മലബാറില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം

Posted on: July 25, 2014 6:04 am | Last updated: July 25, 2014 at 2:05 pm

electricityതിരുവനന്തപുരം: കഠിനപ്രയത്‌നത്തിലൂടെയും ബൃഹത്തായ വൈദ്യുതിവിതരണ ശൃംഖല സ്ഥാപിച്ചും മലബാര്‍ മേഖലയിലെ സമ്പൂര്‍ണവൈദ്യുതീകരണമായി. മലബാറിലെ അഞ്ച് ജില്ലകളില്‍ മാത്രമായി 44560 കുടുംബങ്ങള്‍ക്കും പാലക്കാട് ജില്ലയില്‍ 21835 കുടുംബങ്ങള്‍ക്കുമാണ് ഈ പദ്ധതിയിലൂടെ വൈദ്യുതി നല്‍കിയത്. 100.23 കോടി രൂപ ചെലവാക്കിയാണ് കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കിയത്. ഈ അഞ്ചു ജില്ലകളിലായി 755 കി.മീ. 11 കെ വി ലൈനുകള്‍ വലിച്ച് എഴുന്നൂറ്റി മുപ്പത്തിയെട്ട് 25 കെ വി എ ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ചു. 255 കി.മീ. ത്രീഫേസ് ലൈനുകളും, 1627 കി.മീ. സിംഗിള്‍ ഫേസ് ലൈനുകളും നിര്‍മിച്ചാണ് 44560 കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയത്. ഇതില്‍ 39,769 ബി പി എല്‍ വിഭാഗക്കാര്‍ക്ക് സൗജന്യമായാണ് കണക്ഷന്‍ നല്‍കിയത്.
പാലക്കാട് ജില്ലയില്‍ 96 കി.മീ. 11 കെ വി ലൈനുകള്‍ വലിച്ചും നൂറ്റിയെട്ട് 25 കെ വി എ ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ചും 34 കി.മീ. ത്രീഫേസ് ലൈനുകളും, 137 കി.മീ. സിംഗിള്‍ ഫേസ് ലൈനുകള്‍ സ്ഥാപിച്ചുമാണ് 18215 ബി പി എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായും 3620 എ പി എല്‍ കുടുംബങ്ങള്‍ക്ക് അല്ലാതെയും വൈദ്യുതി കണക്ഷന്‍ നല്‍കിയത്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടക്കന്‍ജില്ലകളില്‍ മൊത്തം 57984 ബി പി എല്‍ കുടുംബങ്ങള്‍ക്കും 8411 എ പി എല്‍ കുടുംബങ്ങള്‍ക്കുമാണ് വൈദ്യുതി കണക്ഷന്‍ നല്‍കിയത്.
2010ല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ച രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ യോജന വഴിയാണ് ഈ ജില്ലകളിലെ ഗ്രാമീണ മേഖലയില്‍ വൈദ്യുതി എത്തിക്കാനായത്. ഗ്രാമീണ മേഖലയിലെ എല്ലാ വീടുകള്‍ക്കും വൈദ്യുതി നല്‍കാനുള്ള അടിസ്ഥാനസൗകര്യം ഒരുക്കുക, എല്ലാ ബി പി എല്‍ വീടുകള്‍ക്കും സൗജന്യമായി വൈദ്യുതി നല്‍കുക എന്നിവയാണ് റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ വഴി നടപ്പാക്കുന്ന ആര്‍ ജി ജി വി വൈയുടെ ലക്ഷ്യം. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ ഡിസ്ട്രിബ്യൂഷന്‍ ബാക്ക് ബോണ്‍ (ആര്‍ ഇ ഡി ബി) പാക്കേജ് വഴി 33/11 കെ വി സബ്‌സ്‌റ്റേഷന്‍ സ്ഥാപിക്കലും, ശേഷി വര്‍ദ്ധിപ്പിക്കലും നടത്താനും വില്ലേജ് ഇലക്ട്രിഫിക്കേഷന്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ (വി ഇ ഐ) പാക്കേജിലൂടെ വീടുകള്‍ വൈദ്യുതീകരിക്കുന്നതിനായി 11 കെ വി ലൈനുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍, എല്‍ ടി ലൈനുകള്‍ എന്നിവ സ്ഥാപിക്കാനുമാണ് വിഭാവനം ചെയ്തിരുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ആര്‍ ജി ജി വി വൈ പദ്ധതിയുടെ കരാര്‍ കൊല്‍ക്കത്തയിലെ ബെന്‍ടെക്ക് ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് ലിമിറ്റഡിനും വയനാട് ജില്ലയില്‍ ന്യൂഡല്‍ഹിയിലെ അരാവലി ഇന്‍ഫ്രാ പവര്‍ ലിമിറ്റഡിനുമാണ് നല്‍കിയത്. മലപ്പുറം ജില്ലയില്‍ ആര്‍ ജി ജി വി വി വൈ പദ്ധതികള്‍ കെ എസ് ഇ ബി നേരിട്ടു തന്നെ നടപ്പിലാക്കി. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കോട്ടയം, തിരുവനന്തപുരം ജീല്ലകളില്‍ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. മലബാറിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെയും പ്രഖ്യാപനം ജൂലൈ 26ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് പാരിഷ് ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. സംസ്ഥാന ഊര്‍ജ്ജമന്ത്രി ആര്യാടന്‍ മൂഹമ്മദ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന പഞ്ചായത് #ൃമന്ത്രി ഡോ.എം കെ മുനീര്‍ മുഖ്യാതിഥിയായിരിക്കും. എം പിമാരും എം എല്‍ എമാരും ഉള്‍പ്പെടെ ജനപ്രതിനിധികള്‍ പങ്കെടുക്കും.