Connect with us

Kerala

വിലക്കയറ്റം: സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രഹസനമാകുന്നു

Published

|

Last Updated

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ ജനം പൊറുതി മുട്ടുമ്പോള്‍ ആശ്വാസം നല്‍കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നു. ഉത്സവ സീസണ്‍ കണക്കിലെടുത്ത് സപ്ലൈകോ തുടങ്ങിയ റമസാന്‍-ഓണം വിപണികളില്‍ സബ്‌സിഡി സാധനങ്ങളുടെ അളവ് കുറച്ചാണ് കബളിപ്പിക്കുന്നത്. ഹോര്‍ട്ടി കോര്‍പ്പാകട്ടെ സ്റ്റാളുകള്‍ വഴി വിതരണം ചെയ്യുന്നതിനേക്കാള്‍ വിലകുറച്ച് പച്ചക്കറികള്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് നല്‍കുന്നു. ഒന്നരമാസത്തോളം ദൈര്‍ഘ്യമുള്ള ഫെയറുകളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ടെന്‍ഡര്‍ പോലും വിളിച്ചിട്ടില്ല. പല സാധനങ്ങളും ഇല്ലെന്ന് മാത്രമല്ല, ഉള്ളത് അളവ് കുറച്ച് വിതരണം ചെയ്യുകയാണ്.

കഴിഞ്ഞതവണ ഒരു കിലോ വീതം നല്‍കിയിരുന്ന സബ്‌സിഡി വെളിച്ചെണ്ണയും മല്ലിയും മുളകും ഇത്തവണ അര കിലോയാക്കി വെട്ടിക്കുറച്ചിരിക്കയാണ്. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാണ് സബ്‌സിഡി നിരക്കില്‍ സാധനങ്ങളെത്തിക്കാന്‍ ഓണം ഫെയറുകള്‍ ആരംഭിച്ചത്. എന്നാല്‍ സപ്ലൈകോയുടെ ഈ തട്ടിപ്പ് സാധാരണക്കാരനെ വെട്ടിലാക്കിയിരിക്കുകയാണ്.
സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ അരക്കിലോ സബ്‌സിഡി വെളിച്ചെണ്ണയുടെ വില 31 രൂപയാണ്. പൊതുവിപണിയില്‍ കിലോക്ക് 142 രൂപ മുതല്‍ 152 രൂപവരെ വിലയുള്ള വെളിച്ചെണ്ണ ഉത്സവസീസണിലെ വര്‍ധിച്ച ആവശ്യം മുതലെടുത്ത് പുറത്ത് കമ്പോളത്തില്‍ വിറ്റ് ലാഭം കൊയ്യുകയാണ് സപ്ലൈകോയുടെ ലക്ഷ്യം. കമ്മീഷന്‍ ലക്ഷ്യമിട്ട് ടെണ്ടറില്‍ വന്‍കിടക്കാരെ മാത്രം ആശ്രയിച്ചതിനാലാണ് മല്ലിയും മുളകും അരക്കിലോയാക്കി വെട്ടിക്കുറക്കേണ്ടിവന്നത്.
50 മുതല്‍ 60 ശതമാനം വരെ വിലക്കുറവിലാണ് സപ്ലൈകോ വഴി സാധനങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നാണ് അവകാശവാദം. സര്‍ക്കാറകട്ടെ, ആവശ്യമായ തുക ഇനിയും അനുവദിച്ചിട്ടുമില്ല. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് സഹായം പരിമിതപ്പെടുത്തുകയാണ്. വിപണിയില്‍ ഇടപെടുന്നതിനായി സപ്ലൈകോ 120 കോടി രൂപയും കണ്‍സ്യൂമര്‍ഫെഡ് 60 കോടിയും ഹോര്‍ട്ടികോര്‍പ്പ് 20 കോടി രൂപയുമാണ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സപ്ലൈകോ റമസാന്‍ ഫെയര്‍ ഉള്‍പ്പെടെ 58 മെട്രോ ഫെയറുകളാണ് തുടങ്ങിയത്.
ഇതില്‍ മെട്രോ ഫെയര്‍ ഓണം വരെ നീട്ടിയിട്ടുണ്ട്. 1500 ഓണം ഫെയറുകളാണ് സപ്ലൈകോ സംഘടിപ്പിക്കുന്നത്. ഇതിന് പുറമെയാണ് ഹോര്‍ട്ടികോര്‍പ്പിന്റെ പഞ്ചനക്ഷത്ര കച്ചവടം. പച്ചക്കറി മറിച്ചുവിറ്റ് ലാഭമുണ്ടാക്കുന്ന തിരക്കിലാണ് ഹോര്‍ട്ടികോര്‍പ്പ്. പച്ചക്കറിയുടെ വില കുതിക്കുമ്പോഴും ജനങ്ങള്‍ക്കു കുറഞ്ഞവിലക്ക് നല്‍കേണ്ട ഹോര്‍ട്ടികോര്‍പിന്റെ പച്ചക്കറി പകുതിവിലക്ക് പഞ്ചനക്ഷ്ത്ര ഹോട്ടലുകള്‍ക്ക് വില്‍ക്കുകയാണ്.
പ്രത്യേകം ജീവനക്കാരേയും ഹോര്‍ട്ടി കോര്‍പിന്റെ ബോര്‍ഡുവച്ച സ്വകാര്യവാഹനങ്ങളും ഉപയോഗിച്ചാണ് പഞ്ചനക്ഷ്ത്ര ഹോട്ടലുകളില്‍ പച്ചക്കറി എത്തിക്കുന്നത്. മുന്തിയ ഇനം പച്ചക്കറികളാണ് ഹോട്ടലുകള്‍ വാങ്ങുക. അല്ലാത്തവ തിരികെ ഹോര്‍ട്ടികോര്‍പ്പിനു കൈമാറും. മല്ലിയില, കാരറ്റ്, തക്കാളി, കോളിഫഌവര്‍ തുടങ്ങിയ ഇനങ്ങളാണ് വില്‍പനയില്‍ മുന്‍പന്തിയിലുള്ളത്.
ഒരു വര്‍ഷത്തേക്ക് കരാര്‍ ഉണ്ടാക്കിയാണ് ഈ കച്ചവടം. വിപണിവില എത്ര വര്‍ധിച്ചാലും ഒരുവര്‍ഷത്തേക്ക് കരാര്‍ പ്രകാരമുള്ള തുക മാത്രമേ ഹോര്‍ട്ടികോര്‍പ്പിന് കിട്ടൂ. വിലകുറച്ച് ഗുണമേന്മയുള്ള ഈ പഞ്ചനക്ഷത്ര വ്യാപാരത്തിലൂടെ തലസ്ഥാനത്തെ മൂന്നു ഹോട്ടലുകളില്‍ മാത്രം പ്രതിമാസം പത്തുലക്ഷത്തിന്റെ കച്ചവടമാണ് നടക്കുന്നത്. സാധാരണക്കാരനുവേണ്ടി തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളാണ് വന്‍കിടക്കാര്‍ക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുന്നത്.

Latest