ഇസ്രയേലിനെ തടയാന്‍ അന്താരാഷ്ട്ര ഇടപെടല്‍ അനിവാര്യം: ഖത്തര്‍ വിദേശകാര്യമന്ത്രി

Posted on: July 30, 2014 6:18 pm | Last updated: July 30, 2014 at 6:19 pm

Khalid al-Attiyahദോഹ: നീതീകരിക്കാനാകാത്ത വിധത്തില്‍ ഗാസയില്‍ മനുഷ്യക്കുരുതി തുടരുന്ന ഇസ്രായേലിനെ നിന്ന് തടയാന്‍ അടിയന്തിരമായി രംഗത്ത് വരണമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ഡോ. ഖാലിദ് അല്‍ അതിയ്യ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഹമാസിന് ഖത്തര്‍ പിന്തുണ നല്‍കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ അദ്ദേഹം തള്ളിക്കളഞ്ഞു.അടിസ്ഥാന രഹിതമായ ആരോപണങ്ങളോട് പ്രതികരിക്കുന്നില്ല.അതേസമയം ഫലസ്തീന്‍ ജനതയെ സഹായിക്കുന്നതില്‍ നിന്ന് പിറകോട്ടു പോകില്ലെന്നും സി.എന്‍.എന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഹമാസിനു ധനസഹായം നല്‍കി ഖത്തര്‍ തീവ്രവാദത്തെ വളര്‍ത്തുകയാണെന്ന ഇസ്രയേല്‍ സെനറ്റര്‍ നഫ്താലിയുടെ ആരോപണത്തെ നേരിട്ട് കൊണ്ടാണ് മന്ത്രിയുടെ അഭിമുഖം ആരംഭിക്കുന്നത്. ഫലസ്തീന്‍ ജനതയ്ക്ക് നേരെ ഭീകരമായ അക്രമങ്ങള്‍ അഴിച്ചു വിടുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇസ്രായേലിനും അതിന്റെ വിദേശകാര്യമന്ത്രി അവിഗ്‌ദോര്‍ ലീബര്‍മാന്‍ ബന്നറ്റിനുമാണ്. ഖത്തര്‍ ഒരിക്കലും ഹമാസിനെ പിന്തുണക്കുന്നില്ല; ഖത്തര്‍ സഹായിക്കുന്നത് ഫലസ്തീന്‍ ജനതയെയാണ്.ഫലസ്തീന് നല്‍കിക്കൊണ്ടിരിക്കുന്ന മനുഷ്യത്വപരമായ സഹായം തുടരുമെന്നും ഡോ.അല്‍ അതിയ്യ വ്യക്തമാക്കി.