Connect with us

Articles

വെടിനിര്‍ത്തലെന്ന മാരകായുധം

Published

|

Last Updated

കൃത്യമായ ഇടവേള വെച്ച് ഗാസാ ചീന്തില്‍ ഇസ്‌റാഈല്‍ നടത്താറുള്ള നരമേധം ഇത്തവണ പതിനെട്ട് ദിവസം പിന്നിട്ടിരിക്കുന്നു. 850 നിരപരാധികള്‍ മരിച്ചു വീണു. അന്താരാഷ്ട്ര മുറവിളികളും അപലപനങ്ങളും താക്കീതുകളുമൊക്കെ തരാതരം നടക്കുന്നുണ്ട്. പതിവ് പോലെ യു എന്‍ മനുഷ്യാവകാശ കമ്മീഷന്‍ യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. അത്തരം നിരവധി അന്വേഷണ റിപോര്‍ട്ടുകളും പ്രമേയങ്ങളും അലമാരയില്‍ ഇരിക്കുന്നതിനാല്‍ അതിലൊന്നും വലിയ കാര്യമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ, ചില തനിനിറങ്ങള്‍ ആവര്‍ത്തിച്ച് വെളിപ്പെടാന്‍ യു എന്‍ പ്രക്രിയകള്‍ സഹായിക്കുന്നു.
ഇത്തവണയും 47 അംഗ മനുഷ്യാവകാശ സമിതിയില്‍ അന്വേഷണ പ്രമേയത്തെ ശക്തമായി എതിര്‍ത്തത് അമേരിക്ക മാത്രമാണ്. ഇന്ത്യയടക്കം 29 രാജ്യങ്ങള്‍ പിന്തുണച്ചു. വിട്ടുനില്‍ക്കുകയെന്ന അഴകൊഴമ്പന്‍ സമീപനമാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ കൈക്കൊണ്ടത്. ഓപറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ് എന്ന ഇത്തവണത്തെ ആക്രമണം ഇസ്‌റാഈല്‍ തുടങ്ങിയപ്പോള്‍ ഹമാസിനെ ഉപദേശിക്കുന്ന തിരക്കിലായിരുന്നു അമേരിക്ക. ഇസ്‌റാഈല്‍ സംയമനം പാലിക്കണമെന്നായിരുന്നു തിരുമൊഴി. പിന്നെ ചേതനയറ്റ പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ലോകത്തിന് മുന്നില്‍ നിറഞ്ഞപ്പോള്‍, ആശുപ്രത്രികള്‍ക്കും സ്‌കൂളുകള്‍ക്കും അഭയാര്‍ഥി ക്യാമ്പുകള്‍ക്കും മേല്‍ ബോംബുവര്‍ഷം നിര്‍ബാധം തുടര്‍ന്നപ്പോള്‍ ഗത്യന്തരമില്ലാതെ സ്വരം മാറ്റേണ്ടി വന്നു യു എസ് പ്രസിഡന്റിന്. അപ്പോഴും അദ്ദേഹം തൂക്കമൊപ്പിച്ചു. ഇസ്‌റാഈലിന്റെ ആക്രമണ രീതി അപലപനീയം എന്ന നിലയിലായിരുന്നു പ്രതികരണം. യു എന്‍ മനുഷ്യാവകാശ സമിതിയിലെ വോട്ടിംഗ് എന്ന മൂര്‍ത്തമായ വിധിതീര്‍പ്പ് ഘട്ടത്തില്‍ പ്രമേയത്തെ എതിര്‍ത്ത് അമേരിക്ക ഇസ്‌റാഈലിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. എന്നു വെച്ചാല്‍ ഈ വംശശുദ്ധീകരണത്തില്‍ അമേരിക്ക പങ്കാളിയാണ്. ഇപ്പോഴും ഗാസക്ക് മേല്‍ പതിക്കുന്നത് അമേരിക്കന്‍ ആയുധങ്ങളാണ്. ഇപ്പോഴും പുതിയ ആയുധ ഇടപാടുകളില്‍ ഈ അപൂര്‍വ സഹോദരങ്ങള്‍ ഏര്‍പ്പെടുകയാണ് ഇതിലൊന്നും ലോകത്തിന് പുതുമയോ അത്ഭുതമോ ഇല്ല. വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ പൊള്ളത്തരത്തിലേക്ക് യു എന്‍ വോട്ടിംഗ് വിരല്‍ ചൂണ്ടുന്നുവെന്നത് മാത്രമാണ് പ്രസക്തമായത്.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഈജിപ്തുമുണ്ട്. ഈ രണ്ട് കൂട്ടരുടെയും ഇപ്പോഴത്തെ നിലയെന്താണ്? അമേരിക്ക കൃത്യമായി ഇസ്‌റാഈല്‍ പക്ഷത്ത് നില്‍ക്കുന്നു. ഈജിപ്തിലെ ഫത്താഹ് അല്‍ സീസി സര്‍ക്കാറാണെങ്കില്‍ ഹമാസിന്റെ കടുത്ത വിമര്‍ശകരാണ്. അതിനവര്‍ക്ക് ന്യായവുമുണ്ട്. അവിടുത്തെ നിരോധിത സംഘടനയായ ബ്രദര്‍ഹുഡിന്റെ സഹോദര സംഘടനയാണല്ലോ ഹമാസ്. അപ്പോള്‍ ഈജിപ്തും എതിര്‍ ചേരിയിലാണ്. റഫാ അതിര്‍ത്തി അടച്ച് ഈജിപ്തും ആക്രമണത്തെ സഹായിക്കുന്നുണ്ട്. (ഭാഗികമായി തുറന്നെങ്കിലും അടച്ചിടുന്നതിന് തുല്യമായ നിയന്ത്രണമാണ് ക്രോസിംഗില്‍). തികച്ചും ഏകപക്ഷീയമായ “മധ്യസ്ഥരുടെ” മുന്‍കൈയില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഉരുത്തിരിഞ്ഞു വരുന്ന വ്യവസ്ഥകളും ഏകപക്ഷീയമായിരിക്കുമല്ലോ. മാധ്യസ്ഥ്യം എന്ന ഏര്‍പ്പാടിനെ തന്നെ കളങ്കപ്പെടുത്തുകയാണ് ഇവിടെ. ഇത് ഹമാസ് തിരിച്ചറിയുന്നുണ്ട്. പരിമിതമായ പ്രതിരോധം പോലും അടിയറവെച്ച് ഒരു വെടിനിര്‍ത്തലിന് കീഴ്‌പ്പെടുന്നതോടെ ഇപ്പോള്‍ നടന്ന അതിക്രമങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വരയായി മാറും. പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും അടങ്ങുന്ന 800ലധികം സാധാരണ മനുഷ്യരുടെ ജീവന് ഒരു വിലയും ഉണ്ടാകില്ല. ലോകത്തെ ഏറ്റവും ജനസാന്ദ്രമായ ഭൂവിഭാഗങ്ങളിലൊന്നായ ഗാസയിലെ വീടുകളും മറ്റ് കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞതിനും തുടര്‍ ജീവിതം അസാധ്യമാക്കിയതിനും ആര് ഉത്തരം പറയും? ഒരു ആക്രമണ പരമ്പരക്ക് ശേഷം വര്‍ഷങ്ങളെടുത്ത് മുളപൊട്ടുന്ന അതിജീവനത്തിന്റെയും പുനര്‍നിര്‍മാണത്തിന്റെയും നാമ്പുകള്‍ അടുത്ത ആക്രമണത്തിലൂടെ നുള്ളിക്കളയുകയെന്ന സയണിസ്റ്റ് കുതന്ത്രം എവിടെയും ചര്‍ച്ചയാകാതെ പോകും. ആക്രമണം തുടങ്ങിയത് ഇസ്‌റാഈല്‍. എല്ലാ അന്തരാഷ്ട്ര നിയമങ്ങളും കാറ്റില്‍ പറത്തുന്നതും അവര്‍ തന്നെ. എങ്കില്‍ പിന്നെ വെടിനിര്‍ത്താനെന്തിന് ചര്‍ച്ച? വെടി നിര്‍ത്താന്‍ ഇസ്‌റാഈലിനോട് നിഷ്‌കര്‍ഷിക്കാമല്ലോ വന്‍ ശക്തികള്‍ക്ക്. ഇസ്‌റാഈലിന്റെ “രോഷം “അടങ്ങും വരെ ക്രൂരമായ ആക്രമണത്തിന് സാഹചര്യമൊരുക്കുക. വംശശുദ്ധീകരണത്തിന്റെയും അധിനിവേശത്തിന്റെയും ഒരു അധ്യായം പൂര്‍ത്തിയായെന്ന് ഉറപ്പ് വരുത്തിയ ശേഷം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് വരിക. തന്ത്രങ്ങളുടെ തനിയാവര്‍ത്തനമാണ് ഗാസക്ക് മേല്‍ നടക്കുന്നത്. വെടിനിര്‍ത്തല്‍ ചര്‍ച്ചയോട് മുഖം തിരിഞ്ഞുനിന്നാല്‍ ലോകത്തിന്റെ പഴി തങ്ങള്‍ക്ക് മേല്‍ പതിക്കുമെന്ന് ഹമാസ് ഭയക്കുന്നു. ചര്‍ച്ചാമേശയില്‍ ഇരുന്നു കൊടുത്താലോ എന്ത് നേടിയെന്ന സ്വന്തം ജനതയുടെ ചോദ്യം നേരിടേണ്ടി വരും. ഇതാണ് ശരിയായ നടുക്കടല്‍.
ഫലസ്തീന്‍ ന്യായമായും സഹായം പ്രതീക്ഷിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ അപകടകരമായ സമദൂരം പാലിക്കുന്നുവെന്നത് വരാനിരിക്കുന്ന ചര്‍ച്ചകളെ കൂടുതല്‍ ഏകപക്ഷീയമാക്കും. മനുഷ്യാവകാശ സമിതിയില്‍ അനുകൂലമായി വോട്ട് ചെയ്‌തെങ്കിലും ഇന്ത്യ ഇക്കാര്യത്തില്‍ പാരമ്പര്യങ്ങളെയെല്ലാം പിഴുതെറിയുകയാണ്. നരേന്ദ്ര മോദി സര്‍ക്കാറിന് സ്വാഭാവികമായും ഫാസിസ്റ്റുകളോടാണ് ചായ്‌വ്. ഇസ്‌റാഈലുമായുള്ള സൈനിക കരാറുകള്‍ക്കാണ് മോദി സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. ഇത് സത്യത്തില്‍ യു പി എ സര്‍ക്കാര്‍ തുടങ്ങി വെച്ച നയവ്യതിയാനത്തിന്റെ തുടര്‍ച്ച തന്നെയാണ്. ലോകത്ത് അഭിപ്രായ രൂപവത്കരണത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സാധിക്കുന്ന ഇന്ത്യ പുലര്‍ത്തുന്ന നിര്‍ദയമായ സമീപനം യു എന്നടക്കമുള്ള വേദികളില്‍ ഫലസ്തീന്‍ സത്യം തമസ്‌കരിക്കപ്പെടുന്നതിന് ഇടയാക്കും. ഈ സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളെപ്പോലും ഫലസ്തീന്‍ ഭയക്കുകയാണ്.
കഴിഞ്ഞ ആഴ്ച അരങ്ങേറിയ നാടകം പരിശോധിച്ചാല്‍ വെടിനിര്‍ത്തല്‍ എങ്ങനെയാണ് ഒരു ആയുധമാകുന്നതെന്ന് വ്യക്തമാകും. ആക്രമണത്തിന് ഇസ്‌റാഈല്‍ ചെറിയ ഇടവേള നല്‍കുന്നു. ഇടവേളക്കു ശേഷം പൂര്‍വാധികം ക്രൂരമായ ആക്രമണം അഴിച്ചുവിടുന്നു; കരയാക്രമണം തുടങ്ങുന്നു. ഇടവേളയുടെയും വര്‍ധിത ആക്രമണത്തിന്റെയും അര്‍ഥം ഇസ്‌റാഈല്‍ തന്നെ പ്രഖ്യാപിക്കുന്നു. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ തങ്ങള്‍ വെടിനിര്‍ത്തിയെന്നും എന്നാല്‍ ഹമാസ് അതിനോട് അനുകൂലമായി പ്രതികരിച്ചില്ലെന്നും ഇസ്‌റാഈല്‍ കുറ്റപത്രമിറക്കി. ബെഞ്ചമിന്‍ നെതന്യാഹു തന്നെ രംഗത്തെത്തി. വെടിനിര്‍ത്തല്‍ ഘട്ടത്തില്‍ ഹമാസ് റോക്കറ്റ് തൊടുത്തു വിട്ടതോടെ തങ്ങളുടെ ആക്രമണം നിയമപരമായെന്ന് അദ്ദേഹം വാദിച്ചു. ലോകം ഇത് കാണുന്നില്ലേയെന്ന് ചോദിച്ചു. സത്യമെന്തായിരുന്നു? വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ വിശദാംശമോ ധാരണയോ ഹമാസിനെ അറിയിച്ചില്ല. തങ്ങള്‍ കൂടി പങ്കെടുക്കുന്ന ഒരു ചര്‍ച്ചക്കൊടുവില്‍ രൂപപ്പെടുന്ന വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാനേ ഹമാസിന് ബാധ്യതയുള്ളൂ. മാധ്യമങ്ങളില്‍ നിന്ന്, അതും ഇസ്‌റാഈലിന്റെ അവകാശവാദമായി പുറത്തു വന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധം അവസാനിപ്പിക്കാന്‍ ഹമാസിന് സാധിക്കുമായിരുന്നില്ല. എന്നാല്‍ വലിയ തെറ്റായാണ് ഈ നിലപാട് വ്യാഖ്യാനിക്കപ്പെട്ടത്. സ്വന്തം ജനത നിരന്തരം കൊല്ലപ്പെടുമ്പോള്‍ തീര്‍ത്തും ദുര്‍ബലമായ ആയുധ ശേഷിയുള്ള ഒരു സംഘം വെടിനിര്‍ത്തലിന് വഴങ്ങാതിരിക്കുന്നത് വിഡ്ഢിത്തവും ഒരു വേള മിഥ്യാഭിമാനവുമായി വിമര്‍ശിക്കപ്പെട്ടു. പാശ്ചാത്യ മാധ്യമങ്ങള്‍ കൃത്യമായി ഇസ്‌റാഈല്‍ പ്രൊപ്പഗാന്‍ഡ നിര്‍വഹിക്കുകയായിരുന്നു. അത്‌കേട്ട് ഇങ്ങ് കേരളത്തിലുള്ളവര്‍ വരെ ചോദിച്ചു: ഹമാസെന്ത് പണിയാണ് കാണിച്ചത്?
തീര്‍ച്ചയായും ഹമാസിന്റെ പ്രതിരോധത്തില്‍ അതിവൈകാരികതയുടെ തലം ഉണ്ടാകാം. അതിന്റെ ആശയ അടിത്തറയില്‍ തീവ്രവാദ പ്രവണതയുമുണ്ടാകാം. പക്ഷേ, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടവരാണ് അവര്‍. ഇന്നും അവരുടെ ജനത ഹമാസില്‍ വിശ്വാസമര്‍പ്പിക്കുന്നു. നിയമപരമായി സ്ഥാപിക്കപ്പെട്ട ഏത് ഭരണകൂടത്തിനും ലഭിക്കുന്ന മാന്യതക്ക് ഹമാസിന് അര്‍ഹതയുണ്ട്. ഈ അര്‍ഹതയുടെ പിന്‍ബലത്തോടെയാണ് ഹമാസ് വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ മുന്നോട്ട് വെക്കുന്നത്. ഒന്നാമതായി ഗാസക്ക് മേല്‍ ചുമത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കണം. അന്താരാഷ്ട്ര സഹായം നിര്‍ബാധം ഗാസയിലെത്താനുതകും വിധം തുറമുഖങ്ങള്‍ തുറന്നു നല്‍കണം. അതിര്‍ത്തികളിലും ക്രോസിംഗുകളിലും തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും യു എന്‍ നിരീക്ഷണം വേണമെന്നും ഹമാസ് ആവശ്യപ്പെടുന്നു. അല്‍ അഖ്‌സ പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ സാധിക്കണം, ഫത്തഹുമായി ഉണ്ടാക്കിയ ദേശീയ അനുരഞ്ജനത്തെ മാനിക്കണം, മരുന്നിനും ഭക്ഷണത്തിനുമുള്ള ക്ഷാമം പരിഹരിക്കാനായി റഫാ അതിര്‍ത്തി തുറക്കണം. ഇസ്‌റാഈലി കൗമാരക്കാര്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ തടവിലാക്കപ്പെട്ട ഫലസ്തീനികളെ മോചിപ്പിക്കണം. ഇത്രയും ആവശ്യങ്ങളാണ് ഹമാസ് മുന്നോട്ട് വെക്കുന്നത്.
എന്നാല്‍ വെടിനിര്‍ത്തലിനായി ഓടി നടക്കുന്ന യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇതില്‍ ഒന്നു പോലും പരിഗണിക്കുന്നില്ല. കെറി പ്ലാനില്‍ ഒരാഴ്ചത്തെ വെടിനിര്‍ത്തലേ ഉള്ളൂ. ആ ഘട്ടത്തില്‍ തന്നെ ഇസ്‌റാഈല്‍ സൈനിക സാന്നിധ്യം ഗാസാ ചീന്തില്‍ ഉണ്ടാകും. പരിശോധനകള്‍ നടത്താന്‍ അവര്‍ക്ക് സാധിക്കും. ഒരാഴ്ചത്തെ തൊലിപ്പുറമേയുള്ള ശാന്തതയുടെ ഇടവേളയില്‍ വിശദമായ ചര്‍ച്ച നടത്തി സമാധാനത്തിലേക്കുള്ള രൂപരേഖ തയ്യാറാക്കുമെന്നും കെറി പറയുന്നു. ഈ പദ്ധതിക്ക് ഈജിപ്തിന്റെ പിന്തുണയുണ്ട്. തുര്‍ക്കിയുടെയോ ഖത്തറിന്റെയോ ശ്രമഫലമായി ഈ വ്യവസ്ഥകളില്‍ അല്ലറ ചില്ലറ നീക്കുപോക്കുകള്‍ ഉണ്ടായെങ്കിലായി. ഹമാസ് ഈ ചതി തിരിച്ചറിയുന്നുവെന്നതാണ് സത്യം. 2012ല്‍ ഇതേപോലെ താത്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരുന്നു. റോക്കറ്റ് പതിച്ചുവെന്ന് നുണ പ്രചരിപ്പിച്ച് ഇസ്‌റാഈല്‍ തന്നെ അത് ലംഘിക്കുകയായിരുന്നു. ഇസ്‌റാഈല്‍ അടിച്ചു വിടുന്ന നുണകള്‍ക്ക് സര്‍വാംഗീകാരം ലഭിക്കുകയും ഹമാസിന്റെ നിസ്സഹായാവസ്ഥ ലോക മാധ്യമങ്ങള്‍ കാണാതിരിക്കുകയും ചെയ്യുന്നിടത്തോളം കാലം കരാറുകളെല്ലാം ഗാസക്ക് മേല്‍ പതിക്കുന്ന ബോംബുകള്‍ മാത്രമായിരിക്കും.
ഇത്തവണ ചില പ്രത്യേകതകളുണ്ട്. അതിലൊന്ന് ഹമാസിന്റെ റോക്കറ്റുകള്‍ ലക്ഷ്യത്തിലെത്താന്‍ തുടങ്ങി എന്നതാണ്. ഇസ്‌റാഈല്‍ സൈനികര്‍ക്കിടയില്‍ പരിമിതമായെങ്കിലും നാശം വിതക്കാന്‍ അവക്ക് സാധിക്കുന്നു. ഇപ്പുറത്ത് ഹമാസ് നേതാക്കളെ ഒരാളെപ്പോലും വകവരുത്താന്‍ ഇത്തവണ ഇസ്‌റാഈല്‍ സൈന്യത്തിന് സാധിച്ചില്ല. അതിലുള്ള ഇച്ഛാഭംഗമാണ് അഭയാര്‍ഥി ക്യാമ്പില്‍ പോലും ഷെല്‍ വര്‍ഷിക്കാന്‍ അവരെ നിര്‍ബന്ധിച്ചത്. ഡ്രോണ്‍ അയക്കുന്നതില്‍ ഹമാസ് വിജയിച്ചു. ഇസ്‌റാഈലിലെ ചില പ്രധാന വിമാനത്താവളങ്ങള്‍ അടച്ചിടേണ്ടി വന്നു. ഫതഹില്‍ നിന്ന് ഹമാസിന് നല്ല പിന്തുണ ലഭിക്കുന്നുണ്ട്. ആക്രമണം വെസ്റ്റ് ബാങ്കിലേക്ക് വ്യാപിച്ചതോടെ മൊത്തം ഫലസ്തീന്‍ പ്രതിരോധസജ്ജമാകുന്ന സ്ഥിതിയും ഉണ്ട്. ജൂത കുടിയേറ്റ മേഖലയില്‍ വലിയ സംഘട്ടനങ്ങള്‍ ഉരുണ്ടുകൂടിയേക്കാം.
അതേസമയം, സ്വന്തം നാട്ടില്‍ നെതന്യാഹു അനുഭവിക്കുന്ന സമ്മര്‍ദം ചില്ലറയല്ല. വെടിനിര്‍ത്തലിന് വഴങ്ങിയാല്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ അസ്തമനമായിരിക്കുമെന്ന് തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ ആക്രോശിക്കുന്നു. പക്ഷേ, മതിയെന്ന് ബിഗ് ബോസ് പറഞ്ഞാല്‍ പിന്നെ അപ്പീലില്ല. അതുകൊണ്ട് വെടിനിര്‍ത്തല്‍ തന്നെ ഒരു ചതിക്കുഴിയാകാം. നിര്‍ത്തിയാലെന്ത്, എപ്പോള്‍ വേണമെങ്കിലും തുടങ്ങാമല്ലോ.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest