ഫലസ്തീന്‍ ഐക്യദാര്‍ഢ്യം ; ഖത്തറില്‍ ഇക്കുറി പെരുന്നാള്‍ ആഘോഷങ്ങള്‍ ഉണ്ടാവില്ല

Posted on: July 24, 2014 3:17 pm | Last updated: July 25, 2014 at 1:48 pm

QATARദോഹ: ഇസ്രയേല്‍ അക്രമങ്ങള്‍ക്ക് മുമ്പില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പെരുന്നാള്‍ ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു.ഖത്തറില്‍ പെരുന്നാള്‍ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രങ്ങളായ സൂഖ് വാഖിഫിലും കതാറ കള്‍ച്ചറല്‍ വില്ലേജിലും ഇത്തവണ ആഘോഷചടങ്ങുകള്‍ ഒന്നുമുണ്ടാകില്ല. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി നിര്‍ത്താതെ തുടരുന്ന ഇസ്രാഈല്‍ നരമേധത്തില്‍ പ്രയാസപ്പെടുന്ന ഗസ്സയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമാണ് തീരുമാനമെന്ന് സംഘാടകരെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.മുന്‍തീരുമാന പ്രകാരം ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പെരുന്നാള്‍ പരിപാടികളാണ് സൂഖ് വാഖിഫില്‍ നടക്കേണ്ടിയിരുന്നത്. അതേസമയം ഖത്തറിന്റെ ആഗോള സാംസ്‌കാരിക മുദ്രയായ കത്താറയും ഗസ്സയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഈദ് ആഘോഷങ്ങളില്‍നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. കതാറയും ആസ്‌പെയര്‍ സോണും തങ്ങളുടെ ഒരു ദിവസവരുമാനം ഗസ്സക്ക് സംഭാവന ചെയ്യുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചിരുന്നു. ജിസിസി രാഷ്ട്രങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും ഈദാഘോഷങ്ങള്‍ക്ക് ധാരാളം സന്ദര്‍ശകര്‍ എത്തിച്ചേരാറുള്ള ദോഹയില്‍ ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ണ്ണാഭവും ശ്രദ്ധേയവുമായ പരിപാടികളാണ് വര്‍ഷാവര്‍ഷങ്ങളില്‍ സംഘടിപ്പിക്കാറുള്ളത്.രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സുകള്‍ മുഖ്യസ്ഥാനത്തേക്ക് ടൂറിസം കാലുറപ്പിച്ചു കഴിഞ്ഞ വേളയിലുള്ള ഈ കടുത്ത തീരുമാനം ലോകശ്രദ്ധ നേടുമെന്നുറപ്പാണ്.