Connect with us

Malappuram

കലിതുള്ളി കാലവര്‍ഷം

Published

|

Last Updated

മഞ്ചേരി: കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപക നാശനഷ്ടം. ബുധനാഴ്ച രാത്രി കാവനൂരില്‍ ഒഴുക്കില്‍പ്പെട്ട ഇരിവേറ്റി വാളാരിങ്ങല്‍ കോളനിയില്‍ കടുങ്ങന്‍ (60)ന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
വീടിനടുത്തുള്ള തോട്ടിലാണ് കടുങ്ങന്‍ ഒഴുക്കില്‍പെട്ടത്. മുക്കം, നിലമ്പൂര്‍ ഫയര്‍ഫോഴ്‌സുകളും അരീക്കോട് പൊലീസും നാട്ടുകാരും റവന്യൂ അധികൃതരും ചേര്‍ന്ന് തിരച്ചില്‍ തുടരുന്നുവെങ്കിലും കടുങ്ങനെ കണ്ടെത്താനായിട്ടില്ല. തോട്ടിലും ചാലിയാര്‍ പുഴയിലുമാണ് തെരച്ചില്‍ നടത്തുന്നത്. മുണ്ടിച്ചിയാണ് ഭാര്യ, മക്കളില്ല.
ഊര്‍ങ്ങാട്ടിരി വില്ലേജില്‍ വടക്കുമുറി ചാലില്‍കുന്ന് നീരുട്ടിച്ചാല്‍ സുലൈമാന്റെ വീട് പൂര്‍ണ്ണമായും തകര്‍ന്നു. രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വെറ്റിലപ്പാറ വില്ലേജില്‍ പറമ്പിലാവ് വര്‍ഗ്ഗീസ് മകന്‍ തോമസ് പൈക്കാട്, പൂക്കോട്ടൂര്‍ വില്ലേജിലെ ചുണ്ടയില്‍തൊടി അയ്യപ്പന്റെ ഭാര്യ സരോജിനി, വള്ളുവമ്പ്രം അലവി ഹാജി മകന്‍ ടി വി മൊയ്തീന്‍ ഹാജി, പൂക്കോട്ടൂര്‍ കറുത്തേടത്ത് മമ്മദ് കുട്ടിയുടെ മകന്‍ മുഹമ്മദ്, ഊര്‍ങ്ങാട്ടിരി മൈത്ര കൂത്തുപറമ്പ് കളത്തിങ്ങല്‍തൊടി പരിയാരന്‍ മുരളീധരന്‍ എന്നിവരുടെ വീടുകള്‍ ഭാഗികമായും തകര്‍ന്നു. റവന്യൂ അധികൃതര്‍ വീടുകള്‍ സന്ദര്‍ശിച്ചു.
എടപ്പാള്‍: അപ്രതീക്ഷിതമായുണ്ടായ ചുഴലികാറ്റ് മേഖലയില്‍ കനത്ത നാശനഷ്ടമുണ്ടാക്കി. ഇന്നലെ രാവിലെ അനുഭവപെട്ട ചുഴലികാറ്റ് ശുകപുരം, നടുവട്ടം, പൂക്കരത്തറ, കാലടിത്തറ, അയിലക്കാട് മേഖലയില്‍ കനത്ത നാശനഷ്ടം ഉണ്ടാക്കി. ഒന്നര മുതല്‍ രണ്ട് മിനുട്ട് വരെ നീണ്ട് നിന്ന ചുഴലികാറ്റില്‍ എടപ്പാള്‍ മേഖല വിറച്ചു. ശ്രീവത്സം മെഡിക്കല്‍ കോളജ് പൂക്കരത്തറ റോഡില്‍ റബ്ബര്‍ മരങ്ങള്‍ വീണ് എട്ടോളം ഇലട്രിക്ക് പോസ്റ്റുകള്‍ റോഡിലേക്ക് വീണു.
വൈകീട്ടോടെ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും രാത്രി വൈകിയും വൈദ്യുത ബന്ധം പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. പൂക്കരത്തറ ഇറക്കത്തില്‍ റോഡിലേക്ക് വാകമരവും തെങ്ങും വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപെട്ടു. ശ്രീവത്സം മെഡിക്കല്‍ കോളേജിന് സമീപത്ത് ടി കെ കുഞ്ഞന്റെ വാഴത്തോട്ടം, കമുക്, തെങ്ങ് എന്നിവ പൂര്‍ണമായും തകര്‍ന്നു. ഇവിടെ കൃഷിക്കാവശ്യമായി നിര്‍മിച്ച ഷെഡും പൂര്‍ണമായും തകര്‍ന്നു. അയിലക്കാട് സ്‌കൂളിന് സമീപം താഴത്തേതില്‍ കുഞ്ഞാപ്പയുടെ വീട്ടിലെ തേക്ക് ഇലട്രിക്ക് പോസ്റ്റിലിലേക്ക് വീഴുകയും പോസ്റ്റടക്കം തൊട്ടടുത്തുള്ള ആലിങ്ങപറമ്പില്‍ ജാനകിയുടെ വീടിന് സമീപത്തേക്ക് വീണു.
വീടിന് കേടുപാടുകള്‍ സംഭവിച്ചു. ഇവിടെ വ്യാപകമായി കൃഷിനാശവും സംഭവിച്ചു. പള്ളത്ത് അബുവിന്റെ വീട്ടില്‍ പ്ലാവ് വീണ് വീടിന്റെ മതില്‍ വാഴകൃഷി എന്നിവക്ക് നാശം സംഭവിച്ചു. താഴത്തേതില്‍ ഹംസ, ആലപ്പാട്ട് മുഹമ്മദ്, കോട്ടയില്‍ കൃഷ്ണന്‍ എന്നിവരുടെ വീടുകളില്‍ തെങ്ങ് പ്ലാവ് തുടങ്ങിയ മരങ്ങള്‍ വീണ് നാശനഷ്ടം സംഭവിച്ചു. വിവിധ പ്രദേശങ്ങളിലുണ്ടായ കൃഷിനാശം തഹസില്‍ദാര്‍, വിവിധ വില്ലേജ് ഓഫീസര്‍ മാര്‍ തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിലെ അധികൃതര്‍ തുടങ്ങിയവരുടെ നേതൃത്ത്വത്തിലുള്ള വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ കണക്കാക്കി വരികയാണ്.
വളാഞ്ചേരി: ഭാരതപ്പുഴയുടെ തീരം ഇടിച്ചില്‍ വ്യാപകം. കുറ്റിപ്പുറം ചെമ്പിക്കല്‍ ഭാഗങ്ങളില്‍ ഭാരതപ്പുഴയുടെ തീരങ്ങളിലാണ് ശക്തമായ ഇടിച്ചില്‍ സംഭവിക്കുന്നത്. മഴ ശക്തമായതോടെ പുഴയിലെ ഒഴുക്കും കൂടി. ഭാരതപ്പുഴുടെ തീരം ഇടിഞ്ഞ് പോകാതിരിക്കാന്‍ സര്‍കാര്‍ തീരങ്ങളില്‍ മരങ്ങള്‍ നട്ട് പിടിപ്പിച്ചിരുന്നെങ്കിലും അവ തുടക്കത്തിലെ നഷിച്ച് പോയി. ചെമ്പിക്കല്‍ ഭാഗങ്ങളില്‍ തീരം ഇടിഞ്ഞ് പുഴ റോഡിനരികില്‍ എത്തിയിട്ടുണ്ട്. പുഴയുടെ തീരം ഇടിഞ്ഞ്‌പോകുന്നതും മരങ്ങള്‍ കടപുഴകി വീഴുന്നതും ഇല്ലാതാക്കാന്‍ അടിയിന്തിരമായി പരിഹാര മാര്‍ഗങ്ങള്‍ കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പുഴതീരം നഷിച്ചുപോകുന്നതില്‍ നിവാസികള്‍ ആശങ്കയിലാണ്.
വണ്ടൂര്‍: കഴിഞ്ഞ ദിവസമുണ്ടായ മഴയെ തുടര്‍ന്ന് വാണിയമ്പലം ശാന്തിനഗര്‍ പെരുമുണ്ടശ്ശേരി തൊണ്ടന്‍ വീട്ടില്‍ ശ്രീധരന്റെ മുറ്റത്തെ കിണറാണ് വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ ആള്‍മറയടക്കം താഴ്ന്നത്. കിണറില്‍ നിറയെ വെള്ളമുണ്ടായിരുന്നു. കൂടാതെ കരിങ്കല്‍കെട്ടും വെള്ളമടിക്കുന്ന മോട്ടോറും ഒന്നിച്ച് ആഴ്ന്നു.വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കിണര്‍ താഴ്ന്ന നിലയില്‍ കണ്ടെത്തിയത്.
പരപ്പനങ്ങാടി: കനത്ത മഴയിലും ശക്തമായ കാറ്റിലും വന്‍ നാശനഷ്ടങ്ങളുണ്ടായി. പരപ്പനങ്ങാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് നാശ നഷ്ടങ്ങളുണ്ടായത്. ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. നിരവധി വീടുകള്‍ ഭീഷണി നേരിടുകയാണ്.
നിരവധി മരങ്ങളും തെങ്ങുകളും കടപുഴകി വീണു. ചിറമംഗലം റെയില്‍വേ ഗേറ്റ് പരിസരത്ത് റോഡരികിലെ മരം വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. വൈദ്യുതി വിതരണവും മുടങ്ങി. നിരവധി വാഴകള്‍ നടുവൊടിഞ്ഞു വീണു. കരിങ്കല്ലത്താണിയിലും റോഡിലേക്ക് മരം വീണു. ഒലിപ്രം കടവ്, കൊടക്കാട്-ഉള്ളണം റോഡിലും തയ്യിലക്കടവിലും വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു. വൈദ്യുതി പ്രവാഹം നിലച്ചതിനാല്‍ അപകടങ്ങള്‍ ഉണ്ടായില്ല.
കാളികാവ്: അമ്പലക്കടവ് പാലത്തിന് സമീപം ശക്തമായ മലവെള്ളപ്പാച്ചിലില്‍ പുഴ ഇടിഞ്ഞ് വീട് തകര്‍ന്നു. പാറമ്മല്‍ പീടികക്ക് സമീപത്തെ ചോലക്കല്‍ ഹംസ എന്നയാളുടെ വീടാണ് പുഴ ഇടിഞ്ഞ് തകര്‍ന്നത്. വീടിന്റെ അടുക്കളയോട് ചേര്‍ന്ന ഭാഗമാണ് ഇടിഞ്ഞ് തകര്‍ന്നിട്ടുള്ളത്.

Latest