ഡല്‍ഹി യാത്ര പുനഃസംഘടനാ ചര്‍ച്ചക്കല്ല: മുഖ്യമന്ത്രി

Posted on: July 24, 2014 12:57 am | Last updated: July 23, 2014 at 11:57 pm

തിരുവനന്തപുരം: വിദേശയാത്ര നടത്തുന്ന കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ തിരിച്ചെത്തിയാല്‍ മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരോക്ഷമായി സ്ഥിരീകരിച്ചു. സുധീരന്‍ വന്നാല്‍ ചര്‍ച്ചകള്‍ തുടങ്ങുമോയെന്ന ചോദ്യത്തില്‍ യാഥാര്‍ഥ്യമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍, ഡല്‍ഹിയാത്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്കല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ക്ക് ഒരടിസ്ഥാനവുമില്ല. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പുനഃസംഘടനയെ കുറിച്ച് പാര്‍ട്ടിയോ യു ഡി എഫോ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് വി എം സുധീരനും വ്യക്തമാക്കിയിട്ടുണ്ട്. അത് തന്നെയാണ് താനും പറഞ്ഞത്. വി എം സുധീരനും രമേശ് ചെന്നിത്തലയും അടക്കം പാര്‍ട്ടിയിലെ മറ്റു നേതാക്കളുമായും അതിനുശേഷം യു ഡി എഫിലും ചര്‍ച്ച ചെയ്ത ശേഷമേ ഡല്‍ഹിയില്‍ ചര്‍ച്ച നടക്കു. പുനഃസംഘടനാ ചര്‍ച്ചകള്‍ക്കാണെങ്കില്‍ അതിനു മാത്രമായി ഡല്‍ഹിയില്‍ പോകും. മാധ്യമങ്ങള്‍ എത്ര ആഘോഷിച്ചാലും ഇതിന്റെ പേരില്‍ കോണ്‍ഗ്രസിലും യു ഡി എഫിലും ഒരു അപശബ്ദവും ഉണ്ടാകില്ല. വരുന്ന വാര്‍ത്തകളുടെ ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്ക് മാത്രമായിരിക്കും. തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭയില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് താന്‍ പറഞ്ഞിട്ടുള്ളത്. അത്തരം കാര്യങ്ങള്‍ ഉചിതമായ സമയത്ത് നടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.