പത്തില്‍ താഴെ കുട്ടികളുള്ള വിദ്യാലയങ്ങള്‍ പൂട്ടുന്നു

Posted on: July 24, 2014 12:12 am | Last updated: July 24, 2014 at 12:12 am

schoolsതിരുവനന്തപുരം: പത്തില്‍ താഴെ കുട്ടികള്‍ മാത്രം പഠിക്കുന്ന വിദ്യാലയങ്ങള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ ആലോചന. പുതിയ പ്ലസ് ടു സ്‌കൂള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയാണ് ഇക്കാര്യവും പരിഗണനക്ക് വന്നത്. വിദ്യാര്‍ഥികളില്ലാത്ത വിദ്യാലയങ്ങളില്‍ അധ്യാപകര്‍ ജോലി ചെയ്യാതെ ശമ്പളം വാങ്ങുകയാണ്. വലിയ സാമ്പത്തിക ബാധ്യതയാണ് ഇതിലൂടെ സര്‍ക്കാറിനുണ്ടാകുന്നത്.

പത്തില്‍ താഴെ കുട്ടികളുള്ള 200 ഓളം വിദ്യാലയങ്ങള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. ഒരു വിദ്യാര്‍ഥി പോലുമില്ലാത്ത സ്‌കൂളും അഞ്ചില്‍ താഴെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളും സംസ്ഥാനത്തുണ്ട്. ഒരു വിദ്യാര്‍ഥി പോലുമില്ലാത്ത സ്‌കൂളില്‍ ഒരു അധ്യാപകനുണ്ട്. അഞ്ചില്‍ താഴെ കുട്ടികളുള്ള സ്‌കൂളില്‍ അഞ്ച് അധ്യാപകരും. ഈ സാഹചര്യത്തില്‍ അധ്യാപകരെ പുനര്‍വിന്യസിച്ച് സ്‌കൂളുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച വിശദമായ കണക്കെടുക്കാന്‍ മന്ത്രിസഭാ യോഗം വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
പത്തില്‍ താഴെ കുട്ടികളുള്ള സ്‌കൂളുകള്‍ അടച്ചു പൂട്ടാനും 25 വിദ്യാര്‍ഥികളില്‍ താഴെയുള്ള സ്‌കൂളുകളില്‍ അടുത്തവര്‍ഷം 25 വിദ്യാര്‍ഥികള്‍ എങ്കിലും വേണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കാനുമാണ് തീരുമാനം. ഇതിനായി അധ്യാപകരും പി ടി എയും പ്രാദേശിക നേതാക്കളും ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ വന്ന കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.