എന്‍ഡോസള്‍ഫാന്‍: കൊറ്റിയോട്ട് ക്യാന്‍സര്‍ രോഗവും വ്യാപകമാകുന്നു

Posted on: July 28, 2014 11:04 am | Last updated: July 28, 2014 at 11:04 am

endosulphanമണ്ണാര്‍ക്കാട്:എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച കൊറ്റിയോട് ക്യാന്‍സര്‍ രോഗവും വ്യാപിക്കുന്നു. വ്യാപകമായി എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച പ്രദേശമാണ് കൊറ്റിയോട്. മണ്ണാര്‍ക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാന്‍സര്‍ രോഗികള്‍ ധാരളമുണ്ട്. ഷിഹാബുദ്ദീനെന്ന പത്തു വയസ്സുകാരന്‍ കെറ്റിയോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ ദുരന്ത പ്രതീകമാണ്. പറക്കമുറ്റുന്നതിന് മുമ്പെ രക്താര്‍ബുദം പിടികൂടിയ കുഞ്ഞുമകനെയും കൊണ്ട് ഈ കുടുംബം അലയാത്ത ഇടങ്ങളില്ല.
പക്ഷെ നടന്നു തീര്‍ന്ന കാലുകളും കരഞ്ഞു കലങ്ങിയ കണ്ണുകളും മാത്രം മിച്ചം. ഷിഹാബുദ്ദീനെ പോലെ നിരവധി കാന്‍സര്‍ രോഗികള്‍ കെറ്റിയോട്ടുണ്ട്. 500 മീറ്ററില്‍ 10 ക്യാന്‍സര്‍രോഗികള്‍ വീതം ഉണ്ട്. അടുത്തായി 4 പേര്‍ മരിച്ചു. പ്ലാന്റെഷന്‍ കോര്‍പ്പറേഷനുവേണ്ടി എന്‍ഡോസള്‍ഫാന്‍ തെളിച്ചിരുന്നതാണ്ക്യാന്‍സറിന് കാരണമെന്ന് പറയുന്നു കാഞ്ഞിരപ്പുഴ പഞ്ചായത്ത് മെമ്പര്‍ അബ്ബാസ്. 2008 മുതല്‍ 2012 വരെ ഒരുകിലോ മീറ്ററിനുളളില്‍ 24 പേരാണ് ഇവിടെ കാന്‍സര്‍ ബാധിച്ച് മരിച്ചത്.
ഇപ്പോള്‍ എത്ര പേര്‍ രോഗബാധിതരാണെന്ന കാര്യത്തില്‍ ഒരു കണക്കുമില്ല.
മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, ആര്‍ സി സി തുടങ്ങി കേരളത്തിനകത്തും, പുറത്തുമായി ക്യാന്‍സറിനായി ഇവിടുത്തുകാര്‍ ചികിത്സ നടത്തിവരുന്നു. ഈ ദുരന്ത വര്‍ത്തമാനം പക്ഷെ കൊറ്റിയോട്ട് മാത്രം ഒതുങ്ങുന്നതല്ല.
എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച താലൂക്കിലെ മിക്ക പ്രദശങ്ങളിലും കാന്‍സര്‍ പടര്‍ന്നു പിടിക്കുകയാണ്.
എന്നാല്‍ ഇക്കാര്യത്തില്‍ ഒരു അന്വേഷണം നടത്താന്‍ പോലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ തയ്യാറായിട്ടില്ല.