മലകളും തോട്ടങ്ങളും കടന്ന യാത്രകള്‍

Posted on: July 31, 2014 9:04 pm | Last updated: July 31, 2014 at 9:04 pm

bidya masjidദുബൈ: പെരുനാള്‍ ആഘോഷം ഗംഭീരമാക്കാന്‍ മിക്കവരും ആശ്രയിച്ചത് യാത്രകളെ. തിങ്കളാഴ്ച ഉച്ചയ്ക്ക് സദ്യക്കു ശേഷമായിരുന്നു പലരുടെയും യാത്ര. നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ വടക്കന്‍ എമിറേറ്റുകളിലേക്കും സമീപരാജ്യങ്ങളിലേക്കുമാണ് യാത്രപോയത്. ഫുജൈറക്കടുത്ത് ബിദിയ മസ്ജിദ് കാണാന്‍ ആയിരങ്ങള്‍ എത്തി. ഒമാനിലേക്കും ധാരാളം പേര്‍ യാത്ര പോയി. ഒമാനില്‍ പെരുനാള്‍ ഒരു ദിവസം വൈകി ആയതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം ആഘോഷമെല്ലാം കഴിഞ്ഞ് സാവകാശം മടങ്ങി.
ബുറൈമി, ഹത്ത, റാസല്‍ഖൈമ വഴിയുള്ള സലാലയാത്രയും പലരും ആസ്വദിച്ചു. ഗ്രാമീണ റോഡുകളിലൂടെ പച്ചക്കറി-ഈന്തപ്പഴ തോട്ടങ്ങള്‍ ചുറ്റിയുള്ള യാത്ര അനുഭൂതി ദായകമാണ്. ഈ തോട്ടങ്ങളില്‍ ജോലിക്കാരായി മലയാളികള്‍ ഉള്ളതിനാല്‍ കുറേസമയം വണ്ടിനിര്‍ത്തി വിശ്രമിക്കാന്‍ സൗകര്യം ലഭിക്കും.
പതിവുപോലെ വടക്കന്‍ എമിറേറ്റുകളിലെ മലയോരമേഖലകളിലെ വില്ലകളിലും ഗംഭീരമായ പെരുന്നാള്‍ വിരുന്നുകള്‍ നടന്നു. ഒമാന്‍ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ഹത്ത വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. കരിമ്പാറകളും ചെങ്കല്ലുകളും നിറഞ്ഞ മലനിരകളും പച്ചപുതച്ച കൃഷിയിടങ്ങളും ജലസമൃദ്ധിയുള്ള വാദികളും ഹത്തയ്ക്കു കേരളീയ ഛായ നല്‍കുന്നു. കേരളീയ മാതൃകയിലുള്ള വീടുകളും ഇവിടെയുണ്ട്. മലഞ്ചെരിവുകളില്‍ പച്ചക്കറി വിളയുന്ന കൃഷിയിടങ്ങള്‍ കാണാനാകും. തനത് അറേബ്യന്‍ ഭക്ഷണം കിട്ടുമെന്നതും ഹത്തയിലേക്കു സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. നീളത്തില്‍ കീറിയ വലിയ മീനില്‍ നാടന്‍ മസാല തേച്ചുപിടിപ്പിച്ച് കനലില്‍ ചുട്ടെടുക്കുന്നു. ഇതേരീതിയില്‍ തയാറാക്കിയ കോഴി, ആട്, ഒട്ടകയിറച്ചി, പച്ചിലകളുടെ ധാരാളിത്തമുള്ള സാലഡുകള്‍ എന്നിവ ലഭ്യമാണ്. പശുവും ഒട്ടകവും ആടും പട്ടിയും പൂച്ചയും കോഴിയും ഒരുമിച്ചു വളരുന്ന വീടുകളും ഹത്തയില്‍ കാണാനാകും. മലയാളി തൊഴിലാളികള്‍ ഇല്ലാത്ത വീടുകള്‍ കുറവ്.
ഇവരില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ വീടുകളിലെ ഗസ്റ്റ് ഹൗസില്‍ ഒന്നോ രണ്ടോ ദിവസം തങ്ങാം. ചൂടുകാലത്തും എസി പ്രവര്‍ത്തിപ്പിക്കാതെ ഉറങ്ങാവുന്ന സ്ഥലമാണിത്. കാച്ചിലും ചേമ്പും വാഴയും മാവുമൊക്കെ സമൃദ്ധമായി വളരുന്നതിനാല്‍ പൊതുവേ തണുത്ത അന്തരീക്ഷം. റാസല്‍ഖൈമയിലെ ബറാറത്ത്, ഷമല്‍, റംസ്, അല്‍ ഹംദാനിയ, മസാഫിക്കും ബിദിയായ്ക്കും ഇടയിലുള്ള വാദി വുറായ, ഖോര്‍കല്‍ബ കണ്ടല്‍ക്കാടുകള്‍, മദാം തുടങ്ങിയവയും വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളാണ്.
ഷര്‍ജ: ചെറിയ പെരുന്നാള്‍ ദി നത്തിനോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍കിള്‍ രാജ്യ വ്യപകമായി സ്‌നേഹോല്ലാസ യാത്ര നടത്തി. ഇതിന്റെ ഭാഗമായി അബുഷഗാറ, ഖാസിമിയ, കിങ് ഫൈസല്‍, യുനിറ്റുകള്‍ സംയുക്തമായി ഫുജൈറ, ഖൊര്‍ഫുഖാന്‍, എന്നി സ്ഥലങ്ങളിലേക്ക് സംഘടിപ്പിച്ച യാത്ര പ്രവര്‍ത്തകര്‍ക്ക് നവ്യാനുഭവമായി. രാജ്യത്തെ ചരിത്ര പുരാതന സ്ഥലങ്ങളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളികളും സന്ദര്‍ശിച്ചു, യാത്രാ വേളയില്‍ വിവിധ സ്ഥലങ്ങളില്‍ വെച്ച് ക്വിസ്, ആശയ സംവാദം, മുഖാമുഖം, ബോട്ടിംഗ്, എന്നിവ നടത്തി. റഫീഖ് അഹ്‌സനി ചേളാരിയുടെ നേതൃത്വത്തിലായിരുന്നു യാത്ര.