Connect with us

Editorial

കോളീജിയം സംവിധാനം ഉപേക്ഷിക്കുമ്പോള്‍

Published

|

Last Updated

നിലവിലുള്ള കോളീജിയം സംവിധാനം ഒഴിവാക്കി സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിന് ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപവത്കരിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തില്‍ കോളീജിയം പരാജയമാണെന്ന് ചില നിയമജ്ഞരും മുന്‍ ജഡ്ജിമാരും അഭിപ്രായപ്പെട്ടത് സര്‍ക്കാറിന് കൂടുതല്‍ ഊര്‍ജം പകര്‍ന്നിട്ടുമുണ്ട്. ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപവത്കരണത്തെക്കുറിച്ച നിലപാട് അറിയിക്കാന്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ക്ക് കേന്ദ്രം കത്തയച്ചിട്ടുമുണ്ട്. ശീതകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കാനാണ് തീരുമാനം.
1993ല്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധിയിലൂടെയാണ് ഉന്നത ജഡ്ജിമാരുടെ നിയനത്തിനുള്ള കോളീജിയം സംവിധാനം നിലവില്‍ വന്നത്. 2003-ലെ എന്‍ ഡി എ സര്‍ക്കാറും കഴിഞ്ഞ യു പി എ സര്‍ക്കാറും ഈ സംവിധാനം മാറ്റാന്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ ഈ ലക്ഷ്യത്തില്‍ഏറെ മുന്നോട്ടു പോകുകയും ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ബില്‍ തയാറാക്കുകയും ചെയ്തിരുന്നതാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ രണ്ട് സുപ്രീം കോടതി ജഡ്ജിമാരും നിയമ മന്ത്രിയും രണ്ട് പ്രമുഖ വ്യക്തികളും അടങ്ങുന്ന കമ്മീഷനാണ് പ്രസ്തുത ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. 2013-ലെ രാജ്യസഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ കമ്മീഷന്‍ രൂപവത്കരണത്തിന് അവസരമൊരുക്കിയുള്ള ഭരണഘടനാ ഭേദഗതി ബില്‍ പാസ്സാക്കുകയും കമ്മീഷന്റെ ഘടനയും മറ്റും വ്യക്തമാക്കുന്ന ബില്‍ സ്ഥിരം സമിതിക്ക് വിടുകയും ചെയ്തിരുന്നു. എന്നാല്‍ തെലങ്കാനയെച്ചൊല്ലിയുള്ള ബഹളം കാരണം ലോക്‌സഭയുടെ അവസാനത്തെ സമ്മേളനത്തില്‍ ബില്‍ പാസ്സാക്കാന്‍ കഴിയാതെ പിരിയേണ്ടി വരികയാണുണ്ടായത്.
യു പി എ ഭരണ കാലത്ത് മദ്‌റാസ് ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്ജിയെ നിയമിച്ചതുമായി ബന്ധപ്പെട്ടു സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു നടത്തിയ വിവാദ വെളിപ്പെടുത്തലാണ് ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപവത്കരണ നീക്കം സജീവമാക്കിയതെന്നാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറയുന്നത്. എന്നാല്‍ ജഡ്ജിമാരുടെ നിയമന പട്ടികയില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ നിന്നുണ്ടായ രൂക്ഷമായ പ്രതിഷേധമാണ് ഇതിന്റെ പശ്ചാത്തലമെന്ന് നിരീക്ഷിക്കുന്നവരുണ്ട്. ജഡ്ജിമാരുടെ നിയമന പട്ടികയില്‍ നിന്ന് ഒരാളെ ഒഴിവാക്കുമ്പോള്‍ സുപ്രീം കോടതിയെ അറിയിക്കണമെന്ന ചട്ടം ലംഘിച്ചതിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ നിയമ മന്ത്രാലയത്തിന് അയച്ച കത്തില്‍ സര്‍ക്കാര്‍ നടപടി ഏകപക്ഷീയവും ജൂഡീഷ്യറിക്കുമേലുള്ള കടന്നുകയറ്റുവുമാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. തികച്ചും അര്‍ഹനായിരുന്നിട്ടും, മോദിയുടെ വലംകൈയായ അമിത് ഷായുടെ അഭിഭാഷകന്‍ ഉദയ് യു ലളിതിനെ നിയമിക്കാനാണ് ഗോപാല്‍ സുബ്രഹ്മണ്യത്തെ ഒഴിവാക്കിയതെന്നാണ് വിമര്‍ശകരുടെ പക്ഷം.
നിലവിലെ കോളീജിയത്തിന് ചില വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും, പുതുതായി ആവിഷ്‌കരിക്കുന്ന നിയമന രീതിയില്‍ സര്‍ക്കാറിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുമോ എന്ന ആശങ്ക നിയമജ്ഞര്‍ക്കിടയില്‍ ശക്തമാണ്. കൊളീജിയം സംവിധാനത്തില്‍ യാതൊരു മാറ്റവും വരുത്തേണ്ടെന്ന് നിയമ മന്ത്രാലയം സംഘടിപ്പിച്ച കൂടിയാലോചനാ യോഗത്തില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയും പല മുതിര്‍ന്ന അഭിഭാഷകരും അഭിപ്രായപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്. കൊളീജിയം സംവിധാനം പാടേ ഉപേക്ഷിക്കുകയല്ല, ജഡ്ജിമാരുടെ തിരഞ്ഞെടുപ്പിന് പുറത്തുളള മൂന്ന് ജഡ്ജിമാരുടെയും ഔന്നത്യം പുലര്‍ത്തുന്ന മൂന്ന് മുതിര്‍ന്ന അഭിഭാഷകരുടെയും അഭിപ്രായം കൂടി പരിഗണിക്കപ്പെടുന്ന വിധം കോളീജിയം ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയും അഭിപ്രായപ്പെട്ടിരുന്നു. നിയമജ്ഞരില്‍ കോളീജിയം സംവിധാനത്തോട് എതിര്‍പ്പ് പ്രകടിപ്പക്കുന്നര്‍ തന്നെ, ജഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപവത്കരണം ജഡ്ജിമാരുടെ നിയമനത്തില്‍ ഭരണ നേതൃത്വത്തിന് ഇടപെടാകുന്ന വിധം 1993ന്റെ മുമ്പത്തെ അവസ്ഥയിലേക്കുള്ള തിരിച്ചു പോക്കാകാതിരിക്കാനുള്ള ജാഗ്രത അനിവാര്യമാണെന്ന് ഓര്‍മപ്പെടുത്തുന്നുണ്ട്. ഭരണ മേഖല, വഴി തെറ്റുകയും ജനദ്രോഹകരമായ നടപടികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് ജുഡീഷ്യറിയിലാണ്. അതുകൊണ്ട് ജഡ്ജിമാരുടെ നിയമന രീതി ജുഡീഷ്യറിയുടെ ഉത്തരവാദിത്വ നിര്‍വഹണത്തിന് വിഘ്‌നം സൃഷ്ടിക്കാത്തതും ഭരണ വര്‍ഗത്തെ തിരുത്താനുള്ള ആര്‍ജവം കോടതികള്‍ക്ക് നഷ്ടപ്പെടാത്ത രീതിയിലുമാണെന്ന് ഉറപ്പ് വരുത്താന്‍ നിയമ ലോകവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.