Connect with us

Ongoing News

സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ 65,168 പേര്‍ക്ക് പ്രവേശനം

Published

|

Last Updated

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറിയില്‍ നിലവിലുള്ള സീറ്റുകളിലേക്ക് അലോട്ട്‌മെന്റ് പൂര്‍ത്തിയായി. ആദ്യ രണ്ട് അലോട്ടമെന്റുകള്‍ക്ക് ശേഷം ഇന്നലെ നടന്ന സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ 65,168 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം. ആകെയുള്ള 66,016 സീറ്റുകളിലേക്കുള്ള പ്രവേശന നടപടികളാണ് നടന്നത്. ഇതിനായി ആകെ ലഭിച്ചത് 1,64,147 അപേക്ഷകളായിരുന്നു. ഇതില്‍ 65,168 സീറ്റുകളില്‍ പ്രവേശം പൂര്‍ത്തിയായതോടെ ഇനി ബാക്കിയുളളത് 848 സീറ്റുകളാണ്.
മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍ക്കും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്കുമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ അവസരം ലഭിച്ചത്. സംവരണതത്വം അനുസരിച്ച് നിലവിലുണ്ടായിരുന്ന ഒഴിവുകള്‍ ജില്ല ഒരു യൂനിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്‌മെന്റിന് പരിഗണിച്ചത്.
പട്ടികജാതി, പട്ടികവര്‍ഗ സംവരണ സീറ്റുകളിലേക്ക് മതിയായ അപേക്ഷകരില്ലെങ്കില്‍ അവശേഷിക്കുന്ന അത്തരം ഒഴിവുകളിലേക്ക് ആദ്യം ഒ ഇ സി വിഭാഗത്തെ പരിഗണിച്ചു. തുടര്‍ന്നും ഒഴിവുകള്‍ ഉണ്ടെങ്കില്‍ അത്തരം സീറ്റുകളെ പൊതു മെറിറ്റ് സീറ്റുകളായി പരിഗണിച്ച് ഒ ബി സിയിലെ വിവിധ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ അവര്‍ക്ക് ലഭിക്കുന്ന സംവരണ ശതമാന പ്രകാരവും അവശേഷിക്കുന്ന സീറ്റുകള്‍ ജനറല്‍ വിഭാഗത്തിനും നല്‍കിയാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചത്. അലോട്ട്‌മെന്റ് ഫലം www. hscap.kerala.gov.in എന്ന വെബ്‌സൈറ്റിലെ SUPPLEMENTARY RESULT എന്ന ലിങ്കിലൂടെ പരശോധിക്കാം.
പ്രവേശനം ലഭിക്കുന്നവര്‍ രണ്ടുപേജുള്ള അലോട്ട്‌മെന്റ് സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ ഈമാസം 30ന് വൈകുന്നേരം നാലിന് മുമ്പ് സ്ഥിരപ്രവേശനം നേടണം. ഇല്ലെങ്കില്‍ ഈ വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകും.