ചീനമുട്ടുമായി 50-ാം വര്‍ഷവും ഉസ്താദ് ഹുസൈന്‍

Posted on: August 1, 2014 9:10 pm | Last updated: August 1, 2014 at 9:10 pm

1അബുദാബി: അന്യം നിന്ന് പോകുന്ന സംഗീത രൂപമായ ചീനമുട്ടുമായി ഉസ്താദ് ഹുസൈനും സംഘവും യു എ ഇയിലെത്തി. വടക്കേ ഇന്ത്യയില്‍ ഷഹനായി എന്ന പേരില്‍ അറിയപ്പെടുന്ന വാദ്യ സംഗീതം മലബാറില്‍ ചീനമുട്ട്, മുട്ടും വിളി എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്.

ഒരു കാലത്ത് ഉത്സവങ്ങളിലും ആഘോഷങ്ങളിലും നിറ സാന്നിധ്യമായിരുന്നു ചീനമുട്ട്. പുതുതലമുറക്ക് ഈ സംഗീത രൂപം അത്രപരിചിതമല്ല. ഇതിന് പഞ്ച വാദ്യവുമായി ബന്ധമുണ്ട്. പഞ്ചവാദ്യത്തില്‍ അഞ്ച് സംഗീതഉപകരണങ്ങളാണ് ഉപയോഗിക്കുന്നതെങ്കില്‍ ചീനമുട്ടില്‍ മൂന്ന് സംഗീത ഉപകരണമാണ് ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെ പഞ്ചവാദ്യത്തിനുള്ള സ്ഥാനം മാപ്പിള ഷഹനായിക്കുമുണ്ട്. വലിയ ചെണ്ട (ഒറ്റ) ചെറിയ ചെണ്ട (മുരുശ്) എന്നീ ഉപകരണങ്ങളാണ് ശഹനായി നാദത്തിന് മാറ്റ് കൂട്ടുന്നത്.
46 വര്‍ഷമായി ഷഹനായി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹുസൈന്‍ കഴിഞ്ഞ ദിവസം ഐ എസ് സിയില്‍ നടന്ന സംഗീത നിശക്ക് വേണ്ടിയാണ് അബുദാബിയിലെത്തിയത്. ഷഹനായി വാദ്യക്കാരുടെ പാരമ്പര്യം വേരറ്റുപോയിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. ചരിത്ര പ്രസിദ്ധമായ മണന്തല ചന്ദനകുടം നേര്‍ച്ചയില്‍ ഷഹനായി നാദത്തിന് വലിയ പ്രാധാന്യമാണുള്ളത്. 55 കൊല്ലത്തോളം പഴക്കമുള്ള കുഴലാണ് ഹുസൈന്‍ ഉപയോഗിക്കുന്നത്.
മക്കളായ അലി, ഉമറുല്‍ ഫാറൂഖ്, മരുമകന്‍ ഹുസൈന്‍ എന്നിവരാണ് ഉസ്താദ് ഹുസൈന്റെ സംഘത്തിലെ മറ്റു കലാകാരന്മാര്‍. ബദരിയ്യ മുട്ടുവിളി എന്ന പേരിലാണ് ഹുസൈന്റെ ഈ കലാസംഘത്തെ അറിയപ്പെടുന്നത്. പ്രവാസികളില്‍ നിന്നും നല്ല പ്രോത്സാഹനമാണ് ലഭിക്കുന്നതെന്ന് ആദ്യമായി യു എ ഇയിലെത്തിയ ഹുസൈന്‍ പറഞ്ഞു. കേരള സര്‍ക്കാറിന്റെ ഫോക്‌ലോര്‍ അവാര്‍ഡിന് പുറമെ നിരവധി മാപ്പിള സംഘടനകളുടെ അവാര്‍ഡുകളും ഹുസൈന് ലഭിച്ചിട്ടുണ്ട്.
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവത്തില്‍ പ്രത്യേകം ആദരിക്കപ്പെട്ട പാലക്കാട് കണ്ണബ്രലൂര്‍ക്കുന്ന് കുഞ്ഞൂറ് വീട്ടില്‍ കെ എസ് മുഹമ്മദ് ഹുസൈന്‍ (65) ഷഹനായി വായന 1968ല്‍ തുടങ്ങിയതാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒട്ടേറെ വേദികളിലും കൊണ്ടോട്ടി നേര്‍ച്ച ഉള്‍പ്പെടെ പലപ്പോഴും മലപ്പുറത്തു ഏഴ് സുഷിരങ്ങളുടെ ഒരടി നീളമുള്ള കുഴലാണ് ചീനക്കുഴല്‍.
മാപ്പിള ഷഹനായി അവതരിപ്പിക്കുന്നവരെ വാദ്യക്കാര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. സപ്ത സ്വരങ്ങളാണ് ശബ്ദത്തിന്റെ അടിസ്ഥാനം. ചുണ്ടോട് ചേര്‍ത്ത് പിടിക്കുന്ന കുഴലിന്റെ ഭാഗത്തു വെള്ളികൊണ്ടുള്ള അലക്കുകള്‍ കാണാം. ഊതുന്ന ഭാഗത്ത് പനയോല കൊണ്ടുള്ള ചീന്തുകള്‍ ഘടിപ്പിച്ചാണ് ശബ്ദം പുറപ്പെടുവിക്കുക. ഇതിനായി പനയോല കഷ്ണങ്ങള്‍ പാലില്‍ പുഴുങ്ങിയെടുത്ത ശേഷം ചെളിയില്‍ പൂഴ്ത്തിയെടുത്ത് ഉണക്കിയാണ് ചീനക്കുഴല്‍ ഉപയോഗിക്കുന്നതെന്ന് ഉസ്താദ് ഹുസൈന്‍ വെളിപ്പെടുത്തി.