Connect with us

Wayanad

ജനസംഖ്യാ വര്‍ധനവിന്റെ ആശങ്കകള്‍ പങ്കുവെച്ച് ജനസംഖ്യാ പക്ഷാചരണം സമാപിച്ചു

Published

|

Last Updated

കല്‍പ്പറ്റ: ക്രമാതീതമായ ജനസംഖ്യാ വര്‍ദ്ധനവുമൂലമുള്ള ആശങ്കകള്‍ പങ്കുവെച്ച് ജനസംഖ്യാ സ്ഥിരത പക്ഷാചരണം സമാപിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജനസംഖ്യാദിനമായ ജൂലൈ 11 മുതല്‍ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജനസംഖ്യാ വര്‍ദ്ധനവിന്റെ പ്രശ്‌നങ്ങള്‍ വിവരിച്ച് സന്ദേശ യാത്രകള്‍, ഒപ്പ്‌ശേഖരണം തുടങ്ങി വൈവിധ്യമാര്‍ന്ന ബോധവത്ക്കരണ പരിപാടികള്‍ പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
പുതിയ കണക്ക് പ്രകാരം 127 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. ഓരോ മിനിറ്റിലും 51 കുട്ടികള്‍ വീതം ജനിക്കുന്ന ഇന്ത്യയില്‍ ഒരു ചതുരശ്രകിലോമീറ്ററില്‍ 362 പേരാണ് വസിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഇത്രയും സ്ഥലത്തുള്ളത് 860 പേരും. ഇന്ത്യയേക്കാള്‍ മൂന്നിരിട്ടി വലുപ്പമുള്ള ചൈനയില്‍ 136 കോടിയാണ് ജനസംഖ്യ. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ 2025 ഓടെ ലോകജനസംഖ്യയില്‍ ഇന്ത്യ ഒന്നാമതെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിയാത്മകമായ ജനസംഖ്യാ നിയന്ത്രണമാണ് ജനപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള ഏക പോംവഴിയായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുടെ ജനസംഖ്യയില്‍ അമ്പത് ശതമാനം പേരും 25 വയസ്സില്‍ താഴെയുള്ളവരാണ്. “സന്തോഷഭരിതം ആസൂത്രിത കുടുംബം” എന്നതാണ് ഈ വര്‍ഷത്തെ ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാദിന സന്ദേശം. കൂടാതെ യവജനങ്ങള്‍ക്കായി “എന്റെ ജീവതം എന്റെ തീരുമാനം” എന്ന പ്രത്യേക സന്ദേശവും നല്‍കിയിട്ടുണ്ട്.
സു.ബത്തേരി താലൂക്ക് ആശുപത്രിയില്‍ നടന്ന സമാപന സമ്മേളനവും കുടുംബമേളയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. വിജയയും ജനസംഖ്യാ നിയന്ത്രണ സെമിനാര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷബീര്‍ അഹമ്മദും ഉദ്ഘാടനം ചെയ്തു. അര്‍ബന്‍ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.കെ.എസ്. അജയന്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ മാസ്മീഡിയ ഓഫിസര്‍ സഗീര്‍ സുധീന്ദ്രന്‍ വിഷയാവതരണം നടത്തി. എം.സി.എച്ച്. ഓഫിസര്‍ കെ.പ്രസന്ന, ഡോ.കെ.എസ്. അജയന്‍, ഡെ. മാസ് മീഡിയാ ഓഫീസര്‍ ബേബി നാപ്പള്ളി എന്നിവര്‍ ക്ലാസ്സെടുത്തു. അസംപ്ഷന്‍ നേഴ്‌സിംഗ് സ്‌കൂള്‍ ട്യൂട്ടര്‍ സീമ, നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍ സുരേഷ്, അനൂപ് അബ്രഹാം, വി.കെ. കരുണന്‍, പി.കെ. ശിവപ്രകാശ്, എം.ജെ.ഇമ്മാനുവല്‍, റോസമ്മ ജോസഫ് എന്നിവര്‍ സംസാരിച്ചു. പക്ഷാചരണത്തിന്റെ ഭാഗമായി തരിയോട്, മേപ്പാടി, പനമരം, പുല്‍പ്പള്ളി, വൈത്തിരി, മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ആരോഗ്യബോധവത്ക്കരണ ക്ലാസ്സുകളും പരിശീലന പരിപാടികളും സിഗ്നേച്ചര്‍ ക്യാമ്പൈയിനും നടത്തി.