ഗാസക്ക് പിന്തുണയുമായി പ്രശസ്തരുടെ നിര

Posted on: July 31, 2014 6:04 am | Last updated: July 31, 2014 at 12:07 am

gazaമാഡ്രിഡ്: ഗാസയില്‍ കുട്ടികളെയടക്കം നിരപരാധികളെ കൊന്നൊടുക്കുന്ന കാടത്തത്തിനെതിരെ പ്രതിഷേധിച്ച് താരനിരയും. സ്പാനിഷ് സിനിമാതാരങ്ങളായ പെനിലോപ് ക്രൂസ്, പെഡ്രോ അല്‍മോദൊവര്‍, ജാവ്യര്‍ ബര്‍ദേം എന്നിവരാണ് ഒടുവില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഫലസ്തീന്‍ മണ്ണില്‍ കരയിലൂടെയും കടലിലൂടെയും ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണം യൂറോപ്പ് അപലപിക്കണമെന്ന് ആവശ്യപ്പെട്ട് ഇവരടക്കം ഒരു സംഘം നടന്‍മാര്‍ സ്പാനിഷ് ദിനപത്രത്തില്‍ തുറന്ന കത്തെഴുതിയിട്ടുണ്ട്. ഗായകരായ സൈന്‍ മാലിക്, റൈഹാന, സെലീന ഗോമസ്, ഹാസ്യതാരം ജോവന്‍ റിവേഴ്‌സ് എന്നിവരും ഇസ്‌റാഈലിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്.

ഫലസ്തീനികളുടെ വീടുകള്‍ തകര്‍ക്കുകയും കുടിവെള്ളവും വൈദ്യുതിയും ആശുപത്രിയിലേക്കും സ്‌കൂളിലേക്കും പാടത്തേക്കും പോകുന്നതും തടയുകയും ചെയ്യുമ്പോള്‍ അന്താരാഷ്ട്ര സമൂഹം നിസ്സംഗരായിരിക്കുകയാണെന്ന് സ്പാനിഷ് ദിനപത്രം ‘യൂറോപ പ്രസി’ല്‍ പ്രസിദ്ധീകരിച്ച തുറന്ന കത്തില്‍ പറയുന്നു. ശാരീരകമായും ധാര്‍മികമായും മനഃശാസ്ത്രപരമായും ഇത്തരം ആക്രമണങ്ങള്‍ ഗാസന്‍ ജനതക്കുണ്ടാകുന്ന ആഘാതത്തില്‍ താരനിര ആശങ്ക പ്രകടിപ്പിക്കുന്നു. ഇസ്‌റാഈല്‍ തുടരുന്ന ഉപരോധം നീക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. സയാന്‍ മാലിക് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ‘ഫ്രീ ഫലസ്തീന്‍’ എന്ന് കുറിച്ചിരുന്നു. പതിനായിരങ്ങള്‍ ഇതിന് പിന്തുണയര്‍പ്പിച്ചപ്പോള്‍ ഇസ്‌റാഈല്‍ പക്ഷപാതികളില്‍ നിന്ന് വധഭീഷണിയുണ്ടായി. ‘ഇത് മനുഷ്യാവകാശ പ്രശ്‌നമാണ്. ഗാസക്ക് വേണ്ടി പ്രാര്‍ഥിക്കുക’ എന്നാണ് ഗോമസ് ഇന്‍സ്റ്റഗ്രാം വഴി സന്ദേശമയച്ചത്.
താരദമ്പതികളായ ബാര്‍ദേമും ക്രൂസും ആദ്യമായല്ല ഇസ്‌റാഈലിനെതിരെ രംഗത്തുവരുന്നത്. ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് കഴിഞ്ഞ ശനിയാഴ്ച ഇറങ്ങിയ സ്പാനിഷ് ദിനപത്രം ‘എല്‍ ദിയാറിയോ’യില്‍ എഴുതിയ ലേഖനത്തില്‍ ബാര്‍ദേം വിശേഷിപ്പിച്ചിരുന്നു. സുരക്ഷിതമായ ഒരു തുണ്ട് ഭൂമിയോ കുടിക്കാന്‍ വെള്ളമോ ഇല്ലാത്ത ആശുപത്രികളും ആംബുലന്‍സുകളും കുട്ടികളും ആക്രമിക്കപ്പെടുന്ന സ്ഥലത്തെ അധിനിവേശവും അതോടൊപ്പം ജനങ്ങളെ കൂട്ടമായി നശിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഇസ്‌റാഈല്‍ പൈശാചികതക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ സ്‌പെയിനില്‍ എന്ത് നഷ്ടമുണ്ടായാലും പ്രശ്‌നമില്ല. ഒരാള്‍ ജൂതന്‍ ആയത്‌കൊണ്ട് ഈ പൈശാചികതയെ പിന്തുണക്കുന്നുവെന്ന് കരുതരുത്. അതുപോലെ ഹീബ്രു എന്നത് സിയോണിസ്റ്റ് ആണെന്നും കരുതരുത്. അതുപോലെ ഫലസ്തീനിയെന്നത് കൊണ്ട് മാത്രം ഉടനെ ഹമാസ് തീവ്രവാദിയെന്നും വിധിയെഴുതരുത്. ജര്‍മന്‍കാരനെ നാസിയെന്ന് വിളിക്കുന്നതിലെ പൊട്ടത്തരം പോലെയാണ് ഇത്. അദ്ദേഹം വെട്ടിത്തുറന്ന് പറയുന്നു. ഇസ്‌റാഈല്‍ ആക്രമണത്തെ സംബന്ധിച്ച് അമേരിക്കയിലെ ഒരുപാട് ജൂത സഹോദരന്‍മാരോട് സംസാരിച്ച കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞത് ബാര്‍ദേം ഉദ്ധരിക്കുന്നു. ‘കുട്ടികളെ കൊല്ലുന്ന പശ്ചാത്താലത്തില്‍ സ്വയം പ്രതിരോധമെന്ന് ഒരിക്കലും പറഞ്ഞ് ന്യായീകരിക്കാനാകില്ല’