ബ്‌ലാക്ക്‌മെയിലിംഗ് കേസ് പ്രതി ഒളിവില്‍ താമസിച്ചത് എം എല്‍ എ ഹോസ്റ്റലില്‍

Posted on: July 25, 2014 1:46 pm | Last updated: July 26, 2014 at 8:17 am

mla hostelതിരുവനന്തപുരം: കൊച്ചി ബ്ലാക്ക്‌മെയിലിംഗ് കേസ് പ്രതി എം എല്‍ എ ഹോസ്റ്റലില്‍ താമസിച്ചത് വിവാദമാവുന്നു. സ്വകാര്യ രംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ കേസ് പ്രതി ജയചന്ദ്രനെ ഇന്നലെ രാത്രി എം എല്‍ എ ഹോസ്റ്റലിന് സമീപം വെച്ച് പോലീസ് പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട് ഹോസ്റ്റലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്. മുന്‍ എം എല്‍ എ ശരത്ചന്ദ്ര പ്രസാദിന് അനുവദിച്ച നോര്‍ത്ത് ബ്ലോക്കിലെ മുറിയിലാണ് ഇയാള്‍ താമസിച്ചത്.

കൊച്ചി ബ്ലാക്ക്‌മെയിലിംഗ് കേസില്‍ അഞ്ചാം പ്രതിയാണ് ജയചന്ദ്രന്‍. ഏറെ കാലമായി ഒളിവില്‍ കഴിയുന്ന ജയചന്ദ്രനെ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചു വരികയായിരുന്നു. സ്പീക്കറുടെ അനുമതിയോടെയാണ് ഷാഡോ പോലീസ് ഹോസ്റ്റലില്‍ പരിശോധന നടത്തിയത്. ഇയാള്‍ ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്.