Kasargod
പെരുന്നാളിന് സുഗന്ധം പരത്താന്‍ അത്തര്‍വാല എത്തി
കാസര്‍കോട്: ആഘോഷ വേളകളില്‍ അത്തറിന്റെ സുഗന്ധം പരത്തി മുഹമ്മദ് അത്തര്‍വാല. കാസര്‍കോട്ടും പരിസരങ്ങളിലും സുപരിചിതനായ മേല്‍പറമ്പ് സ്വദേശി മുഹമ്മദ് അത്തര്‍വാലയാണ് സുഗന്ധം പരത്തുന്നത്. ഇദ്ദേഹത്തിന്റെ കൈവശം നൂറോളം ഇനങ്ങളിലുള്ള അത്തറുകളാണുള്ളത്. 2 മില്ലി അത്തറിന് മുതല്‍ 4,000 രൂപ വരെ വിലയുണ്ട്.
ഇന്ത്യന്‍ അത്തറുകള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവശ്യക്കാര്‍ നിരവധിയാണ്. സുഗന്ധ ഇനങ്ങളായ ഈദ്, മരത്തിന്റെ കഴമ്പ് എന്നിവ ആസാം, ഒഡീഷ സംസ്ഥാനങ്ങളില്‍ വ്യാപകമാണ്. വിദേശികളെ ഭാരതത്തിലേക്ക് ആകര്‍ഷിക്കാന്‍ പ്രധാന കാരണം സുഗന്ധ സമൃദ്ധിയാണെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായ മുഹമ്മദ് അത്തര്‍വാല പറയുന്നു.
മുംതാസ് മഹല്‍, ഹുമയൂണ്‍, അനാര്‍ക്കലി എന്നീ പേരുകളില്‍ അത്തര്‍ ഇറങ്ങിയിട്ടുണ്ട്. ക്ലിയോപാട്ര, മല്ലിക, സല്‍മ, ഫാത്വിമ, പോണ്‍സ്, ഊദ്, അമ്പര്‍, മുഖല്ലത്ത്, മുനവ്വര്‍, സൗജത്ത്, അത്തര്‍വാല തുടങ്ങിയ പേരുകളിലുള്ള സുഗന്ധ ദ്രവ്യങ്ങള്‍ കേരളത്തിലും കര്‍ണാടകയിലും വില്‍പന നടത്തുന്നുണ്ട്. റമസാന്‍ മാസത്തില്‍ പ്രഭാതം മുതല്‍ അത്തര്‍ വില്‍പനയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. മുംബൈയില്‍നിന്നാണ് അത്തര്‍ കൊണ്ടുവരുന്നതെന്ന് അദ്ദേഹം പറയുന്നു.
കഴിഞ്ഞ 12 വര്‍ഷത്തോളമായി ഈ രംഗത്ത് പ്രവര്‍ത്തിച്ചുവരികയാണ്. ഇതോടൊപ്പം ജീവകാരുണ്യ മേഖലയിലും പ്രവര്‍ത്തിച്ചുവരുന്നു അവിവാഹിതന്‍ കൂടിയായ മുഹമ്മദ് അത്തര്‍വാല.




