Connect with us

International

ഇബോള രോഗഭീതിയില്‍ യൂറോപ്പ്

Published

|

Last Updated

ലണ്ടന്‍: പശ്ചിമാഫ്രിക്കയില്‍ നിന്ന് വ്യാപിച്ച ഇബോള രോഗം പടര്‍ന്ന്പിടിച്ചേക്കാമെന്ന ഭീതിയില്‍ യൂറോപ്പ്. രോഗത്തെ നിയന്ത്രണവിധേയമാക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ നടപടികള്‍ തുടങ്ങി. ഗിനിയ, ലൈബീരിയ, സൈറ ലിയോണ്‍ എന്നീ രാജ്യങ്ങള്‍ രോഗത്തിന്റെ പിടിയിലമരാമെന്ന് ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (എം എസ് എഫ്) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര വ്യോമഗതാഗത സംഘടനയായ ഐ സി എ ഒ ആരോഗ്യ രംഗത്തെ അന്താരാഷ്ട്ര വിദഗ്ധരെ കണ്ട് രോഗം തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പാന്‍ ആഫ്രിക്കന്‍ എയര്‍ലൈനായ എ സ്‌കൈ, ലൈബീരിയയില്‍ നിന്നും സൈ ലിയോണില്‍ നിന്നുമുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. രോഗവ്യാപനം തടയാനായി യൂറോപ്യന്‍ യൂനിയന്‍ 20 ലക്ഷം യൂറോ കൂടി അനുവദിച്ചതോടെ ഇ യു ഇതിനായി നല്‍കിയ സഹായം 39 ലക്ഷം യൂറോ ആയി ഉയര്‍ന്നു. സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെടുന്നതിനു മുമ്പ് രോഗത്തിനെതിരായ നടപടികള്‍ ഊര്‍ജിതപ്പെടുത്തുകയാണെന്ന് യൂറോപ്യന്‍ യൂനിയന്‍ മനുഷ്യസഹായ കമ്മീഷണര്‍ ക്രിസ്റ്റലിന ജോര്‍ജിവ പറഞ്ഞു. ഇതിന്റെ ഭാഗമായി പടിഞ്ഞാറന്‍ ആഫ്രിക്കക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായമാവശ്യമാണെന്നും അവര്‍ പറഞ്ഞു.
സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹമോന്റ് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇബോള രോഗം ബാധിച്ചയാള്‍ ദിവസങ്ങള്‍ക്കകം മരിക്കാന്‍ ഇടയുണ്ട്. പേശി വേദന, ഛര്‍ദി, ആന്തരിക രക്തസ്രാവം എന്നിവയാണ് രോഗലക്ഷണമായി കണ്ടുവരുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കയിലേക്ക് പോകുന്ന പൗരന്‍മാര്‍ക്ക് റുമാനിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നൈജീരിയയില്‍ 40കാരന്‍ രോഗം ബാധിച്ച് മരിച്ചിരുന്നു.

Latest