മൂന്നാര്‍ വിധിക്കെതിരെ സര്‍ക്കാര്‍ കോടതിയിലേക്ക്

Posted on: July 30, 2014 1:50 am | Last updated: July 30, 2014 at 6:14 pm

moonnarകൊച്ചി: മൂന്നാര്‍ കൈയേറ്റ ഒഴിപ്പിച്ചതിനെതിരെ ഹൈക്കോടതി വിധി ഉണ്ടായ സാഹചര്യത്തില്‍ വിധിക്കെതിരെ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. എന്നാല്‍ റിവ്യൂ ഹരജി നല്‍കണോ അപ്പീല്‍ പോകണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. വിധിപ്പകര്‍പ്പ് സര്‍ക്കാരിന് ലഭിച്ചിട്ടില്ല. വിധി പഠിച്ച ശേഷം രണ്ടിന്റേയും സാധ്യത പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ കൊച്ചിയില്‍  ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തുടര്‍ നടപടികളെക്കുറിച്ച് ചര്‍ച്ചചെയ്തു. കോടതിയുടെ സ്‌റ്റേയോ മറ്റു തടസ്സങ്ങളോ ഇല്ലാത്ത കൈയേറ്റ ഭൂമികള്‍ എത്രയും വേഗത്തില്‍ ഏറ്റെടുക്കാന്‍ യോഗം ഇടുക്കി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ഭൂമി ഏറ്റെടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല.

വിധി മറികടക്കുന്നതിന് പ്രത്യേകം നിയനിര്‍മാണം നടത്തുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. ഹൈക്കോടതിയുടേത് വിവാദ വിധിയായി വിമര്‍ശനമിയര്‍ന്നിരുന്നു. കഴിഞ്ഞ 25ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ എം ഷഫീഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മൂന്ന് റിസോര്‍ട്ടുകള്‍ക്കെതിരെ ഉണ്ടായ സര്‍ക്കാര്‍ നടപടി റദ്ദാക്കി ഭൂമി തിരിച്ചു നല്‍കാനും നഷ്ട പരിഹാരം നല്‍കാനുമായിരുന്നു വിധി. ചീഫ് ജസ്റ്റിസിന് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചതിന് ശേഷം വിധി പ്രസ്താവിച്ചത് നിയമലംഘനമായി വിലയിരുത്തപ്പെട്ടിരുന്നു. കൈയേറ്റ ഒഴിപ്പിക്കുന്ന കാലത്ത് മുഖ്യമന്ത്രിയായിരുന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ വിധിക്കെതിരെ രംഗത്തെത്തിയിരുന്നു.