Connect with us

Ongoing News

എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോറുകള്‍ തുടങ്ങും- മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: താലൂക്ക്തലം വരെ ഓണം- റമസാന്‍ ഫെയറുകള്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ്, ഹോര്‍ട്ടികോര്‍പ്പ് ഉള്‍പ്പെടെയുളള സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി മന്ത്രിമാരായ കെ.എം.മാണി, അനൂപ് ജേക്കബ്, കെ.പി.മോഹനന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോറുകള്‍ ആരംഭിക്കുന്നതിനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
സപ്ലൈകോ റമസാന്‍ ഫെയര്‍ ഉള്‍പ്പെടെ 58 മെട്രോ ഫെയര്‍ ആരംഭിച്ചു. ഇതില്‍ മെട്രോ ഫെയര്‍ ഓണം വരെ നീട്ടുന്നതിനും തീരുമാനമായി. രണ്ടാം ഘട്ടമായി ആഗസ്റ്റ് 13 മുതല്‍ ജില്ലകളിലും 20 മുതല്‍ താലൂക്ക് തലങ്ങളിലും ഫെയറുകള്‍ സംഘടിപ്പിക്കും. 1500 ഓണം ഫെയറുകളാണ് സപ്ലൈകോ സംഘടിപ്പിക്കുന്നത്. ഹോര്‍ട്ടികോര്‍പ്പ്, എം പി എ. എന്നിവയുടെ സ്റ്റാളുകള്‍ സപ്ലൈകോ ഫെയറിലുണ്ടാകും. പരമാവധി ഫെയറുകളില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സഹകരണമുറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
കണ്‍സ്യൂമര്‍ഫെഡ് ഓണവിപണി ആഗസ്റ്റ് മൂന്നു മുതല്‍ ആരംഭിക്കും. മൂവായിരത്തോളം വിപണി ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് കണ്‍സ്യൂമര്‍ഫെഡ് തീരുമാനിച്ചിരിക്കുന്നത്. ഓണത്തിന് ബി.പി.എല്‍. കിറ്റ് വിതരണം ചെയ്യും. കിറ്റിനുള്ളില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കും. വിലക്കുറവ് സംബന്ധിച്ചുള്ള കാര്യത്തില്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപിപ്പിച്ചുള്ള ചര്‍ച്ച നടത്തി തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
50 മുതല്‍ 60 ശതമാനം വരെ വിലക്കുറവിലാണ് സപ്ലൈകോ വഴി സാധനങ്ങള്‍ ലഭ്യമാക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണിത്. വിപണിയില്‍ ഇടപെടുന്നതിനായി സപ്ലൈകോ 120 കോടി രൂപയും കണ്‍സ്യൂമര്‍ഫെഡ് 60 കോടിയും ഹോര്‍ട്ടികോര്‍പ്പ് 20 കോടി രൂപയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ധനവകുപ്പ് പരിശോധിച്ച് തീരുമാനമെടുക്കുകയും തുക ലഭ്യമാക്കുകയും ചെയ്യും.

Latest