ജില്ലയില്‍ ക്ഷീര വികസനത്തിനായുള്ള പദ്ധതികള്‍ താളംതെറ്റി

Posted on: July 26, 2014 9:51 am | Last updated: July 26, 2014 at 9:51 am

മഞ്ചേരി: തീറ്റപ്പുല്‍ കൃഷിയില്ല, ജില്ലയില്‍ ക്ഷീര വികസനം നാമ മാത്രമാകുന്നു. ജില്ലയിലെ 14 ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകള്‍ക്ക് കീഴിലും ഡയറി പ്രമോട്ടര്‍ നിയമനം നടക്കാത്തതിനാല്‍ തീറ്റപുല്‍ കൃഷി പാടെ മന്ദീഭവിച്ച മട്ടാണ്. തീറ്റപുല്‍ കൃഷിയുടെ പുരോഗതി പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാനുള്ള ഉദ്യോഗസ്ഥനാണ് ഡയറി പ്രമോട്ടര്‍.
ബ്ലോക്ക് ക്ഷീര വികസന ഓഫീസുകളില്‍ ഒരു വര്‍ഷത്തിലധികമായി ഡയറി പ്രമോട്ടര്‍ നിയമനം നടന്നിട്ടില്ല. അതിനാല്‍ ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര വികസന ഓഫീസില്‍ നിന്ന് പുല്‍വിത്ത് ലഭിക്കുന്നില്ല. പുല്‍വിത്ത് ലഭിച്ചാലും അത് കൃഷി ചെയ്ത സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥനില്ലാത്തതിനാല്‍ സര്‍ക്കാറില്‍ നിന്ന് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട സബ്‌സിഡിയും നിലച്ചിരിക്കുകയാണ്.
പാല്‍ ഉത്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത നേടിയിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് ക്ഷീരവികസന വകുപ്പ് പ്രവര്‍ത്തിച്ചു വരുന്നത്. ക്ഷീര കര്‍ഷകര്‍ മികച്ച ഇനം പശുവിനെ അയല്‍ സംസ്ഥാനത്ത് നിന്ന് വാങ്ങണമെന്നാണ് നിയമം. എന്നാല്‍ പാവപ്പെട്ട കര്‍ഷകന്‍ അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റില്‍ കൈക്കൂലി കൊടുത്ത് പശു അന്യസംസ്ഥാനത്ത് നിന്നുള്ളതാണെന്ന സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കുകയാണ് പതിവ്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ക്ഷീര വികസന ഓഫീസില്‍ നിന്ന് ആനുകൂല്യം കൈപറ്റുകയാണ് കര്‍ഷകര്‍ .
അയല്‍ സംസ്ഥാനത്ത് നിന്ന് കന്നിനെ വാങ്ങിയാലും കാലാവസ്ഥാ വ്യതിയാനവും മറ്റു കാരണം വാഗ്ദാനം നല്‍കിയതു പോലുള്ള പാല്‍ ലഭിക്കണമെന്നില്ല. അഞ്ച് കന്നിനെ വാങ്ങാന്‍ ഒന്നേകാല്‍ ലക്ഷം രൂപ സബ്‌സിഡി ലഭിക്കും. തീറ്റപുല്‍ വിത്തിനും ക്ഷീര വികസന വകുപ്പ് സബ്‌സിഡി നല്‍കുന്നുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ കൃഷിയുമില്ല. സബ്‌സിഡിയും ലഭിക്കുന്നില്ല. അതത് ഭരണകൂടങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളാണ് ഡയറി പ്രമോട്ടറെ നിയമിക്കുന്നത്. എല്‍ ഡി എഫ് ഭരണകാലത്ത് നിയമിച്ചവരെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് സി പി എം കോടതി കയറിയിരിക്കുകയാണ്. ഈ ഭരണകാലത്ത് ഇന്റര്‍വ്യൂ നടത്തി പുതിയ നിയമനം നടത്തിയിട്ടില്ല. മലപ്പുറം ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ് ഇന്റര്‍വ്യൂ നടത്തി ഡയറി പ്രമോട്ടര്‍മാരെ നിയമിക്കേണ്ടത്.