പൊതുസ്ഥലത്ത് വില്‍പനക്ക് വെച്ച 124 കാറുകള്‍ കണ്ടുകെട്ടി

Posted on: July 31, 2014 9:10 pm | Last updated: July 31, 2014 at 9:10 pm

For saleറാസല്‍ഖൈമ: പൊതുസ്ഥലങ്ങളില്‍ നിയമം ലംഘിച്ച് വില്‍പനക്കു വെച്ച 124 കാറുകള്‍ അധികൃതര്‍ കണ്ടുകെട്ടി. റാസല്‍ ഖൈമ നഗരസഭയിലെ പരിസ്ഥിതി സംരക്ഷണ വിഭാഗം നടത്തിയ പരിശോധനകളിലാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇത്രയും കാറുകള്‍ കണ്ടുകെട്ടിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് നഗര ഭംഗിക്ക് തടസമാകുന്ന രീതിയില്‍ ‘ഫോര്‍ സെയില്‍’ നോട്ടീസ് പതിച്ച കാറുകള്‍ അധികൃതര്‍ കണ്ടുകെട്ടിയത്. വില്‍പനക്ക് നോട്ടീസ് പതിച്ചതില്‍ എഴുതിയ മൊബൈല്‍ നമ്പറിലേക്ക് എസ് എം എസിലൂടെ കാര്‍ എടുത്തുമാറ്റണമെന്ന് സന്ദേശം നല്‍കും. നിശ്ചിത ദിവസത്തിനകം മാറ്റാത്ത കാറുകളാണ് അധികൃതര്‍ പിടിച്ചെടുത്തത്.
പിടിച്ചെടുത്ത കാറുകള്‍ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കുന്നതാണെന്നും ഉടമസ്ഥരെത്തി നഗരസഭ നിശ്ചയിക്കുന്ന പിഴയടക്കുന്നതിനു പുറമെ മേലില്‍ ഇത്തരം പ്രവണത ആവര്‍ത്തിക്കില്ലെന്ന് രേഖാമൂലമുള്ള ഉറപ്പു നല്‍കുകയും ചെയ്താല്‍ കാര്‍ തിരച്ചുനല്‍കുമെന്ന് നഗരസഭയിലെ ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പിടിക്കപ്പെട്ട കാറുകളില്‍ ചിലത് പൊതു നിരത്തിനരികെ അപകടങ്ങള്‍ക്ക് സാധ്യതയുള്ള രീതിയില്‍ നിര്‍ത്തിയിട്ടവയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.