നവീകരണങ്ങളുമായി ജബല്‍ ജൈഷ്

Posted on: July 31, 2014 9:05 pm | Last updated: July 31, 2014 at 9:05 pm

റാസല്‍ഖൈമ: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന റാസല്‍ ഖൈമയിലെ ജബല്‍ ജൈഷില്‍ നവീകരണങ്ങള്‍. സമുദ്ര നിരപ്പില്‍ നിന്നു 1,737മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മലനിരകളാണിത്. മലമുകളിലേക്ക് എത്തുന്നതിന് 10 എയര്‍പിന്‍ വളവുകളോട് കൂടിയ റോഡുകളാണ്, യാത്രാ മദ്ധ്യേ താഴ്ഭാഗത്തെ വ്യത്യസ്തമായ മനോഹാരിത കാഴ്ചകള്‍ കണ്ട് ആസ്വദിക്കുന്നതിന് ഏഴ് വിശ്രമ കേന്ദ്രങ്ങളും നിര്‍മിച്ചിരിക്കുന്നു
മലമുകളിലൂടെ വരുന്ന മഴ വെള്ളം റോഡിനും, വാഹനങ്ങള്‍ക്കും അപകടം വരുത്താതിരിക്കാന്‍ റോഡിന്റെയും മലയുടെയും ഇടയില്‍ വെള്ളം ഒഴുകി താഴ്ഭാഗത്ത് എത്തുന്നതിനുള്ള ചെറിയ കനാലുകളുടെയും, വിശ്രമ കേന്ദ്രങ്ങള്‍ ഭംഗിയാക്കുന്നതിന്റെയും മലയുടെ ഉച്ചിയില്‍ എത്താനുള്ള റോഡിന്റെ പണികളും നടന്നു കൊണ്ടിരിക്കുന്നു.
ഒരുമണിക്കൂര്‍ മല മുകളിലൂടെ യുള്ള യാത്ര റാസല്‍ഖൈമയുടെ തെക്ക് കിഴക്ക് ഭാഗത്തെ ബുറൈറാത്തില്‍ നിന്നും തുടങ്ങി വടക്ക് ഭാഗത്ത് ഒമാനിനോട് ചേര്‍ന്ന് കിടക്കുന്ന ശാം, അല്‍ജീര്‍ ഭാഗത്തേക്കാണ് പോകുന്നത്. ഔദ്യോഗിക ഉദ്ഘാടനവും മുഴുവന്‍ പണികളും തീരാത്ത ജബല്‍ ജൈഷിന്റെ കാഴ്ചകള്‍ കാണാന്‍ വെള്ളിയാഴ്ചകളിലും, മറ്റ് അവധി ദിവസങ്ങളിലും ആയിരകണക്കിന് സഞ്ചാരികളാണ് യു എ ഇ യുടെയും ഒമാനിന്റെയും വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തുന്നത്. സമീപ ഭാവിയില്‍ മുഴുവന്‍ പണികളും തീര്‍ന്ന് മലയുടെ ഏറ്റവും മുകളില്‍ എത്താം എന്ന പ്രതീക്ഷയിലാണ് സഞ്ചാരികള്‍.