന് അവന്‍ കാണിച്ചുതന്നു; ഞങ്ങള്‍ അതിജീവിക്കുമെന്നും. അവന്റെ തമാശക്കളി ഞങ്ങളെ പോലെയാകാനാണ്, അതിജീവിക്കുന്നവരാകാന്‍.’

‘യുദ്ധരംഗത്ത് കാണാന്‍ ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങളുണ്ടാകും. മരിച്ച കുട്ടികള്‍, മാതാപിതാക്കള്‍, അവസാനിക്കാത്ത വേദന, തകര്‍ന്ന കൂരകള്‍… കുട്ടികളുടെ അതിജീവന തൃഷ്ണയുടെ വലിയ ഉദാഹരണമാണ് എനിക്ക് ആ ചിത്രം. മാധ്യമപ്രവര്‍ത്തകര്‍ ഹോട്ടലിന് പുറത്തും സഞ്ചരിക്കണമെന്ന് അവന്‍ കാണിച്ചുതന്നു; ഞങ്ങള്‍ അതിജീവിക്കുമെന്നും. അവന്റെ തമാശക്കളി ഞങ്ങളെ പോലെയാകാനാണ്, അതിജീവിക്കുന്നവരാകാന്‍.’