നോക്കുകൂലിക്കെതിരെ കര്‍ശന നടപടി: ചെന്നിത്തല

Posted on: July 24, 2014 1:14 am | Last updated: July 24, 2014 at 1:14 am

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന നോക്കുകൂലി സമ്പ്രദായത്തിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെിത്തലയുടെ അധ്യക്ഷതയില്‍ കൂടിയ ഉന്നതതല യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്ത് പല ഭാഗത്തും നോക്ക് കൂലി നാള്‍ക്കു നാള്‍ വര്‍ധിച്ചു വരുന്നത് ആശങ്ക ഉളവാക്കുന്നതായി യോഗം വിലയിരുത്തി.
സംസ്ഥാനത്തിന്റെ വ്യവസായിക മേഖലയെ വളരെ ഗുരുതരമായി ഇത് ബാധിക്കുമെന്നതിനാല്‍ ഇത് അനുവദിക്കാനാകില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ വ്യവസായ യൂണിറ്റുകള്‍ പലതും അന്യ സംസ്ഥാനങ്ങളിലേക്ക് പോകുന്ന സാഹചര്യം ഉണ്ടാക്കുകയും. നോക്കൂകൂലി ആവശ്യപ്പെടുന്ന തൊഴിലാളികള്‍ക്കടക്കം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും, തൊഴിലവസരങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥയാണ് ആത്യന്തികമായി ഇതുമൂലം സംജാതമാകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നോക്കുകൂലി നല്‍കുന്ന പലരും ഭീഷണി കാരണം പുറത്ത് പറയാതെയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. നോക്കുകൂലി സംബന്ധിച്ച് പരാതി ലഭിച്ചാല്‍ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള സര്‍ക്കുലര്‍ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും നല്‍കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി.
നോക്കുകൂലി ആവശ്യപ്പെടുന്ന തൊഴിലാളി സംഘടനകളുടെ യൂണിറ്റ് തല രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ആലോചിച്ച് വരികയാണെ് തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ യോഗത്തില്‍ പറഞ്ഞു.
ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ആഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരന്‍, ലേബര്‍ കമ്മീഷണര്‍ പി ജെ തോമസ്, എ ഡി ജി പി മാരായ കൃഷ്ണമൂര്‍ത്തി, എ ഹേമചന്ദ്രന്‍, കെ. പത്മകുമാര്‍, ആഭ്യന്തര- തൊഴില്‍ വകുപ്പ് ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.