കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇസ്‌റാഈലില്‍ വന്‍ യുദ്ധവിരുദ്ധ റാലി

Posted on: July 28, 2014 10:18 am | Last updated: July 29, 2014 at 10:28 am

cpiiiiiiiiടെല്‍ അവീവ്: ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം വ്യാപകമാകുന്നതിനിടെ ഇസ്‌റാഈലിലും പ്രതിഷേധ പ്രകടനം. ഇസ്‌റാഈല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് തലസ്ഥാനമായ ടെല്‍ അവീവില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചത്. പ്രതിഷേധത്തില്‍ 7000ല്‍ അധികം ആളുകള്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.ടെല്‍ അവീവിലെ റബിന്‍ സ്‌ക്വയറിലെ പ്രധാന റാലിക്കു പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ റാലികള്‍ നടന്നു.

കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് പുറമെ സാമൂഹിക-സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. യുദ്ധം നിര്‍ത്തൂ, സൈനികരെ തിരികെ വിളിക്കൂ, ജൂതരും അറബികളും ശത്രുക്കളല്ല തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രകടനം. വിവിധ മേഖലയിലെ പ്രമുഖര്‍ പ്രസംഗിച്ചു. യുദ്ധം നിര്‍ത്തി ജനങ്ങള്‍ക്ക് സ്വതന്തത്രവും നീതിപൂര്‍വകവുമായ ജീവിതം ഉണ്ടാക്കുകയാണ് വേണ്ടതെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. നിരന്തര ആക്രമണങ്ങള്‍ക്കും സൈനിക നടപടികള്‍ക്കും പകരം രാഷ്ട്രീയമായി ശാശ്വത പരിഹാരം ഉണ്ടാക്കുകയാണ് വേണ്ടത്. വിദ്വേഷത്തിനും വംശീയതക്കും പകരം സൗഹൃദപൂര്‍ണമായ ജീവിതത്തിന് ഭരണകൂടങ്ങള്‍ ജനങ്ങളെ സജ്ജമാക്കുകയാണ് വേണ്ടതെന്നും യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാറിനെ അനുകൂലിച്ച് മറ്റൊരു കൂട്ടം പ്രവര്‍ത്തകര്‍ പ്രകടനാമായെത്തിയത് ചെറിയ സംഘര്‍ഷത്തിനിടയാക്കി. ഇതിനെത്തുടര്‍ന്ന് ഇസ്‌റാഈലില്‍ സുരക്ഷ കര്‍ശനമാക്കി.