Connect with us

Malappuram

പോലീസിനെ തടഞ്ഞ് മണല്‍ കടത്തിയ കേസില്‍ രണ്ട് പ്രതികള്‍ കീഴടങ്ങി

Published

|

Last Updated

മഞ്ചേരി: പോലീസിനെ തടഞ്ഞ് മണല്‍ വാഹനം കടത്തിക്കൊണ്ടു പോയിയെന്ന കേസില്‍ ഒളിവിലായിരുന്ന രണ്ട്, മൂന്ന് പ്രതികള്‍ മഞ്ചേരി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
ആനക്കയം പാപ്പാടന്‍ മുഹമ്മദ് ആഷിഖ് (18), ആനക്കയം ചിറ്റത്തുപാറ കൂരിമണ്ണില്‍ കല്‍ക്കുന്നുമ്മല്‍ മുഹമ്മദ് സുഹൈല്‍ (20) എന്നിവരാണ് എസ് ഐ രാധാകൃഷ്ണന് മുന്നില്‍ കീഴടങ്ങിയത്.
ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞമാസം 27ന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. 2014 ഏപ്രില്‍ 12ന് രാത്രി 11.45ന് പെരിമ്പലം പള്ളിപ്പടി പുഴക്കടവിലാണ് സംഭവം. കടലുണ്ടി പുഴയില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ച് തടയാനെത്തിയതായിരുന്നു മഞ്ചേരി എസ് ഐ സി കെ നാസറും സംഘവും.
ബൈക്കിലെത്തിയ നാലു പ്രതികള്‍ പോലീസ് ജീപ്പിനു മുന്നില്‍ വിലങ്ങിട്ട് മണല്‍ കടത്തുന്ന ടാറ്റാ സുമൊയുമായി രക്ഷപ്പെടുകയായിരുന്നു.
ആനക്കയം ചിറ്റത്തുപാറ കൂരിമണ്ണില്‍ കഴക്കുന്നുമ്മല്‍ ബുഷൈര്‍ (25)ആണ് കേസിലെ ഒന്നാം പ്രതി. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ഒന്നാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി സെഷന്‍സ് കോടതിയും ഹൈക്കോടതിയും നിരസിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മഞ്ചേരി സ്റ്റേഷനില്‍ ഹാജരായ ബുഷൈറിനെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
മണല്‍ കടത്തിയ ടാറ്റാസുമൊയും പ്രതികള്‍ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Latest