Connect with us

Palakkad

ഉന്നത വിദ്യാഭ്യാസ രംഗത്ത് സൗകര്യം ലഭ്യമാക്കുക എന്നത് വെല്ലുവിളി: മുഖ്യമന്ത്രി

Published

|

Last Updated

പാലക്കാട്: കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മേഴ്‌സി കോളേജിന്റെ സുവര്‍ണ്ണ ജൂബിലി കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സാക്ഷരതയിലും പൊതുവിദ്യാഭ്യസരംഗത്തും നാം കൈവരിച്ച നേട്ടം ഉന്നത വിദ്യാഭ്യാസരംഗത്ത് നമുക്ക് നേടാന്‍ കഴിഞ്ഞില്ല. ഇതിന് ഉത്തരവാദി സ്ഥാപനങ്ങള്‍ മാത്രമാണെന്നും കരുതാന്‍ വയ്യ.
ഇവിടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുറവായതിനാല്‍ പലരും അന്യസംസ്ഥാനങ്ങളെയും രാജ്യങ്ങളെയും ആശ്രയിക്കുന്നു. ഉന്നത വിദ്യാഭ്യാസരംഗത്ത് സൗകര്യം ലഭ്യമാക്കുക എന്നത് സര്‍ക്കാരിന് ഒരു വെല്ലുവിളിയാണ്. ലോകത്ത് ഏറ്റവും ഉയര്‍ന്ന നിലവാരമുളള മനുഷ്യസമ്പത്ത് കേരളത്തിലാണ്. അത് ഇവിടെത്തന്നെ പരമാവധി ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയണം.
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂട്ടിലടച്ച തത്തയെപ്പോലെയാണ്.അവയ്ക്ക് വളരാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കണം.
അത് വഴി മൂല്യമുളള വിദ്യാഭ്യാസവും സ്ഥാപനങ്ങളും ഉണ്ടാവണം. ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാന്‍ തീരുമാനിച്ചത്.
ഇത് വിജയകരമായി കണ്ടാല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവേഷണവകുപ്പുകളും ലാബുകളുമടങ്ങുന്ന സമുച്ചയത്തിനാണ് മുഖ്യമന്ത്രി തറക്കല്ലിട്ടത്. സുവര്‍ണ്ണ ജൂബിലി സ്മരണികഓറിയസ്പ്രകാശനവും ഈ വര്‍ഷം ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിഗ്രി കോഴ്‌സിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
ഷാഫി പറമ്പില്‍ എം എല്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് സര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ വി വി ജോര്‍ജ്ജ് കുട്ടി മുഖ്യപ്ര”ാഷണം നടത്തി. സി വി ബാലചന്ദ്രന്‍, കെ എ ചന്ദ്രന്‍, പി ആര്‍. മോഹന്‍ദാസ് പ്രസംഗിച്ചു.
മാനേജര്‍ സിസ്റ്റര്‍ ഫിന്‍ബര്‍ഗ് മുഖ്യമന്ത്രിയെ ഉപഹാരം നല്‍കി ആദരിച്ചു. പ്രിന്‍സിപ്പല്‍ ഡോ സി ആലീസ് തോമസ് സ്വാഗതവും ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ ജോബി വി ചുങ്കത്ത് നന്ദിയും പറഞ്ഞു.