Connect with us

Kozhikode

കാലവര്‍ഷം: നഷ്ടങ്ങള്‍ പെരുകുന്നു

Published

|

Last Updated

കോഴിക്കോട്: കനത്ത മഴയില്‍ ജില്ലയില്‍ നാശനഷ്ടങ്ങള്‍ തുടരുന്നു. ഇന്നലെ മാത്രം 10.5 ഹെക്ടര്‍ പ്രദേശത്തെ കൃഷിയും 14 വീടുകളും തകര്‍ന്നു. കാര്‍ഷിക ഇനത്തില്‍ മാത്രം 12,24,500 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
കോഴിക്കോട് താലൂക്കില്‍ അഞ്ച് വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. കൊയിലാണ്ടിയില്‍ അഞ്ച് വീടും വടകരയില്‍ ഒന്നും താമരശ്ശേരിയില്‍ രണ്ട് വീടുകളും ഭാഗികമായി തകര്‍ന്നു. വീട് തകര്‍ന്നതില്‍ 3,93,000 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് ജില്ലാഭരണകൂടം പറയുന്നത്.
ബാലുശ്ശേരി വില്ലേജില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നാല് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചക്കിട്ടപ്പാറ വില്ലേജില്‍ കക്കയം ഡാമിലേക്ക് പോകുന്ന റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഏറെ നേരത്തെ ശ്രമഫലമായി മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.
പന്തീരാങ്കാവ് ജംഗ്ഷനില്‍ നിര്‍ത്തിയിട്ട രണ്ട് വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണു. മാരുതി കാര്‍, ഗുഡ്‌സ് എയ്‌സ് എന്നിവക്ക് മുകളിലാണ് മരം വീണത്. ആര്‍ക്കും പരുക്കില്ലെങ്കിലും വാഹനങ്ങള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഇവിടെ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മീഞ്ചന്ത അഗ്നിശമന വിഭാഗമെത്തി മരച്ചില്ലകള്‍ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിന് മുന്‍വശത്തെ ജംഗ്ഷനിലും സ്റ്റേഡിയം ജംഗ്ഷനിലും മാവൂര്‍ റോഡിലും ശ്രീകണ്‌ഠേശ്വര ക്ഷേത്ര റോഡിലും പാവമണി റോഡിലുമെല്ലാം ഇന്നലെയും വെള്ളം കയറി.
തീരദേശ മേഖലകളില്‍ രൂക്ഷമായ കടലാക്രമണവും ഉണ്ടായി.