Connect with us

Gulf

വീട്ടുവാടക നിയന്ത്രണ വിധേയമായില്ല

Published

|

Last Updated

ദുബൈ: യുഎഇയില്‍ വീട്ടുവാടക നിയന്ത്രണ വിധേയമായില്ല. ദുബൈ, ഷാര്‍ജ, അബുദാബി എന്നീ നഗരങ്ങളില്‍ വീട്ടുവാടകയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2020ല്‍ വരാന്‍ പോകുന്ന വേള്‍ഡ് എക്‌സ്‌പോയുടെ പേരിലാണ് ദുബൈയിലും സമീപ എമിറേറ്റായ ഷാര്‍ജയിലും വാടക വര്‍ധിക്കുന്നത്. വാടക നിയന്ത്രണം എടുത്തു കളഞ്ഞതാണ് അബുദാബിയിലെ വര്‍ധനക്ക് കാരണം. കുടുംബമായി താമസിക്കുന്ന ശരാശരി പ്രവാസി മലയാളിയുടെ ശമ്പളം 5,000 ദിര്‍ഹം മുതല്‍ 10,000 വരെയാണ്. ഭാര്യകൂടി ജോലിക്ക് പോകുന്നു എങ്കില്‍ അത് പതിനായിരത്തിനും പന്ത്രണ്ടായിരത്തിനും ഇടിയിലായിരിക്കും.

ഷാര്‍ജയില്‍ വാര്‍ഷിക വാടക (ശരാശരി) വണ്‍ ബെഡ് റൂമിന് 24,000 മുതല്‍ 46,000 വരെ ദിര്‍ഹം. ടു ബെഡ് റൂമിന് 28,000 മുതല്‍ 60,000 വരെ, സ്റ്റുഡിയോ ഫഌറ്റിന് 18,000 മുതല്‍ 26,000 വരെ. ദുബൈ നഗരത്തോട് അടുത്തു കിടക്കുന്ന അല്‍ നഹ്ദ, അല്‍ ഖാന്‍, നാഷണല്‍ പെയിന്റ്‌സ് എന്നിവിടങ്ങളിലും ബുഹൈറ കോര്‍ണിഷിലുമാണ് വാടക കൂടുതല്‍. അജ്മാനോട് അടുത്ത് കിടക്കുന്ന സ്ഥലങ്ങളിലും റോള പോലെയുള്ള ഭാഗങ്ങളിലുമാണ് ഒരല്‍പ്പം കുറവ്.
ദുബൈയില്‍ വണ്‍ ബെഡ് റൂമിന് 37,000 മുതല്‍ 60,000 വരെ, ടു ബൈഡ് റൂമിന് 57,000 മുതല്‍ 1,00,000 വരെ
സ്റ്റുഡിയോ ഫഌറ്റിന് ഇരുപത്തിയാറായിരം മുതല്‍ മുപ്പത്തിയെട്ടായിരം വരെ. ദുബൈ നഗരത്തിലെ ആഡംബര വില്ലകളേയും ഫഌറ്റുകളേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഷാര്‍ജയോട് അടുത്തു നില്‍ക്കുന്ന അല്‍ നഹ്ദ പോലെയുള്ള സ്ഥലങ്ങളിലും പഴയ കെട്ടിടങ്ങളിലുമാണ് വാടക കുറവുള്ളത്.
അബുദാബിയില്‍ വണ്‍ ബെഡ് റൂമിന് 50,000 മുതല്‍ 80,000 വരെ, ടു ബെഡ് റൂമിന് 80,000 മുതല്‍ 1,25,000 വരെ, സ്റ്റുഡിയോ ഫഌറ്റിന് 37,000 മുതല്‍ 40,000 വരെ.
ഇവിടേയും ആഡംബര ഫഌറ്റുകളേയും വില്ലകളേയും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം നഗരത്തില്‍ നിന്നും മാറിയുള്ള മുസഫ്ഫ വ്യവസായ മേഖലയിലും ഇപ്പോള്‍ വീട്ടുവാടക വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വാടകയില്‍ പതിനായിരം മുതല്‍ മുപ്പതിനായിരും വരെ വര്‍ധനവാണ് ഉണ്ടായത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഈ വലിയ വാടക നല്‍കി താമസിക്കുക എന്നതല്ലാതെ വേറെ നിവൃത്തിയില്ല.
ഒരു പ്രവാസി മലയാളിയുടെ വാര്‍ഷിക ശമ്പളത്തിന്റെ നാല്‍പ്പത് മുതല്‍ അറുപത് ശതമാനം വരെ വാടക, വെള്ളം, വൈദ്യുതി, കേബിള്‍ ഇന്റര്‍നെറ്റ്, ഫോണ്‍ എന്നിവക്കായി ചെലവാക്കേണ്ടി വരുന്നു. ബാക്കിയുള്ളതില്‍ നിന്നും യുഎഇയിലെ വീട്ടുചെലവ്, കുട്ടികളുടെ സ്‌കൂള്‍ ഫീസ്, ബാങ്കിലെ അടവുകള്‍, ക്രൈഡിറ്റ് കാര്‍ഡ്, നാട്ടിലേക്ക് മാതാപിതാക്കള്‍ അയച്ചു കൊടുക്കുക തുടങ്ങിയവ കഴിഞ്ഞാല്‍ കാര്യമായ മിച്ചം കാണില്ല.