ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയില്‍

Posted on: July 26, 2014 1:00 am | Last updated: July 26, 2014 at 1:00 am

congressഡെറാഡൂണ്‍: നരേന്ദ്ര മോദി തരംഗത്തില്‍ തകര്‍ന്നടിഞ്ഞ ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയില്‍. സംസ്ഥാനത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്നിലും കോണ്‍ഗ്രസ് വിജയിച്ചു. ഇക്കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ള അഞ്ച് സീറ്റുകളിലും വിജയിച്ച് ബി ജെ പി കോണ്‍ഗ്രസിനെ നിലംപരിശാക്കിയിരുന്നു.
ധര്‍ച്ചുല, സോമേശ്വര്‍, ദോയ്‌വാല മണ്ഡലങ്ങളിലേക്കാണ് ഈ മാസം 21ന് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഹരീഷ് റാവത്തിന് നിര്‍ണായകമായിരുന്നു ഈ ഉപതിരഞ്ഞെടുപ്പ്. മത്സരിച്ച ധേര്‍ച്ചുല മണ്ഡലത്തില്‍ നിന്ന് 20,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഹരീഷ് റാവത്ത് വിജയിച്ചത്. ബി ജെ പിയുടെ ബി ഡി ജോഷിയായിരുന്നു എതിരാളി. പാര്‍ലിമെന്റ് അംഗത്വം രാജിവെച്ചാണ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ചട്ടമനുസരിച്ച് ആറ് മാസത്തിനുള്ളില്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് ജയിച്ചുവരേണ്ടതുണ്ട്. ഇതേത്തുടര്‍ന്ന് ധര്‍ച്ചുലയില്‍ നിന്നുള്ള അംഗം ഹരീഷ് ധനി രാജിവെച്ച ഒഴിവില്‍ റാവത്ത് ജനവിധി തേടുകയായിരുന്നു.
അസുഖബാധിതനായതിനാല്‍ ഒരു ദിവസം പോലും ഹരീഷ് റാവത്ത് പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. എന്നിട്ടുപോലും തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസില്‍ ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്.
ഹരീഷ് റാവത്തിനെ കൂടാതെ ദോയ്‌വാലയില്‍ നിന്ന് ഹീരാ സിംഗ് ബിഷ്തും സോമേശ്വറില്‍ നിന്ന് രേഖാ ആര്യയും കോണ്‍ഗ്രസിന് വേണ്ടി വിജയിച്ചു. ഇരു മണ്ഡലങ്ങളും ബി ജെ പിക്ക് ശക്തമായ വേരോട്ടമുള്ളവയാണ്. ദോയ്‌വാല മണ്ഡലത്തില്‍ കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 22,000 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു.
ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ 70 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ഭരിക്കാനുള്ള ഭൂരിപക്ഷമായി. 35 അംഗങ്ങളുടെ പിന്‍ബലമുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്തതോടെ 36 എന്ന കേവല ഭൂരിപക്ഷം സ്വന്തമാക്കി.