പച്ചക്കറിയില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കൃഷി വകുപ്പ്

Posted on: August 1, 2014 11:22 am | Last updated: August 1, 2014 at 11:22 am

vegetableമാനന്തവാടി: പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കൃഷി വകുപ്പ് വിവിധ പദ്ധതികള്‍ തയ്യാറാക്കുന്നു. 2015-16 വര്‍ഷത്തില്‍ 8.69 ലക്ഷം ടണ്‍ പച്ചക്കറി ഉത്പാദിപ്പിച്ച് സ്വയം പര്യാപ്തത നേടുകയാണ് പ്രധാന ലക്ഷ്യം. സംയോജിത കൃഷി രീതിയിലൂടെ സുസ്ഥിര കൃഷി ലക്ഷ്യമാക്കിയുള്ള മൂന്ന് മേഖലാ ഡയറക്ടറേറ്റുകള്‍ രൂപീകരിക്കും. സംസ്ഥാനത്ത് തെരഞ്ഞെടുക്കുന്ന 39 ബ്ലോക്കുകളിലും 271 ഗ്രാമപഞ്ചായത്തുകളിലും രണ്ടു കോര്‍പറേഷനിലും കീടരോഗ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും.
കൂടാതെ വിള ആരോഗ്യ ക്ലിനിക്കുകകള്‍ ഗ്രാമപഞ്ചായത്ത് തലങ്ങളിലും ആരംഭിക്കും. കൃഷി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് തൈകള്‍ പ്രാദേശികമായിതന്നെ ഉത്പാദിപ്പിച്ച് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വിതരണം ചെയ്യും. തെരഞ്ഞെടുക്കുന്ന നിയോജക മണ്ഡലങ്ങളില്‍ നിറവ് സമഗ്രപദ്ധതിയും നടപ്പാക്കും. ലക്ഷം യുവജനങ്ങള്‍ക്ക് തൊഴില്‍ ദാന പദ്ധതിയുടെ ഭാഗമായി യുവകര്‍ഷകര്‍ക്ക് ബാങ്ക് വായ്പയും ലഭ്യമാക്കും.
കാര്‍ഷിക മേഖലയില്‍ ആകര്‍ഷിക്കാനുമാണ് പദ്ധതി. ജൈവവിദ്യാലയങ്ങളില്‍ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനും പദ്ധതി തയ്യാറായി കഴിഞ്ഞു. ജില്ലയില്‍ 1500 ഏക്കറില്‍ സ്‌ട്രേബറി കൃഷിയ്ക്കുള്ള സാങ്കേതിക സഹായവും കൃഷി വകുപ്പ് മുഖേന ലഭ്യമാക്കും. പഴം, പച്ചക്കറി, പുഷ്പങ്ങള്‍, ഔഷധ സസ്യങ്ങള്‍, തേന്‍, കൂണ്‍ എന്നിവ മില്‍മ മാതൃകയില്‍ നേരിട്ട് സംഭരിച്ച് വിപണിയില്‍ എത്തിക്കാനും പ്രത്യേക പദ്ധതികള്‍ കണ്ടെത്തും.
2016 ആവുന്നതോടെ നമുക്ക് ആവശ്യമായ പച്ചക്കറികള്‍ ഇവിടെ തന്നെ ഉത്പാദിപ്പിക്കാനാണ് കൃഷി വകുപ്പിന്റെ കണക്കുകൂട്ടല്‍.